അഹമ്മദാബാദിൽ ഗൂഗിളിന്റെ എഐ ടൂളായ ജെമിനി ഉപയോഗിച്ച് ഡീപ്ഫേക്ക് വീഡിയോ തയ്യാറാക്കി പണം തട്ടിയ നാലംഗ സംഘം പിടിയിൽ. സൈബർ ക്രൈം ബ്രാഞ്ചാണ് വിദഗ്ദമായി പ്രതികളെ പിടികൂടിയത്. ബിസിനസുകാരന്റെ ഡീപ്ഫേക്ക് വീഡിയോ തയ്യാറാക്കിയാണ് നാലംഗസംഘം തട്ടിപ്പ് നടത്താൻ ശ്രമിച്ചത്. കനുഭായ് പാർമർ, ആശിഷ് വാനന്ദ്, മുഹമ്മദ് കൈഫ് പട്ടേൽ, ദീപ് ഗുപ്ത എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.ആധാർ ബയോമെട്രിക് വെരിഫിക്കേഷനെ മറികടക്കാനും ഒടിപി അലേർട്ടുകൾ ലഭിക്കാതെ വായ്പാ ഇടപാടുകൾ നടത്താനുമാണ് ഇവർ സാങ്കേതികവിദ്യ ഉപയോഗിച്ചത്. ബാങ്കിൽ നിന്നുള്ള ഒടിപി സന്ദേശങ്ങൾ ലഭിക്കുന്നത് രണ്ട് ദിവസത്തേക്ക് നിലച്ചതിനെ തുടർന്ന് ബിസിനസുകാരൻ പോലീസിനെ സമീപിച്ചതോടെയാണ് തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്.ബിസിനസുകാരന്റെ ആധാറുമായി ബന്ധിപ്പിച്ചിരുന്ന മൊബൈൽ നമ്പർ ഒടിപി വെരിഫിക്കേഷൻ ഇല്ലാതെ തന്നെ മാറിയതായും അദ്ദേഹത്തിന്റെ ബയോമെട്രിക് വിവരങ്ങളിൽ കൃത്രിമം നടന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇരയുടെ പേരിൽ പുതിയ ബാങ്ക് അക്കൗണ്ട് തുടങ്ങുകയും അതിൽ നിന്ന് 25,000 രൂപ വായ്പ എടുക്കുകയും ചെയ്തിരുന്നു. തട്ടിപ്പിനായി സംഘം ഗൂഗിൾ ജെമിനി എഐ ഉപയോഗിച്ച് ഇരയുടെ കൃത്രിമ വീഡിയോകൾ നിർമ്മിക്കുകയായിരുന്നു. ഇത് ആധാർ ഓതന്റിക്കേഷൻ മറികടക്കാൻ അവരെ സഹായിച്ചു. ഈ രീതിയിലൂടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ മാറ്റുകയും എല്ലാ ഒടിപി സന്ദേശങ്ങളും പ്രതികളുടെ നിയന്ത്രണത്തിലുള്ള നമ്പറിലേക്ക് തിരിച്ചുവിടുകയും ചെയ്തു.The post ഗൂഗിൾ ജെമിനി പണിയായോ? അഹമ്മദാബാദിൽ ഡീപ്ഫേക്ക് വീഡിയോ തയ്യാറാക്കി പണം തട്ടിയ നാലുപേർ പിടിയിൽ appeared first on Kairali News | Kairali News Live.