പ്രകൃതിവിരുദ്ധ പീഡനം; യുവാവിന് 20.6 വര്‍ഷം കഠിനതടവും പിഴയും

Wait 5 sec.

പത്തനംതിട്ട | ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയനാക്കിയ പ്രതിക്ക് കഠിനതടവും പിഴയും വിധിച്ച് പത്തനംതിട്ട അതിവേഗ കോടതി.  പത്തനംതിട്ട കുലശേഖരപതി ബിയാത്തമ്മ  പുരയിടം വീട്ടില്‍ സമദ് (24)നെയാണ്  ജഡ്ജി   ടി മഞ്ജിത്ത് 20 വര്‍ഷവും ആറ് മാസവും കഠിനതടവിനും 105000 രൂപ പിഴക്കും ശിക്ഷിച്ചത്. പിഴ അടക്കാതിരുന്നാല്‍ ആറ് മാസവും അഞ്ച് ദിവസവും അധിക തടവ് അനുഭവിക്കണമെന്നും വിധിയിലുണ്ട്.പത്തനംതിട്ട പോലീസ് കഴിഞ്ഞ സെപ്തംബര്‍ ഒന്നിന് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. 15 കാരനെ പ്രതി സ്വന്തം വീട്ടിലും തുടര്‍ന്ന് അടുത്തുള്ള തോട്ടിൻ കരയിലുമെത്തിച്ച് പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയമാക്കിയതിന് പത്തനംതിട്ട  എസ് ഐ അനൂപ് ചന്ദ്രനാണ് എഫ്‌ ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. പ്രതി കുട്ടിയെ അശ്ലീല വീഡിയോകള്‍ കാണിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.ഇന്‍സ്‌പെക്ടറായിരുന്ന ഡി ഷിബുകുമാര്‍ കേസിൻ്റെ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും 17 സാക്ഷികളെ വിസ്തരിക്കുകയും 19  രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. റോഷന്‍ തോമസ് ഹാജരായി. പ്രോസിക്യൂഷന്‍ നടപടികള്‍  ലെയ്‌സണ്‍ ഓഫീസര്‍ എ എസ് ഐ  പി ഹസീന ഏകോപിപ്പിച്ചു.  പിഴത്തുക അടയ്ക്കുന്ന പക്ഷം കുട്ടിക്ക് നല്‍കണം. കൂടാതെ, കുട്ടിയുടെ പുനരധിവാസത്തിനും മറ്റും ആവശ്യമെങ്കില്‍ തുക ലഭ്യമാക്കാന്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു.