അഴീക്കല്‍; വടക്കന്‍ കേരളത്തിന്റെ സമുദ്രകവാടം

Wait 5 sec.

മുഖച്ഛായ മാറാന്‍ ഒരുങ്ങുകയാണ് കണ്ണൂര്‍ അഴീക്കല്‍ തുറമുഖം. തുറമുഖ വികസനത്തിന് മലബാര്‍ ഇന്റര്‍നാഷനല്‍ പോര്‍ട്ട് സമര്‍പ്പിച്ച വിശദ പദ്ധതി റിപോര്‍ട്ടിന് ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിക്കഴിഞ്ഞു. 2026ല്‍ നിര്‍മാണം ആരംഭിച്ച് 2031ല്‍ പൂര്‍ത്തീകരിക്കും വിധമാണ് പദ്ധതിയുടെ രൂപകല്‍പ്പന. വലിയ കപ്പലുകള്‍ക്ക് നങ്കൂരമിടാനാകുന്ന തരത്തില്‍ 14 മീറ്ററായിരിക്കും ചാനലുകളുടെ ആഴം. മൂന്നര കിലോമീറ്റര്‍ പുലിമുട്ട്, അര കിലോമീറ്റര്‍ ബര്‍ത്ത് തുടങ്ങി അനുബന്ധ സൗകര്യങ്ങളും വര്‍ധിപ്പിക്കും.വികസനത്തിലേക്ക് കുതിക്കാന്‍ ഒരുങ്ങുന്ന ഈ കടല്‍ തീരം നിശബ്ദമായൊരു കടല്‍ പാതയായിരുന്നു മുന്‍ കാലത്തും. പതിനെട്ട്, പത്തൊമ്പത് നൂറ്റാണ്ടുകളില്‍ ‘ബലപട്ടണം പോര്‍ട്ട്’ എന്ന പേരിലായിരുന്നു ഇതറിയപ്പെട്ടിരുന്നത്. അന്ന് അന്താരാഷ്ട്ര വ്യാപാരത്തിന്റെ കവാടങ്ങളിലൊന്നായിരുന്ന ഈ തീരത്ത്് അറേബ്യന്‍ വ്യാപാരികളുടെയും യൂറോപ്യന്‍ മിഷനറിമാരുടെയും കപ്പലുകല്‍ നങ്കൂരമിട്ടിരുന്നതായി രേഖകള്‍ പറയുന്നു. ബ്രിട്ടീഷ് ഭരണ കാലത്ത് മുംബൈ ആസ്ഥാനമായ റൗണ്ട് ദ കോസ്റ്റ് കമ്പനിയുടെ കപ്പല്‍ സര്‍വീസ് നടത്തിയിരുന്നു ഇവിടെ. വളപ്പട്ടണത്തെ വെസ്റ്റേണ്‍ ഇന്ത്യ കമ്പനിയുടെ ഹാര്‍ഡ് ബോര്‍ഡ് ഉത്പന്നങ്ങള്‍ കയറ്റി അയച്ചിരുന്നതും കൊച്ചിയില്‍ നിന്ന് കണ്ണൂരിലെ വ്യാപാരികള്‍ ടൈല്‍സ്, മാര്‍ബിള്‍ തുടങ്ങിയ ഉത്പന്നങ്ങള്‍ കൊണ്ടുവന്നിരുന്നതും ഈ കപ്പലിലായിരുന്നു. ബ്രിട്ടീഷ് ഭരണത്തിന്റെ അവസാനത്തിലാണ് ഈ കപ്പല്‍ സര്‍വീസ് നിലച്ചതും തുറമുഖത്തിന്റെ പ്രൗഢിക്ക് മങ്ങലേറ്റതും.സ്വാതന്ത്ര്യാനന്തരം അഴീക്കല്‍ തുറമുഖ വികസനത്തിന് പദ്ധതികള്‍ പലതും പ്രഖ്യാപിക്കപ്പെട്ടു. 