ഒരു കോടി തൈകൾ നട്ടുപിടിപ്പിച്ചതിന്റെ സംസ്ഥാനതല പ്രഖ്യാപനം സംഘടിപ്പിച്ചു

Wait 5 sec.

ക്യാമ്പയിനിലൂടെ ഒരു കോടി തൈകൾ നട്ടുപിടിപ്പിച്ചതിന്റെ പ്രഖ്യാപനം തൃശൂർ ടൗൺ ഹാളിൽ  റവന്യൂ മന്ത്രി കെ. രാജൻ നിർവഹിച്ചു. നവകേരളത്തിലേക്കുള്ള യാത്രയിൽ ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് സംഘടിപ്പിച്ച ഒരു തൈ നടാം ജനകീയ വൃക്ഷവൽക്കരണ ക്യാമ്പയിൻ അഭിമാനകരമായ നേട്ടമാണെന്ന് മന്ത്രി പറഞ്ഞു.ക്യാമ്പയിനിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളേയും ഉൾപ്പെടുത്തിയതിനാൽ വിദ്യാർത്ഥികളെ നമ്മുടെ നാടിനെ സംരക്ഷിക്കാനുള്ള സംസ്‌കാരത്തിന്റെ കാവൽക്കാരായി മാറ്റാൻ കഴിഞ്ഞു. പ്രകൃതി പുനസ്ഥാപനത്തിനും വൃക്ഷവൽക്കരണത്തിനും നാമേവരും ജാഗ്രത പുലർത്തണം എന്ന സന്ദേശം മുന്നോട്ടുവയ്ക്കാനും ഒരു തൈ നടാം ക്യാമ്പയിനു കഴിഞ്ഞതായി മന്ത്രി അഭിപ്രായപ്പെട്ടു.ക്യാമ്പയിനിൽ നേതൃപരമായി പങ്കുവഹിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ഹരിതകർമസേന, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ, ജനപ്രതിനിധികൾ, ദേശീയ സമ്പാദ്യ പദ്ധതി വകുപ്പ്, സോഷ്യൽ ഫോറസ്ട്രി, വിവിധ വകുപ്പുകൾ, ഏജൻസികൾ എന്നിവരെ മന്ത്രി അഭിനന്ദിച്ചു. നട്ട തൈകളെ പരിപാലിക്കാനുള്ള സംവിധാനം ഏർപ്പെടുത്തിയത് ശ്രദ്ധേയമായെന്നും മന്ത്രി പറഞ്ഞു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻസ് ജില്ലാ സെക്രട്ടറി കെ.ആർ. രവി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹരിതകേരളം മിഷൻ അസി. കോർഡിനേറ്റർ ഹരിപ്രിയാ ദേവി റിപ്പോർട്ട് അവതരിപ്പിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മിഷൻ ഡയറക്ടർ രഞ്ജിത് ഡി ക്യാമ്പയിൻ വീഡിയോ പ്രകാശനം നടത്തി. ചടങ്ങിൽ കെ.എഫ്.ആർ.ഐ ഡയറക്ടർ കണ്ണൻ സി.എസ്. വാര്യർ, സംസ്ഥാന ഔഷധസസ്യ ബോർഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും ഔഷധി മാനേജിംഗ് ഡയറക്ടറുമായ ഹൃതിക് ഡി.കെ., തൃശൂർ ഫോറസ്ട്രി ഡിവിഷൻ അസി. കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ടി.കെ. മനോജ്, കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഷെർളി, നവകേരളം കർമപദ്ധതി സംസ്ഥാന അസി. കോർഡിനേറ്റർ ടി. പി. സുധാകരൻ, തൃശൂർ ജില്ലാ കോർഡിനേറ്റർ ദിദിക സി. എന്നിവർ സംസാരിച്ചു.