കേരളത്തെ നോളജ് സൊസൈറ്റിയാക്കി മാറ്റുന്നതിന് ഊന്നൽ നൽകി ഉന്നത വിദ്യാഭ്യാസ മേഖലയിൽ സമഗ്ര പരിഷ്കാരങ്ങളാണ് നടന്നുവരുന്നതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു പറഞ്ഞു. വിദ്യാഭ്യാസവും തൊഴിലും തമ്മിലുള്ള അന്തരം നികത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി വ്യക്തമാക്കി. കൊച്ചി ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ നടക്കുന്ന സ്കിൽ കേരള ഗ്ലോബൽ സമ്മിറ്റ് 2025 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.കേരളം സാർവത്രിക സാക്ഷരത, ലിംഗസമത്വം, സാമൂഹിക നീതി എന്നിവയിൽ മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. എന്നാൽ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റാ സയൻസ് തുടങ്ങിയ പുതിയ സാങ്കേതികവിദ്യകൾ തൊഴിൽ മേഖലയെ അതിവേഗം മാറ്റിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ, വിദ്യാഭ്യാസ രീതികളും കാലത്തിനനുസരിച്ച് മാറേണ്ടത് അത്യാവശ്യമാണ്.അക്കാദമിക-വ്യവസായ ബന്ധം ശക്തിപ്പെടുത്തി വിദ്യാർത്ഥികൾക്ക് സൈദ്ധാന്തിക അറിവിനൊപ്പം തൊഴിൽ വൈദഗ്ധ്യവും പ്രായോഗിക പരിചയവും നൽകാൻ സർക്കാർ ലക്ഷ്യമിടുന്നു. ഇതിനായി വ്യവസായ സ്ഥാപനങ്ങളുമായി അക്കാദമിക് മേഖലയുടെ സഹകരണം വർധിപ്പിക്കും. ഇതിന്റെ ഭാഗമായി ‘ഇൻഡസ്ട്രി ഓൺ കാമ്പസ്’, ‘കണക്ട് കരിയർ ടു കാമ്പസ്’ തുടങ്ങിയ പദ്ധതികൾ വിജയകരമായി നടപ്പാക്കിക്കഴിഞ്ഞു. ഈ പദ്ധതികളിലൂടെ 500-ലധികം ടെക്നോ-ബിസിനസ് ഇൻകുബേറ്ററുകൾ സ്ഥാപിച്ചിട്ടുണ്ട്.വിദ്യാർത്ഥികളുടെ നൈപുണ്യ വികസനത്തിന് സർക്കാർ വലിയ പ്രാധാന്യം നൽകുന്നുണ്ട്. നാല് വർഷത്തെ ബിരുദ കോഴ്സുകൾ ഉൾപ്പെടെ, തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്ന നിരവധി പദ്ധതികൾക്ക് സർക്കാർ തുടക്കം കുറിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റാ അനലിറ്റിക്സ്, സൈബർ സെക്യൂരിറ്റി തുടങ്ങിയ നൂതന സാങ്കേതികവിദ്യകളിൽ വിദ്യാർത്ഥികൾക്ക് നൈപുണ്യ പരിശീലനം നൽകുന്നതിൽ ‘അസാപ് കേരള’ പോലുള്ള സംഘടനകൾ നിർണായക പങ്ക് വഹിക്കുന്നുണ്ട്.പുതിയ മൾട്ടി-ഡിസിപ്ലിനറി പാഠ്യപദ്ധതി വഴി വിദ്യാർത്ഥികൾക്ക് അവരുടെ അഭിരുചിക്കനുസരിച്ച് പഠനം തിരഞ്ഞെടുക്കാൻ നാല് വർഷ ബിരുദ കോഴ്സുകൾ വഴി സാധിക്കുന്നുണ്ട്. ഇന്റേൺഷിപ്പുകൾ, ഗവേഷണ പ്രോജക്ടുകൾ, സർട്ടിഫിക്കേഷൻ കോഴ്സുകൾ എന്നിവ പാഠ്യപദ്ധതിയുടെ ഭാഗമാണ്. വിദ്യാർത്ഥികൾക്ക് പ്രായോഗിക തൊഴിൽ പരിചയം നേടുന്നതിനുള്ള മികച്ച അവസരമാണ് ഇന്റേൺഷിപ്പ് 1.0 ഒരുക്കുന്നത്.Also read: വിജ്ഞാന കേരളം; ഒരു ലക്ഷം തൊഴിലവസരങ്ങള്‍ ലക്ഷ്യമെന്ന് മന്ത്രി വി ശിവന്‍കുട്ടി വിദ്യാർത്ഥികളെ ജോലി നേടാൻ മാത്രമല്ല, ജോലി സൃഷ്ടിക്കുന്നവരാക്കി മാറ്റാനും സർക്കാർ ലക്ഷ്യമിടുന്നു. ഇതിനായി ക്യാമ്പസുകളിൽ ഇൻകുബേഷൻ സെന്ററുകൾ, മെന്ററിംഗ്, ഫണ്ടിംഗ് സൗകര്യങ്ങൾ എന്നിവ ഒരുക്കും. ‘യംഗ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാം’ പോലുള്ള പദ്ധതികളിലൂടെ യുവജനങ്ങളുടെ നൂതനാശയങ്ങളെയും സംരംഭകത്വ സ്വപ്നങ്ങളെയും പിന്തുണയ്ക്കും.