2017 ആഗസ്റ്റില്‍ മുഖ്യമന്ത്രി പിണറായിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തുറമുഖ വികസനത്തിന് 100 കോടി മൂലധനമുള്ള പ്രത്യേക കമ്പനി രൂപവത്കരിക്കാനും ആദ്യഘട്ട വികസനം 2020ലും രണ്ടാം ഘട്ട വികസനം 2021 ജൂണിലും പൂര്‍ത്തീകരിക്കാനും തീരുമാനിച്ചിരുന്നു. എല്ലാം ഫയലില്‍ ഒതുങ്ങി. കൊവിഡിനു ശേഷം അഴീക്കല്‍ വികസനം യാഥാര്‍ഥ്യമാക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കി. കേരള മാരിടൈം ബോര്‍ഡ് സ്വന്തമായി രണ്ട് കപ്പലുകള്‍ വാങ്ങി ഗതാഗതം പുനഃസ്ഥാപിക്കുമെന്നും കപ്പല്‍ ചാനലിന് നിലവിലുള്ള മൂന്ന് മീറ്റര്‍ ആഴം നാല് മീറ്ററായി വര്‍ധിപ്പിക്കുകയും ചരക്ക് കണ്ടെയ്‌നറുകള്‍ സൂക്ഷിക്കുന്നതിന് ആവശ്യമായ വെയര്‍ഹൗസ് സ്ഥാപിക്കുകയും ചെയ്യുമെന്നായിരുന്നു അന്നത്തെ വാഗ്ദാനം. അതും നടന്നില്ല. കഴിഞ്ഞ ജൂണില്‍ സിംഗപ്പൂരിന്റെ ‘വാന്‍ഹായ് 503’ കപ്പല്‍ ദുരന്തത്തില്‍പ്പെട്ടത് അഴിമുഖം തുറമുഖത്തിന് 44 നോട്ടിക്കല്‍ മൈല്‍ അകലെയാണ്. എന്നിട്ടും രക്ഷാപ്രവര്‍ത്തനത്തിനുള്ള സജ്ജീകരണങ്ങള്‍ എത്തിച്ചത് 88 നോട്ടിക്കല്‍ മൈല്‍ അകലെയുള്ള ബേപ്പൂര്‍ തുറമുഖത്ത് നിന്നും അതിനേക്കാള്‍ ദൂരക്കൂടുതലുള്ള മംഗളൂരു തുറമുഖത്ത് നിന്നുമായിരുന്നുവെന്നത് അഴീക്കല്‍ തുറമുഖത്തിന്റെ പരിമിതിയും പരാധീനതകളും തുറന്നു കാട്ടുന്നു.ആഴക്കുറവ്, അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതി, ഗതാഗത സൗകര്യക്കുറവ്, വിപണി പരിമിതി, പരിസ്ഥിതി വെല്ലുവിളി തുടങ്ങിയ പ്രശ്നങ്ങളാണ് അഴീക്കല്‍ തുറമുഖത്തിന്റെ വളര്‍ച്ചക്ക് പ്രധാന തടസ്സങ്ങള്‍. നിലവില്‍ കപ്പല്‍ ചാനലുകളുടെ ആഴം മൂന്ന്-മൂന്നര മീറ്റര്‍ വരെയാണ്. വലിയ ചരക്ക് കപ്പലുകള്‍ക്ക് നങ്കൂരമിടാന്‍ പര്യാപ്തമല്ല ഈ ആഴം. ചരക്ക് ടെര്‍മിനല്‍, ഗോഡൗണ്‍, കണ്ടെയ്നര്‍ ഹാന്‍ഡിംഗ് സൗകര്യം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും കുറവാണ്. കപ്പലുകള്‍ക്ക് ആവശ്യമായ ചരക്കുകളുടെ ലഭ്യതക്കുറവാണ് മറ്റൊരു പ്രശ്നം. വളപ്പട്ടണം പുഴയും അറേബ്യന്‍ സമുദ്രവും ചേര്‍ന്ന പ്രദേശത്താണ് തുറമുഖമെന്നതിനാല്‍ മണല്‍ചലനം, തീരമാറ്റം, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതി പ്രതിഭാസങ്ങള്‍ക്കും സാധ്യതയുമുണ്ട്. തുറമുഖ വികസന പ്രവര്‍ത്തനങ്ങള്‍ നദിയിലെ ജൈവ വൈവിധ്യത്തെയും മത്സ്യ വംശങ്ങളെയും ബാധിക്കാനും സാധ്യത ചൂണ്ടിക്കാണിക്കപ്പെടുന്നു.