ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഒരു നായയുടെ വായയില്‍ കുടുങ്ങിയ എല്ല് എടുത്തുമാറ്റി അതിനെ രക്ഷപ്പെടുത്തിയ സഹോദരിയുടെ വീഡിയോ വൈറലായിരുന്നു. എന്നാല്‍ അതിന്റെ കമന്റുകളില്‍ ആവര്‍ത്തിച്ചു വന്നത്, ‘നായ ഹറാമാണ് എന്ന ഇസ്‌ലാമിക നിയമത്തെ തള്ളിക്കളഞ്ഞ് നായയെ രക്ഷപ്പെടുത്തിയ സഹോദരിക്ക് അഭിനന്ദനങ്ങള്‍’ എന്നതായിരുന്നു. കഴിഞ്ഞ ദിവസം സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടിക്കുള്ള അവാര്‍ഡ് ലഭിച്ച സിനിമയുടെ ഉള്ളടക്കത്തെ കുറിച്ചുള്ള കുറിപ്പുകളിലും കണ്ടു ഇതേ പരാമര്‍ശം, ‘നായ ഹറാമാണ്’.യഥാര്‍ഥത്തില്‍ നായ, കണ്ടാലുടന്‍ കൊല്ലാന്‍ കല്‍പ്പനയുള്ള ഒരു നികൃഷ്ട ജീവിയാണോ. ഒരു കരുണയും അത് അര്‍ഹിക്കുന്നില്ലേ? പലരും പ്രചരിപ്പിക്കുന്ന പോലെ ഏകപക്ഷീയമായി നായയെ കൊല്ലാന്‍ ഇസ്ലാം അനുവദിച്ചിട്ടില്ല. പകരം അത് വിലക്കുകയാണ് ചെയ്തത്. നായകളെ കൊണ്ടുള്ള ശല്യം അസഹ്യമായ സമയത്ത് അവയെ ഒന്നടങ്കം കൊല്ലാമെന്ന് സ്വഹാബികളില്‍ ചിലര്‍ അഭിപ്രായപ്പെട്ടു. അതിന് അനുമതി നിഷേധിച്ച നബി(സ), ആവശ്യമെങ്കില്‍ ഉപദ്രവകാരികളെ മാത്രം കൊന്നോളൂ എന്നാണ് നിലപാടെടുത്തത്. ഈ കാര്യം പരാമര്‍ശിക്കുന്ന ഹദീസ് ഇമാം ബുഖാരിയും ഇമാം മുസ്‌ലിമും ഉദ്ധരിച്ചിട്ടുണ്ട്.നായയുടെ ദാഹം ശമിപ്പിച്ച കാരണത്താല്‍ സ്വര്‍ഗാവകാശിയായ വ്യക്തിയുടെ സംഭവം പ്രസിദ്ധമാണല്ലോ. അബൂഹുറൈറ(റ)വിന്റെ ഈ ഹദീസ് ഇമാം ബുഖാരി(റ) തന്നെയാണ് ഉദ്ധരിച്ചിരിക്കുന്നത്. നബി(സ) പറഞ്ഞു: ‘ദാഹിച്ചുവലഞ്ഞ ഒരാള്‍ വഴിയിലൂടെ നടന്നുപോകവേ ഒരു കിണര്‍ കണ്ടു. അതിലിറങ്ങി വെള്ളം കുടിച്ചു. പുറത്തുവന്നപ്പോള്‍ ഒരു നായ ദാഹാധിക്യത്താല്‍ നനഞ്ഞ മണ്ണ് തിന്നുന്നത് ശ്രദ്ധയില്‍പെട്ടു. ‘ഈ നായക്ക് എനിക്കുണ്ടായിരുന്നത് പോലെ കഠിനമായ ദാഹമുണ്ട്’ എന്ന് ആത്മഗതം ചെയ്ത് അദ്ദേഹം കിണറ്റിലിറങ്ങി. കൈയില്‍ പാത്രങ്ങളൊന്നും ഇല്ലാത്തതിനാല്‍ തന്റെ ഷൂവില്‍ വെള്ളം നിറച്ച് വായകൊണ്ട് കടിച്ചുപിടിച്ച് കരക്കുകയറി നായയെ കുടിപ്പിച്ചു. ഇതിന്റെ പേരില്‍ അല്ലാഹു അയാള്‍ക്ക് പൊറുത്തു കൊടുത്തു.’ ഇതുകേട്ട് സ്വഹാബികള്‍ ചോദിച്ചു, മൃഗങ്ങളുടെ കാര്യത്തിലും പ്രതിഫലമുണ്ടോ? നബി(സ) പറഞ്ഞു, പച്ചക്കരളുള്ള എല്ലാത്തിന്റെ കാര്യത്തിലും നിങ്ങള്‍ക്ക് പ്രതിഫലമുണ്ട്. കുഷ്ഠരോഗം ബാധിച്ച നായയെ എല്ലാവരും ആട്ടിയോടിക്കുന്നത് കണ്ടപ്പോള്‍ അതിനെ വിജനമായ സ്ഥലത്തെത്തിച്ച് 40 ദിവസം മരുന്നും ഭക്ഷണവും നല്‍കി ശുശ്രൂഷിച്ച ശൈഖ് രിഫാഈ(റ)വിന്റെ ചരിത്രവും ബാക്കിയാക്കുന്നത് ഇതേ പാഠമാണ്. ഇസ്‌ലാമിക സമൂഹത്തില്‍ അദ്ദേഹത്തിനുള്ള സ്ഥാനവും പദവിയും കൂടി ആലോചിക്കുമ്പോഴേ ഈ മാതൃകയുടെ കനം മനസ്സിലാക്കാനാകുകയുള്ളൂ. പിന്നെ എന്താണ് നായയുടെ വിഷയത്തില്‍ ഇസ്‌ലാമിനെ പ്രതിചേര്‍ക്കാനുള്ള കാരണം? മാലിന്യങ്ങളുമായി ഇടപഴകുന്നതിലും അത് വൃത്തിയാക്കുന്നതിലും ഇസ്‌ലാമിന് കൃത്യമായ നിയമങ്ങളും നിലപാടുകളുമുണ്ട്. മാലിന്യങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും ഗൗരവമുള്ളതാണ് നായയും പന്നിയും എന്നാണ് മതനിയമം. നിസ്‌കാരം ഉള്‍പ്പെടെയുള്ള പല ആരാധനകളും ശരിയാകണമെങ്കില്‍ ഈ മാലിന്യങ്ങളില്‍ നിന്നെല്ലാം വൃത്തിയാകണം. ഗൗരവമേറിയ മാലിന്യമായതിനാല്‍ നായയും പന്നിയും സ്പര്‍ശിച്ചതിനെ വൃത്തിയാക്കാന്‍ ഏഴ് തവണ കഴുകണമെന്നും അതില്‍ ഒന്ന് മണ്ണ് കലക്കിയ വെള്ളമായിരിക്കണമെന്നും കര്‍മശാസ്ത്ര ഗ്രന്ഥങ്ങള്‍ പഠിപ്പിക്കുന്നുണ്ട്. സ്വാഭാവികമായും നായയുമായുള്ള സഹവാസത്തെയും വീടുകളിലും മറ്റുമുള്ള അതിന്റെ സൈ്വരവിഹാരത്തെയും ഇസ്‌ലാം നിയന്ത്രിക്കുന്നുണ്ട്. അല്ലാതെ നായയോടുള്ള യുദ്ധപ്രഖ്യാപനമൊന്നും ഇസ്‌ലാമിലില്ല. നായയോട് സഹവാസം പുലര്‍ത്തുന്നത് മനുഷ്യന്റെ ആരോഗ്യത്തിനും ജീവനും അപകടങ്ങള്‍ വരുത്തുമെന്ന പഠനങ്ങള്‍ ശ്രദ്ധിച്ചവര്‍ക്ക് ഈ നിയമത്തിന്റെ സാംഗത്യം ബോധ്യപ്പെടാന്‍ പ്രയാസമുണ്ടാകില്ല.നായയെ വളര്‍ത്താമോ എന്നതാണ് മറ്റൊരു കാര്യം. മൂന്ന് കാര്യങ്ങള്‍ക്കായി നായയെ വളര്‍ത്താന്‍ അനുവാദമുണ്ട്. വന്യജീവികളില്‍ നിന്ന് കന്നുകാലികളെ സംരക്ഷിക്കാന്‍, കൃഷി സംരക്ഷിക്കാന്‍, വേട്ടക്ക് വേണ്ടി എന്നിവയാണത്. നായക്ക് യാതൊരു കുഴപ്പവുമില്ലെന്നും അതൊരു വളര്‍ത്തുമൃഗം മാത്രമാണെന്നും കരുതി വീടുകളില്‍ നായയെ വളര്‍ത്തുന്ന ചിലരുണ്ട്. തോളിലേറ്റാനും വീട്ടിനുള്ളില്‍ അവയെ തുറന്നുവിടാനും അവര്‍ മടി കാണിക്കാറില്ല. ഇത് തെറ്റാണ്. മാലിന്യവുമായുള്ള ഇടപഴകല്‍ ഈ ശീലം വിളിച്ചുവരുത്തുമെന്ന് മുകളിലെ വിശദീകരണത്തില്‍ നിന്ന് വ്യക്തമാകുന്നുണ്ട്. ചുരുക്കത്തില്‍ ഫെമിനിച്ചിയെ ആരോ പറ്റിച്ചതാണ്. നായ ഒരു നികൃഷ്ട ജീവിയല്ല. ചില നിയമങ്ങളും നിയന്ത്രണങ്ങളുമുണ്ട് എന്നല്ലാതെ കരുണ അര്‍ഹിക്കുന്ന ഒരു ജീവി തന്നെയാണ്.