കൊല്ലം | പണം മോഷ്ടിച്ചുവെന്നാരോപിച്ച് ചില്‍ഡ്രന്‍സ് ഹോമില്‍ ആറാം ക്ലാസ് വിദ്യാര്‍ഥിയോട് ക്രൂരത കാട്ടിയതായി പരാതി. പുനലൂരിലെ വെട്ടിത്തിട്ടയിലുള്ള ലിവിങ് വാട്ടര്‍ ചില്‍ഡ്രന്‍സ് ഹോമിലെ കുക്കും വാര്‍ഡനും ചേര്‍ന്ന് 12 കാരനെ തലകീഴായി കെട്ടിത്തൂക്കാന്‍ ശ്രമിച്ചതായി പരാതിയില്‍ പറയുന്നു. അവധിക്ക് കുട്ടിയെ കൂട്ടിക്കൊണ്ടുപോകാന്‍ എത്തിയ പിതാവിനോട് കുട്ടി വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്.500 രൂപ മോഷ്ടിച്ചുവെന്ന് ആരോപിച്ചായിരുന്നു കുട്ടിക്കെതിരായ ഈ ക്രൂരത. കുട്ടി പണം എടുത്തിട്ടില്ലെന്ന് ആവര്‍ത്തിച്ചു പറഞ്ഞിട്ടും ഇവര്‍ ഉപദ്രവം തുടര്‍ന്നു. പിതാവിന്റെ പരാതിയെത്തുടര്‍ന്ന് പുനലൂര്‍ പോലീസ് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തു. ചില്‍ഡ്രന്‍സ് ഹോമിലെ വാര്‍ഡനെയും കുക്കിനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.