സണ്ണി ജോസഫിന്റെ പേരില്‍ വ്യാജ കത്ത്; കെ സുധാകരന്റെ മരുമകനു പിന്നാലെ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കളെ ചോദ്യം ചെയ്യും

Wait 5 sec.

തിരുവനന്തപുരം | കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫിനെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ്സിനുള്ളില്‍ ചരടുവലി നടന്നു ഏന്ന സൂചന നല്‍കി വ്യാജ കത്ത് പുറത്തുവന്ന സാഹചര്യത്തില്‍ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കളെ ചോദ്യം ചെയ്യും. സംഭവത്തില്‍ ഇന്നലെ കെ സുധാകരന്റെ മരുമകനെ ചോദ്യം ചെയ്തതിന് പിന്നാലെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കൂടുതല്‍ പേര്‍ക്ക് സമന്‍സ്.കെ എസ് ബ്രിഗേഡിലെ കൂടുതല്‍ പേരെയാണ് ചോദ്യം ചെയ്യുന്നത്. കത്ത് ഉണ്ടാക്കിയവരെ അല്ല ഷെയര്‍ ചെയ്തവരെ പൊലീസ് പീഡിപ്പിക്കുന്നു എന്ന് സമന്‍സ് ലഭിച്ചവര്‍ പറഞ്ഞു. സണ്ണി ജോസഫ് നല്‍കിയ പരാതിയിലാണ് കെ സുധാകരന്റെ സഹോദരിയുടെ മകന്‍ അജിത് കുമാറിനെ സൈബര്‍ പോലീസ് ചോദ്യം ചെയ്തത്. കണ്ണൂര്‍ ആലക്കോട് സൈബര്‍ പൊലീസ് വിങ്ങാണ് നടപടി സ്വീകരിച്ചത്.കെ സുധാകരന് കണ്ണൂര്‍ സീറ്റ് നല്‍കരുത് എന്നാവശ്യപ്പെട്ട് സണ്ണി ജോസഫിന്റെ ലെറ്റര്‍ പാഡില്‍ എ ഐ സിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് അയച്ച രീതിയിലുള്ള കത്താണ് വിവാദമായത്. തന്റെ പേരില്‍ വ്യാജമായി കത്ത് നിര്‍മ്മിച്ച് പ്രചരിപ്പിച്ചുവെന്ന് കാട്ടി സണ്ണി ജോസഫ് കഴിഞ്ഞ ആഴ്ച സൈബര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. വിദേശത്ത് ജോലി ചെയ്യുന്ന അജിത് കുമാര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് നാട്ടിലെത്തിയത്. ഈ വ്യാജ കത്ത് നിര്‍മ്മാണത്തിന് പിന്നില്‍ അജിത് കുമാറിന് പങ്കുണ്ടെന്ന സൂചനകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പോലീസ് ചോദ്യം ചെയ്തതെന്നാണ് വിവരം. ചോദ്യം ചെയ്യലിന് ശേഷം അജിത്തിനെ വിട്ടയച്ചു. തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമായിരുന്ന അജിത്തിന് കത്ത് നിര്‍മാണത്തില്‍ എന്ത് പങ്കാണുള്ളതെന്ന് പോലീസ് വിശദമായി അന്വേഷിച്ചു വരികയാണ്.അതേ സമയം, കോണ്‍ഗ്രസിലെ കത്ത് വിവാദത്തില്‍ വിശദീകരണവുമായി കെ സുധാകരന്റെ അനന്തരവന്‍ അജിത് കുമാര്‍. ഗ്രൂപ്പില്‍ നിന്ന് ലഭിച്ച കത്ത് വ്യക്തികള്‍ക്ക് ഫോര്‍വേഡ് ചെയ്തതാണെന്നും വ്യാജ കത്താണെന്ന് അറിഞ്ഞിരുന്നില്ലെന്നുമാണ് പ്രതികരണം. കെ സുധാകരനെ മോശമാക്കാനാണ് തനിക്കെതിരെ വാര്‍ത്ത വരുന്നതെന്നും കെ എസ് ബ്രിഗേഡ് എന്ന ഗ്രൂപ്പില്‍ അജിത് കുമാര്‍ വിശദീകരിച്ചു.കേസില്‍ അജിത് കുമാറിനെ സൈബര്‍ പോലീസ് ചോദ്യം ചെയ്തിരുന്നു.സണ്ണി ജോസഫ് എ ഐ സിസിക്ക് അയച്ചത് എന്ന പേരില്‍ പ്രചരിച്ച കത്തില്‍, കണ്ണൂരില്‍ കെ സുധാകരനെ മത്സരിപ്പിച്ചാല്‍ വിജയ സാധ്യത കുറവാണ്, അതിനാല്‍ ടി ഒ മോഹനനെ നിര്‍ദേശിക്കുന്നു എന്നായിരുന്നു പറഞ്ഞത്. കെ സുധാകരന്റെ അവസരം ഇല്ലാതാക്കിയത് സണ്ണി ജോസഫാണ് എന്ന വികാരം ഇതോടെ സുധാകരന്‍ അനുകൂലികള്‍ക്കിടയിലുണ്ടായി. കത്ത് വ്യാജമാണെന്ന് സണ്ണി ജോസഫ് അന്നു വ്യക്തമാക്കിയിരുന്നു.തുടര്‍ന്ന് കെ പി സി സി പ്രസിഡന്റിന്റെ പരാതിയിലാണ് സൈബര്‍ പൊലീസ് കേസെടുത്തത്. കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട അബ്ദുള്‍ ഖാദര്‍, കെ ജെ ജോസഫ് എന്നിവരെ പ്രതികളാക്കിയാണ് പോലീസ് കേസെടുത്തത്. കെ സുധാകരന്റെ അനന്തരവന്‍ അജിത് കുമാറാണ് ഈ കത്ത് വാട്‌സ് ആപ്പില്‍ അയച്ചു തന്നതെന്ന് ഇരുവരും ചോദ്യംചെയ്യലില്‍ പറഞ്ഞു. തുടര്‍ന്ന് അന്വേഷണത്തിന്റെ ഭാഗമായാണ് സുധാകരന്റെ മരുമകനെ പോലീസ് ചോദ്യം ചെയ്തത്.