ആരവങ്ങളില്ല മുദ്രാവാക്യങ്ങളുടെ പാദസേവകരോ അനുചരവൃന്ദമോ ഇല്ല സാധാരണക്കാരനായ ഒരു നേതാവ് നടന്നു വരുന്നു. ആന്ധ്രയിൽ നിന്ന് പുറത്തിറങ്ങാൻ പോകുന്ന ഒരു സിനിമയുടെ കൺസെപ്റ്റ് വീഡിയോയിലെ രംഗമാണ് നേരത്തെ പറഞ്ഞത്. ചിത്രം കോമ്രേഡ് ഗുമ്മടി നർസയ്യയുടെ ബയോപിക് ആണ്. ഇടതുപക്ഷ പ്രത്യയശാസ്ത്രത്തിന്റെ പ്രതീകമായ അരിവാളും ചുറ്റികയും ആലേഖനം ചെയ്ത ചുവന്ന പതാക സൈക്കിളിൽ തൂക്കിയിട്ട്. കണ്ണട ധരിച്ച്, ലളിതമായ വെള്ള കുർത്തയും പൈജാമയും, ചുമലിൽ ചുവന്ന സ്കാർഫുമണിഞ്ഞ് ഒരു സൈക്കിളിനൊപ്പം നടന്നുപോകുന്ന നടൻ ശിവരാജ് കുമാറാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്.ആരാണ് കോമ്രേഡ് ഗുമ്മടി നർസയ്യ, ആന്ധ്ര രാഷ്ട്രീയത്തിലെ കരുത്തുറ്റ ശബ്ദവും ജനകീയ നേതാവും. 1983 മുതൽ 1994 വരെയും 1999 മുതൽ 2009 വരെയും ഒന്നിലധികം തവണ യെല്ലാണ്ടു എന്ന നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച നിയമസഭാംഗമായിരുന്നു. അഞ്ച് തവണയാണ് യെല്ലണ്ടുവിനെ പ്രതിനിധീകരിച്ച് ഗുമ്മടി നർസയ്യ നിയമസഭയിലേക്കെത്തിയത്. പ്രജല മനീഷി; നർസയ്യയെ യെല്ലണ്ടുവിലെ ജനങ്ങ‍ൾ വിളിക്കുന്നത് ഇപ്രകാരമാണ്. ജനങ്ങളുടെ മനുഷ്യൻ എന്നാണ് പ്രജല മനീഷി എന്ന വാക്കിന്റെ അർത്ഥം. രാഷ്ട്രീയ എതിരാളികൾ പോലും ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തിത്വം. കർഷകനായ നർസയ്യ രാഷ്ട്രീയത്തിന്റെയും പോരാട്ടത്തിന്റെയും പാതയിലേക്ക് എത്തിയതിനെ പറ്റി മുൻപ് ന്യൂസ് മിനിറ്റിന് നർസയ്യയുടെ കൂടെ പ്രവർത്തിക്കുന്നവർ നൽകിയ അഭിമുഖത്തിൽ പറയുന്നത്പ്രകാരം. 1978 ൽ, വിറകു ശേഖരിക്കാൻ പോയ സമയത്ത് രാമചന്ദ്രയ്യയെ എന്ന മാവോയിസ്റ്റിനെ പൊലീസ് വ്യാജ ഏറ്റുമുട്ടലിലൂടെ വധിക്കുന്നത് നർസയ്യ കാണാൻ ഇടയായി. അതിനു ശേഷമാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. കർഷകർ നേരിടുന്ന പ്രശ്നങ്ങൾ തന്റെ സ്വന്തം പ്രശ്നങ്ങളായി കണ്ട് നർസയ്യ ഇടപെടാൻ ആരംഭിച്ചു. ഇടതുപക്ഷ പ്രത്യയശാസ്ത്ര ചേർത്തുപിടിച്ചുകൊണ്ടായിരുന്നു നർസയ്യയുടെ രാഷ്ട്രീയ ജീവിതം. സിപിഐ എംഎല്ലിന്റെ സ്ഥാനാർത്ഥിയായിരുന്നു നർസയ്യ തെരഞ്ഞെടുപ്പിനെ നേരിട്ടത്.നിയമസഭാ സാമാജികനായിരുന്ന കാലത്ത് തനിക്ക് ലഭിച്ചിരുന്ന മുഴുവൻ ശമ്പളവും അദ്ദേഹം പാർട്ടിക്ക് സംഭാവനയായി നൽകുകയായിരുന്നു. സാധാരണക്കാരനൊപ്പം അവരിലൊരാളയി കൃഷിക്കാരനായിട്ടാണ് നർസയ്യ ജീവിച്ചത്. ശിവരാജ് കുമാറാണ് ചിത്രത്തിൽ ഗുമ്മടി നർസയ്യയുടെ വേഷം അവതരിപ്പിക്കുന്നത്. നടനെന്ന നിലയിൽ ശ്രദ്ധേയനായ പരമേശ്വർ ഹിവ്രാലെ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയും ഗുമ്മിഡി നർസയ്യയക്കുണ്ട്. തെലുങ്ക്, കന്നഡ, തമിഴ്, മലയാളം, ഹിന്ദി എന്നീ അഞ്ച് ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായിട്ടാണ് ചിത്രം എത്തുന്നത്.The post കോമ്രേഡ് ഗുമ്മടി നർസയ്യയുടെ ജീവിതം സിനിമയാകുന്നു; ആരാണ് ശിവരാജ് കുമാർ ചിത്രത്തിലെ ഈ കമ്മ്യൂണിസ്റ്റ് നേതാവ് appeared first on Kairali News | Kairali News Live.