തിരുവനന്തപുരം | കോര്‍പ്പറേഷനിലെ പട്ടികജാതി വിഭാഗത്തിലെ വനിതകള്‍ക്കായി നടപ്പാക്കിയ സ്വയംതൊഴില്‍ വായ്പാ സബ്സിഡി പദ്ധതിയില്‍ വന്‍ തട്ടിപ്പ് നടത്തിയ കേസില്‍ പ്രധാന പ്രതി വിജിലന്‍സ് പിടിയില്‍. കോര്‍പ്പറേഷനിലെ മുന്‍ എസ്സി പ്രമോട്ടര്‍ എസ് സിന്ധു (55) ആണ് അറസ്റ്റിലായത്.2021-22 സാമ്പത്തിക വര്‍ഷത്തില്‍ നടപ്പാക്കിയ പദ്ധതിയില്‍ നിന്നുള്ള 75 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. സംരംഭക ഗ്രൂപ്പുകള്‍ക്ക് സബ്സിഡി വിതരണം ചെയ്തതായി വ്യാജരേഖകള്‍ സൃഷ്ടിച്ച്, തുക സിന്ധുവിന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ സ്ഥാപനത്തിന്റെ വിവിധ ബേങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റിയതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.ഇതിന് പുറമെ പട്ടികജാതി വനിതകള്‍ക്കായുള്ള മറ്റൊരു പദ്ധതിയില്‍ 1.26 കോടി രൂപയും, ജനറല്‍ വിഭാഗം വനിതകള്‍ക്കായുള്ള സംരംഭ പദ്ധതികളില്‍ 1.14 കോടിയും 3.57 കോടിയും രൂപയുടെ ക്രമക്കേടുകള്‍ നടത്തിയ കേസുകളിലും സിന്ധു പ്രതിയാണ്. സഹകരണ സംഘങ്ങളെ മറയാക്കിയായിരുന്നു സബ്സിഡി തുക തട്ടിയെടുത്തിരുന്നത്. ഗുണഭോക്താക്കള്‍ സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റുകള്‍ ശേഖരിച്ച് വ്യാജ രേഖകള്‍ സൃഷ്ടിച്ച് തട്ടിപ്പ് നടത്തിയതായും അന്വേഷണത്തില്‍ വ്യക്തമായി.ഓഡിറ്റ് പരിശോധനയില്‍ ജാതി സര്‍ട്ടിഫിക്കറ്റുകളില്‍ ഉണ്ടായ സംശയമാണ് തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. താലൂക്ക് ഓഫീസില്‍ നടത്തിയ പരിശോധനയില്‍ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് സ്ഥിരീകരിച്ചതോടെ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.ആദ്യം മ്യൂസിയം പോലീസ് കേസെടുത്തെങ്കിലും പിന്നീട് വിജിലന്‍സിന് കൈമാറുകയായിരുന്നു. സിന്ധുവിനെ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.