മുംബൈയിൽ 2 കുട്ടികളടക്കം ഒരു കുടുംബത്തിലെ 4 പേർ മരിച്ച സംഭവം തണ്ണിമത്തൻ കഴിച്ചതുകൊണ്ടുണ്ടായ ഭക്ഷ്യവിഷബാധ മൂലമല്ലെന്ന് പ്രാഥമിക ഫോറൻസിക് റിപ്പോർട്ട്. മൊബൈൽ ആക്സസറീസ് ഷോപ്പ് നടത്തിയിരുന്ന 45 കാരനായ അബ്ദുള്ള ഡോകാഡിയ, ഭാര്യ നസ്രീൻ (35), മക്കളായ സൈനബ് (13), ആയിഷ (16) എന്നിവരാണ് കഴിഞ്ഞ ആഴ്ച മരിച്ചത്. തണ്ണിമത്തൻ കഴിച്ചതിനെ തുടർന്നുണ്ടായ ഭക്ഷ്യവിഷബാധയാവാം മരണകാരണം എന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോർട്ട്. എന്നാൽ നിലവിൽ വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് സംഭവത്തിൽ അടിമുടി ദുരൂഹതയാണ് തെളിയുന്നത്.മരണപ്പെട്ടവരുടെ ആന്തരികാവയവങ്ങൾ പച്ചനിറത്തിലായ നിലയിൽ കണ്ടെത്തിയത് കടുത്ത വിഷബാധയുടെ ലക്ഷണമാണെന്ന് ഡോക്ടർമാർ പറയുന്നു. ഫോറൻസിക് പരിശോധനയിൽ ആണ് ഇത് കണ്ടെത്തിയിരിക്കുന്നത്. നാലുപേരുടെയും മരണത്തിലേയ്ക്ക് നയിച്ചത് തണ്ണിമത്തൻ കഴിച്ചതുമൂലമുണ്ടായ അണുബാധയാണെന്ന തരത്തിൽ വാർത്തകൾ വന്നതോടെ വിൽപ്പനയിലും സാരമായ ഇടിവ് സംഭവിച്ചിരുന്നു.ALSO READ: ആദിത്യൻ പഠിച്ചിരുന്നത് ഡി.കെ. ശിവകുമാറിന്റെ ബന്ധുവിന്റെ കോളേജിൽ; കേസ് അട്ടിമറിക്കാൻ നീക്കമെന്ന് പിതാവ്, കർണാടക പൊലീസ് പരാതി സ്വീകരിച്ചത് വക്കീലുമായി എത്തിയപ്പോൾകഴിഞ്ഞദിവസം ദക്ഷിണ മുംബൈയിലെ വീട്ടിൽ നടത്തിയ വിരുന്നിൽ അതിഥികൾക്കൊപ്പം ചിക്കൻ പുലാവ് കഴിച്ച കുടുംബം മറ്റെല്ലാവരും മടങ്ങിയ ശേഷം പുലർച്ചെ ഒരു മണിയോടെ ആണ് തണ്ണിമത്തൻ കഴിച്ചത്. പുലർച്ചെ അഞ്ച് മണിയോടെ ഇവർക്ക് അസ്വസ്ഥതകൾ അനുഭവപ്പെടുകയുമായിരുന്നു. ഛർദിയും വയറിളക്കവും കാരണം അവശനിലയിലായതോടെയാണ് 4 പേരെയും ആശുപത്രിയിൽ എത്തിച്ചത്. പക്ഷേ മണിക്കൂറുകൾക്കുള്ളിൽ ഇവർ മരണത്തിന് കീഴടങ്ങുകയായിരുന്നു.മരിച്ചവരുടെ തലച്ചോറ്, ഹൃദയം, കുടൽ എന്നിവയുൾപ്പെടെയുള്ള ചില ആന്തരാവയവങ്ങൾ പച്ചനിറത്തിലായതായി പ്രാഥമിക ഫോറൻസിക് പരിശോധനകൾ സൂചിപ്പിക്കുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സാധാരണ ഭക്ഷ്യവിഷബാധയേറ്റാൽ അവയവങ്ങൾക്ക് ഇത്തരത്തിൽ നിറം മാറ്റം സംഭവിക്കാറില്ലെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. കൂടാതെ, മരിച്ച അബ്ദുള്ള ഡോകാഡിയയുടെ ശരീരത്തിൽ ശക്തമായ വേദനസംഹാരിയായ മോർഫിൻ (morphine) കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ട്. ഇതിലും അന്വേഷണം നടന്നുവരികയാണ്. തണ്ണിമത്തനുമായി ഈ മരണങ്ങൾക്ക് നേരിട്ട് ബന്ധമുള്ളതായി ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും രാസപരിശോധനാ ഫലം പുറത്തുവന്നാൽ മാത്രമേ മരണകാരണമായ വിഷാംശം ഏതാണെന്ന് സ്ഥിരീകരിക്കാൻ സാധിക്കൂ.The post വില്ലൻ തണ്ണിമത്തൻ അല്ല; മുംബൈയിൽ മരിച്ച നാലു പേരുടെയും അവയവങ്ങൾ പച്ചനിറത്തിൽ, അടിമുടി ദുരൂഹത appeared first on Kairali News | Kairali News Live.