മുംബൈയില്‍ നാലംഗ കുടുബത്തിന്റെ മരണം; കാരണം തണ്ണിമത്തന്‍ അല്ല

Wait 5 sec.

മുംബൈ | മുംബൈയില്‍ നാലംഗ കുടുബം മരിച്ചതിന് കാരണം തണ്ണിമത്തന്‍ കഴിച്ചതു മൂലമുള്ള ഭക്ഷ്യവിഷബാധ അല്ലെന്ന് പ്രാഥമിക റിപ്പോര്‍ട്ട്. എന്നാല്‍, മരിച്ചവരുടെ ആന്തരികാവയവങ്ങളുടെ നിറം മാറ്റം എന്തോ വിഷാംശം ഉള്ളിലെത്തിയതിന്റെ സൂചനയാണെന്നാണ് പ്രാഥമിക ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നത്.വീട്ടില്‍ നിന്നും ശേഖരിച്ച തണ്ണിമത്തന്‍ സാമ്പിളില്‍ കൃത്രിമ കളറോ മധുരമോ ചേര്‍ത്തതായി കണ്ടെത്താന്‍ കഴിച്ചിട്ടില്ലെന്നാണ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ് ഡി എ) റിപ്പോര്‍ട്ട്. ബാക്ടീരിയയുടെയോ മറ്റെന്തെങ്കിലും വിഷവസ്തുക്കളുടെയോ സാന്നിധ്യമുണ്ടോയെന്ന് കൂടുതല്‍ വിശദമായ പരിശോധനകള്‍ നടത്തും.മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് പ്രാഥമിക പരിശോധനയില്‍ വ്യക്തമായിരിക്കുന്നത്.മൊബൈല്‍ ഷോപ്പ് ഉടമ അബ്ദുല്ല ദൊക്കാദിയ (45), ഭാര്യ നസ്രിന്‍ (35), മക്കളായ സൈനബ് (13), ആയിഷ (16) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി ബന്ധുക്കള്‍ക്കൊപ്പം ഭക്ഷണം കഴിച്ച ശേഷം പുലര്‍ച്ചെ ഒരു മണിയോടെയാണ് ഇവര്‍ തണ്ണിമത്തന്‍ കഴിച്ചത്. രാവിലെ അഞ്ച് മണിയോടെ ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ട നാല് പേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ എല്ലാവരും മരിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം ചെയ്തപ്പോള്‍ മസ്തിഷ്‌കം, ഹൃദയം, കുടല്‍ എന്നിവയുള്‍പ്പെടെയുള്ള അവയവങ്ങളിലെ നിറം മാറ്റം കണ്ടെത്തി. സാധാരണ ഭക്ഷ്യവിഷബാധയേറ്റാല്‍ ഇത്തരത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാകാറില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.ഇതോടെയാണ് മരണത്തില്‍ അസ്വാഭാവികമായ മറ്റെന്തോ ഉണ്ടെന്ന സംശയം ബലപ്പെട്ടത്.അബ്ദുള്ള ദൊക്കാദിയയുടെ ശരീരത്തില്‍ മോര്‍ഫിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. കടുത്ത വേദന സംഹാരിയായി ഉപയോഗിക്കുന്ന മോര്‍ഫിന്‍ എങ്ങനെ ഇദ്ദേഹത്തിന്റെ ഉള്ളിലെത്തി എന്നതില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഇത് ഏതെങ്കിലും ചികിത്സയുടെ ഭാഗമായി കഴിച്ചതാണോ അതോ ബോധപൂര്‍വ്വം ആരെങ്കിലും നല്‍കിയതാണോ എന്ന് കണ്ടെത്താന്‍ വിശദമായ അന്വേഷണം നടത്തും. ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണ് അധികൃതര്‍.