വ്യവസായ രംഗവുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിന് സർവകലാശാലകളെയും ഗവേഷണ സ്ഥാപനങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികൾ ‘വിജ്ഞാന കേരളം’ എന്ന പുതിയ സംരംഭത്തിലൂടെ നടപ്പാക്കുന്നുണ്ട്. ‘ഡിജിറ്റൽ വർക്ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം’ പോലുള്ള പ്ലാറ്റ്ഫോമുകൾ തൊഴിലവസരങ്ങളും തൊഴിലന്വേഷകരും തമ്മിൽ ബന്ധം സ്ഥാപിക്കാൻ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.സ്കിൽ കേരള ഗ്ലോബൽ സമ്മിറ്റ് വെറും ചർച്ചകളിൽ മാത്രം ഒതുങ്ങാതെ, നൈപുണി വികസനത്തിനും തൊഴിൽ ലഭ്യതയ്ക്കും കൂടുതൽ അവസരങ്ങൾ കണ്ടെത്തുന്നതിനുള്ള ഒരു വേദിയായി മാറണം. ഇതിലൂടെ കേരളത്തിലെ കോളേജുകളിൽ നിന്ന് മികച്ച ഒരു തൊഴിൽ സേനയെ വാർത്തെടുക്കാൻ കഴിയും. എല്ലാവരുടെയും പങ്കാളിത്തത്തോടെ കേരളത്തിൻ മികച്ചതും ആഗോളതലത്തിൽ മത്സരക്ഷമവുമായ ഒരു വിദ്യാഭ്യാസ സംവിധാനം കെട്ടിപ്പടുക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.സമ്മിറ്റിന്റെ ഭാഗമായി പ്രമുഖ കരിയർ പ്ലാറ്റ്ഫോമായ ലിങ്ക്ഡ് ഇൻ തയ്യാറാക്കിയ കേരള ടാലന്റ് റിപ്പോർട്ട് 2025 മന്ത്രി ആർ ബിന്ദു പുറത്തിറക്കി. സംസ്ഥാനത്തെ യുവജനങ്ങളുടെ കഴിവുകൾ, തൊഴിൽ വിപണിയിലെ പുതുപ്രവണതകൾ, ആഗോള തൊഴിൽ സാധ്യതകൾ എന്നിവയെക്കുറിച്ചുള്ള സമഗ്ര പഠനമാണ് ടാലൻറ് റിപ്പോർട്ട്. കേരളത്തെ മാനവവിഭവശേഷിയുടെ ആഗോള കേന്ദ്രമായി ഉയർത്താനുള്ള സംസ്ഥാന സർക്കാർ ശ്രമങ്ങളുടെ ഭാഗമായി, കേരള ഡവലപ്മെന്റ് ആന്റ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലാണ് (കെ – ഡിസ്ക്) ഈ ഗ്ലോബൽ സമ്മിറ്റ് സംഘടിപ്പിക്കുന്നത്.ആറ് വേദികളിലായി രണ്ടു ദിവസം നീളുന്ന ചർച്ചകളിൽ 57 പാനലുകളിലായി 233 വിദഗ്ധരാണ് പങ്കെടുക്കുന്നത്. ആറ് വേദികളിലായി പുതിയ ആഗോള തൊഴിൽ സാധ്യതകൾ, കേരളം ഒരു ആഗോള നൈപുണ്യ ഹബ്ബ്, വിദ്യാഭ്യാസവും നൈപുണ്യ വികസനവും, ഇന്നവേഷൻ ആവാസവ്യവസ്ഥ, ആഗോളതലത്തിൽ കേരളത്തിലിരുന്ന് ജോലി, നൈപുണ്യ സദ് മാതൃകകൾ എന്നീ വിഷയങ്ങളാണ് ചർച്ച ചെയ്യുന്നത്.തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അധ്യക്ഷത വഹിച്ച പരിപാടിയിൽ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്, കർണാടക നൈപുണ്യ വികസന വകുപ്പ് മന്ത്രി ഡോ ശരൺ പ്രകാശ് പട്ടീൽ മുഖ്യാതിഥിയായി. വിജ്ഞാനകേരളം പദ്ധതി ഉപദേഷ്ടാവ് ടി എം ഡോ തോമസ് ഐസക്, കെ ഡിസ്ക് മെമ്പർ സെക്രട്ടറി ഡോ പി വി ഉണ്ണികൃഷ്ണൻ, എക്സിക്യൂട്ടീവ് ഡയറക്ടർ പി എം റിയാസ്, വിദ്യാഭ്യാസ തൊഴിൽ മേഖലകളിൽ നിന്നുള്ള പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.The post വിദ്യാഭ്യാസത്തെ തൊഴിൽ മേഖലയുമായി ബന്ധിപ്പിക്കും: മന്ത്രി ആർ. ബിന്ദു appeared first on Kairali News | Kairali News Live.