തിരുവനന്തപുരം | കേരളം ആര് ഭരിക്കുമെന്ന് അറിയാന്‍ ഇനി രണ്ട് ദിവസം മാത്രം. തിങ്കളാഴ്ച രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. തികഞ്ഞ വിജയപ്രതീക്ഷയിലാണ് എല്‍ ഡി എഫും യു ഡി എഫും. ഭരണ വിരുദ്ധ വികാരമോ തരംഗമോ ഇല്ലെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത് എങ്കിലും വ്യക്തമായ ഭൂരിപക്ഷത്തോടെ ഭരണം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് യു ഡി എഫ്.എല്ലാ പ്രവചനങ്ങളിലും മുന്നിലെത്താനായതാണ് യു ഡി എഫിന്റെ പ്രതീക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ എതിരാണെങ്കിലും ഭരണ തുടര്‍ച്ച ഉറപ്പെന്ന ആത്മവിശ്വാസത്തിലാണ് എല്‍ ഡി എഫ് ക്യാമ്പ്. വിവിധ ഏജന്‍സികള്‍ എല്‍ ഡി എഫ് പരാജയപ്പെടുമെന്നു പ്രവചിക്കുന്ന മണ്ഡലങ്ങളില്‍ വിജയം ഉറപ്പാണെന്നും അതുവഴി കേവല ഭൂരിപക്ഷം ലഭിക്കുമെന്നുമാണ് എല്‍ ഡി എഫ് ക്യാമ്പ് കരുതുന്നത്. രണ്ട് സീറ്റുകളിലെങ്കിലും വിജയിക്കാമെന്ന കണക്കുകൂട്ടലിലാണ് ബി ജെ പി.മെയ് നാലിന് രാവിലെ എട്ടേകാലോടെ ആദ്യ ഫലസൂചനകള്‍ പുറത്തുവരും. 43 ഇടങ്ങളിലായാണ് 140 മണ്ഡലങ്ങളിലെ വോട്ടെണ്ണുക. ആദ്യം പോസ്റ്റല്‍ വോട്ടുകള്‍ എണ്ണും. ഇ വി എമ്മുകള്‍ക്കായി ഒരു ഹാളില്‍ ഏഴു മുതല്‍ 14 വരെ മേശകള്‍ ക്രമീകരിക്കും. വോട്ടെണ്ണലിനുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു.ഖേല്‍ക്കര്‍ അറിയിച്ചു.ആകെ 15,465 ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണല്‍ ജോലിക്കായി സജ്ജീകരിച്ചിട്ടുള്ളത്. 140 ആര്‍ ഒ മാര്‍, 1,340 അഡീഷണല്‍ എ ആര്‍ ഒമാര്‍, 4,208 മൈക്രോ ഒബ്സര്‍വര്‍മാര്‍, 4,208 കൗണ്ടിംഗ് സൂപ്പര്‍വൈസര്‍മാര്‍, 5,563 കൗണ്ടിംഗ് അസിസ്റ്റന്റുമാര്‍ എന്നിവര്‍ വോട്ടെണ്ണല്‍ ജോലിയുടെ ഭാഗമാകും.സ്ഥാനാര്‍ഥികളുടെയോ ഏജന്റുമാരുടെയോ സാന്നിധ്യത്തില്‍ ഒബ്സര്‍വറുടെ സാക്ഷ്യപത്രത്തോടെ വീഡിയോ റെക്കോര്‍ഡിംഗോട് കൂടിയാണ് സ്‌ട്രോങ്ങ് റൂമുകള്‍ തുറക്കുക. വോട്ടെണ്ണല്‍ ഹാളില്‍ കര്‍ശനമായ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്ഥാനാര്‍ത്ഥികളും ഏജന്റുമാരും ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ് പ്രദര്‍ശിപ്പിക്കണം. വോട്ടെണ്ണല്‍ തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പെങ്കിലും ഹാജരാകണമെന്നും നിര്‍ദേശമുണ്ട്. വോട്ടെണ്ണല്‍ കഴിഞ്ഞ് 48 മണിക്കൂറിനുള്ളില്‍ വോട്ടിങ്ങുമായും വോട്ടെണ്ണലുമായും ബന്ധപ്പെട്ട സമഗ്ര വിവരങ്ങളടങ്ങുന്ന കേന്ദ്ര തെരഞ്ഞടുപ്പ് കമ്മീഷന്റെ ഇന്‍ഡക്‌സകാര്‍ഡ് പ്രസിദ്ധീകരിക്കുമെന്നും മുഖ്യ തെരഞ്ഞടുപ്പ് ഓഫീസര്‍ അറിയച്ചു. കേരളത്തിനൊപ്പം തമിഴ്നാട്, അസം, പശ്ചിമ ബംഗാള്‍, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലെ വോട്ടെണ്ണലും അന്നാണ് നടക്കുന്നത്.