കേരളത്തിന്റെ സമുദ്രവികസന പദ്ധതികളില്‍ പ്രാധാന്യമര്‍ഹിക്കുന്നതാണ് വളപ്പട്ടണം നദിയും അറേബ്യന്‍ സമുദ്രവും കൈകോര്‍ക്കുന്ന അഴീക്കല്‍. മംഗളൂരു- ബേപ്പൂര്‍ തുറമുഖങ്ങള്‍ക്കിടയില്‍ വലിയ കപ്പലുകള്‍ക്ക് അനുകൂലമായ തുറമുഖമില്ലാത്ത സാഹചര്യത്തില്‍ ഈ ഭൗമ മേഖലയിലെ ഏക തുറമുഖവും കേരളത്തിന്റെ വടക്കന്‍ സമുദ്ര വാണിജ്യ വികസനത്തിന്റെ ഗേറ്റ്‌വേയും കൂടിയാണിത്. വികസനം യാഥാര്‍ഥ്യമായാല്‍ വടക്കന്‍ കേരളത്തിന്റെ സാമ്പത്തിക ഭാവിക്ക് ഒരു മുതല്‍ക്കൂട്ടായി മാറുകയും ചെയ്യും സംസ്ഥാന സര്‍ക്കാറിന്റെ മൈനര്‍ പോര്‍ട്ട് നവീകരണ പദ്ധതിയില്‍ ഉള്‍പ്പെട്ട അഴീക്കല്‍ തുറമുഖമെന്നാണ് പ്രതീക്ഷ. കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലെ കാര്‍ഷിക-വ്യാവസായിക ഉത്പന്നങ്ങള്‍ സമുദ്രപാതകളിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കെത്തിക്കാനും തുറമുഖം വഴിയൊരുക്കും. വടക്കന്‍ കേരളത്തിന്റെ തൊഴില്‍ മേഖലക്കും ഉണര്‍വേകും. ചരക്ക് കൈകാര്യം, ഹാര്‍ബര്‍ സേവനങ്ങള്‍, ഗതാഗതം, മെക്കാനിക്കല്‍ ജോലികള്‍, ചെറുകിട ബിസിനസ്സുകള്‍ തുടങ്ങിയവയിലൂടെ നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് ജീവിതോപാധി ലഭ്യമാകും. റോഡ് ഗതാഗതം കുറക്കാനും അതുവഴി ഗതാഗതക്കുരുക്ക് ഗണ്യമായി കുറയാനും സഹായകമാണ് തുറമുഖ വികസനം. ബേപ്പൂര്‍ തുടങ്ങി ചെറുകിട തുറമുഖങ്ങളുമായി ബന്ധിപ്പിച്ച് ക്രൂസ് സര്‍വീസ് തുടങ്ങുന്ന കാര്യവും പരിഗണിക്കാവുന്നതാണ്.നദി- കടല്‍ സംഗമ സ്ഥാനമായതിനാല്‍ പരിസ്ഥിതി സന്തുലിതാവസ്ഥ പാലിച്ചായിരിക്കണം വികസനം നടപ്പാക്കേണ്ടത്. നദിയിലെ ജലപ്രവാഹം, തീരസംരക്ഷണം, മത്സ്യങ്ങളുടെ ആവാസ വ്യവസ്ഥ തുടങ്ങിയവ പരിഗണിക്കപ്പെടാതെയുള്ള വികസനം ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ക്കിടയാക്കിയേക്കും. തുറമുഖ വികസനത്തെ തുടര്‍ന്ന് മത്സ്യബന്ധന സമൂഹങ്ങളുടെ സ്ഥലംമാറ്റം അനിവാര്യമായതിനാല്‍ പുനരധിവാസം ഉള്‍പ്പെടെ അവര്‍ക്ക് നീതിയും സംരക്ഷണവും ഉറപ്പാക്കാനുള്ള നടപടികളും ആവശ്യമാണ്.