മോദിയെ ‘വലിയ മനുഷ്യൻ’ എന്ന് പുകഴ്ത്തി ട്രംപ്; അടുത്ത വർഷം ഇന്ത്യ സന്ദർശിക്കുമെന്ന് സൂചന

Wait 5 sec.

വാഷിംഗ്ടൺ | പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നരേന്ദ്ര മോദി ‘വലിയ മനുഷ്യൻ’ ആണെന്നും ‘സുഹൃത്ത്’ ആണെന്നും ട്രംപ് പറഞ്ഞു. ഇന്ത്യ – യുഎസ് വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി അടുത്ത വർഷം ഇന്ത്യ സന്ദർശിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം സൂചന നൽകി. ശരീരഭാരം കുറയ്ക്കുന്നതിനുള്ള മരുന്നുകളുടെ വില കുറയ്ക്കുന്നതിനുള്ള പുതിയ കരാർ പ്രഖ്യാപിച്ചതിന് ശേഷം വൈറ്റ് ഹൗസിൽ വാർത്താലേഖകരോട് സംസാരിക്കവെയാണ് പ്രധാനമന്ത്രി മോദിയുമായുള്ള ചർച്ചകൾ മികച്ച രീതിയിൽ മുന്നോട്ട് പോകുന്നതായി ട്രംപ് പറഞ്ഞത്.“അദ്ദേഹം (പ്രധാനമന്ത്രി മോദി) റഷ്യയിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നത് വലിയ തോതിൽ നിർത്തി. അദ്ദേഹം എന്റെ സുഹൃത്താണ്, ഞങ്ങൾ സംസാരിക്കാറുണ്ട്. ഞാൻ അവിടെ പോകാൻ അദ്ദേഹം ആഗ്രഹിക്കുന്നു. പ്രധാനമന്ത്രി മോദി ഒരു വലിയ മനുഷ്യനാണ്, ഞാൻ അവിടെ പോകുകതന്നെ ചെയ്യും” – ട്രംപ് പറഞ്ഞു. അടുത്ത വർഷം ഇന്ത്യ സന്ദർശിക്കാൻ പദ്ധതിയുണ്ടോ എന്ന ചോദ്യത്തിന് ‘അങ്ങനെയാകാം, ഉണ്ട്’ എന്ന് അദ്ദേഹം മറുപടി നൽകി.റഷ്യൻ എണ്ണയുടെ തുടർച്ചയായ വാങ്ങലുകൾക്ക് ഇന്ത്യയുടെ മേൽ 25 ശതമാനം അധിക ഡ്യൂട്ടി ഉൾപ്പെടെ 50 ശതമാനം തീരുവ ചുമത്താനുള്ള വാഷിംഗ്ടണിന്റെ തീരുമാനത്തെത്തുടർന്ന് ഇന്ത്യയും യു എസും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന വ്യാപാര ചർച്ചകൾക്കിടയിലാണ് ട്രംപിന്റെ ഈ പരാമർശങ്ങൾ. വാഷിംഗ്ടൺ ഉയർന്ന തീരുവ ചുമത്തിയതിനെത്തുടർന്ന് ഈ വർഷാവസാനം നടക്കാനിരുന്ന ക്വാഡ് ഉച്ചകോടിക്ക് ഇന്ത്യയിൽ എത്താൻ ട്രംപിന് ഇനി ഉദ്ദേശ്യമില്ലെന്ന് ‘ദി ന്യൂയോർക്ക് ടൈംസ്’ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. പ്രസിഡന്റിന്റെ ഷെഡ്യൂളുമായി ബന്ധമുള്ള വൃത്തങ്ങളെ ഉദ്ധരിച്ചായിരുന്നു റിപ്പോർട്ട്.