വേനല്‍ മഴ ശക്തമാകുന്നു; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

Wait 5 sec.

തിരുവനന്തപുരം | വിവിധ ജില്ലകളില്‍ വേനല്‍ മഴ ശക്തമാകുന്നതിനൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു. സംസ്ഥാനത്ത് ഇന്ന് എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. നാളെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്കാണ് സാധ്യത. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നു കണക്കാക്കുന്നത്.കനത്ത ചൂട് തുടരുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഒരാഴ്ചയ്ക്കകം താപനില 46 ഡിഗ്രി സെല്‍ഷ്യസ് കടക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജസ്ഥാന്‍, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളില്‍ ഉഷ്ണ തരംഗ മുന്നറിയിപ്പ് നിലനില്‍ക്കുകയാണ്. ഉഷ്ണ തരംഗത്തിന്റെ സാഹചര്യത്തില്‍ പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യവകുപ്പ് അറിയിച്ചു.ഡല്‍ഹി എയിംസ് അടക്കമുള്ള ആശുപത്രികളില്‍ പ്രത്യേക സൂര്യതാപ സെന്ററുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 43 ഡിഗ്രി സെല്‍ഷ്യസാണ് കഴിഞ്ഞ ദിവസം രാജ്യ തലസ്ഥാനത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന താപനില.