തുടർക്കഥയായി ബിജെപി കൗൺസിലർമാരുടെ വായ്പ തട്ടിപ്പ്. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസവും ബിജെപി കൗൺസിലർ കോടികളുടെ വായ്പയെടുത്ത് തിരിച്ചടച്ചില്ലെന്ന പരാതി ഉയർന്നു. തിരുമല കൗൺസിലർ തിരുമല അനിലിന്റെ ആത്മഹത്യയ്ക്ക് പിന്നിലും ബിജെപി കൗൺസിലർമാർ എടുത്ത വായ്പ തിരിച്ചടക്കാത്തതായിരുന്നു. പിന്നാലെയാണ് ചെമ്പഴന്തി വാർഡ് കൗൺസിലറായ ബിജെപി നേതാവ് ഉദയനെതിരെയും പരാതി ഉയർന്നത്. കൗൺസിലർമാർക്കെതിരെ അഴിമതികളുടെ കൂമ്പാരമാകുമ്പോഴും മൗനം തുടരുകയാണ് ബിജെപി സംസ്ഥാന നേതൃത്വം.തിരുവനന്തപുരം ജില്ലയിൽ മാത്രം ബിജെപി നേതൃത്വം നൽകുന്ന 11 സ്ഥാപനങ്ങളാണ് നിക്ഷേപകർക്ക് തുക തിരിച്ചു കൊടുക്കാൻ പറ്റാത്ത അവസ്ഥയിൽ തകർന്നുപോയത്. ഇതേ നിലപാടാണ് ബിജെപി നേതാക്കൾ മറ്റ് രാഷ്ട്രീയ ഭരണ സമിതിയിലുള്ള സഹകരണ സംഘത്തിലും സ്വീകരിക്കുന്നത്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കൈരളി ന്യൂസ് പുറത്തു വിട്ട ബിഗ് ബ്രേക്കിങ് വാർത്ത.ചെമ്പ‍ഴന്തി അഗ്രികള്‍ച്ചറല്‍ ഇമ്പ്രൂവ്മെന്‍റ് കോപ്പറേറ്റീവ് സൊസൈറ്റിയില്‍ നിന്ന്, ചെമ്പഴന്തി വാർഡ് കൗൺസിലറായ ഉദയൻരണ്ടര കോടിയുടെ വായ്പ തട്ടിപ്പ് നടത്തിയെന്നാണ് പരാതി. പല വർഷങ്ങളിൽ വിവിധ ആളുകളിലൂടെ 2 കോടി മുപ്പത് ലക്ഷത്തി അൻപതിനായിരത്തി എഴുപത്തി ഒന്ന് രൂപ വായ്പയെടുത്തെന്നും ഇതുവരെ തിരിച്ചടച്ചിട്ടില്ലെന്നുമാണ് സഹകരണ സംഘം പ്രസിഡന്റ് ജയകുമാറിന്റെ പരാതി. ഉദയന്റെ ഭാര്യ മക്കൾ ബന്ധുക്കൾ സഹപ്രവർത്തകനായ മറ്റൊരു ബിജെപി നേതാവ് ഉൾപ്പെടെ 8 പേരിലൂടെയാണ് ഇത്രയും തുക വായ്പ എടുത്തത്. 2017 മുതൽ 2021 വരെയുള്ള കാലയളവിലാണ് വായ്പ എടുത്തിട്ടുള്ളതെന്ന് രേഖകളിലും വ്യക്തമാണ്. നിരവധി തവണ ബിജെപി ജില്ലാ പ്രസിഡന്റ് ആയിരുന്ന വി വി രാജേഷിനെയും ജയ കുമാർ ബന്ധപ്പെട്ടിരുന്നുവെങ്കിലും പരിഹാരമുണ്ടായില്ല. അവസാനം ഗത്യന്തരമില്ലാതായപ്പോഴാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം സംഘം പ്രസിഡന്റ് ജയ കുമാറിന് തുറന്നു പറയേണ്ടി വന്നത്. തനിക്ക് നിക്ഷേപകർക്ക് തുക തിരിച്ചു നൽകാൻ കഴിയുന്നില്ലെന്നും ബിജെപി കൗൺസിലറുടെ തിട്ടൂരം കാരണം ആത്മഹത്യ മാത്രമാണ് മുന്നിലുള്ളതെന്നും ജയകുമാർ ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്.ബിജെപി നേതാക്കൾ കാരണം ബിജെപി കൗൺസിലർ ആത്മഹത്യ ചെയ്തിട്ട് പോലും കൃത്യമായ നിലപാടോ നടപടിയോ സ്വീകരിക്കാൻ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. ബിജെപിയുടെ പ്രധാന നേതാക്കളുടെ അഴിമതി പട്ടിക നിരന്തരം പുറത്തുവരുമ്പോഴും, നടപടി എടുക്കാൻ തയ്യാറാകുന്നില്ല എന്നതിനപ്പുറം അവരെ സംരക്ഷിക്കുന്ന നിലപാട് കൂടിയാണ് ജില്ല സംസ്ഥാന നേതൃത്വം തുടരുന്നതെന്നത്, നേതാക്കളുടെ മൗനത്തിൽ നിന്നും പകൽ പോലെ വ്യക്തമായിരിക്കുകയാണ്.The post ബിജെപിയിൽ തട്ടിപ്പും വെട്ടിപ്പും മാത്രം ! കൗൺസിലർ കോടികളുടെ വായ്പയെടുത്തിട്ട് തിരിച്ചടച്ചിട്ടില്ലെന്ന് പരാതി, അഴിമതികളുടെ കൂമ്പാരമാകുമ്പോഴും മൗനം തുടർന്ന് സംസ്ഥാന നേതൃത്വം appeared first on Kairali News | Kairali News Live.