ദുബൈ|എയർ ഇന്ത്യ എക് സ്പ്രസ് യു എ ഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്ക് കുറച്ചു. 180 ദിർഹം മുതലാണ് നിരക്ക്. പരിമിത കാലയളവിലേക്കുള്ള “പേഡേ സെയിൽ’ ആണ് ആരംഭിച്ചത്. സെപ്തംബർ ഒന്ന് വരെ ബുക്കിംഗ് നടത്താം. ഈ പ്രമോഷൻ, 2026 മാർച്ച് 31 വരെയുള്ള യാത്രകൾക്കാണ്. “തിരക്കേറിയ യു എ ഇ – ഇന്ത്യ യാത്രാ ഇടനാഴിയിൽ ഇത്തരമൊരു നിരക്ക് അപൂർവമാണ്.’ ചെക്ക് – ഇൻ ബാഗേജ് ഇല്ലാത്ത ടിക്കറ്റ് വാഗ്ദാനം ചെയ്യുന്ന എയർലൈനിന്റെ “എക്‌സ്പ്രസ് ലൈറ്റ്’ വിഭാഗത്തിനാണ് 180 ദിർഹം നിരക്ക്.ചെക്ക് – ഇൻ ബാഗേജ് ഉൾപ്പെടുന്ന “എക്‌സ്പ്രസ് വാല്യു’ നിരക്ക് അന്താരാഷ്ട്ര റൂട്ടുകൾക്ക് 200 ദിർഹം മുതൽ ആരംഭിക്കുന്നു. തിരഞ്ഞെടുത്ത നിരവധി ലക്ഷ്യസ്ഥാനങ്ങൾക്ക് 149 ദിർഹം മുതൽ ആരംഭിക്കുന്ന വൺവേ നിരക്കുകൾ അടുത്തിടെ എയർ അറേബ്യ പ്രഖ്യാപിച്ചിരുന്നു. സമാനമായ ഫ്ലാഷ് സെയിലിന് പിന്നാലെയാണ് എയർ ഇന്ത്യ എക്‌സ്പ്രസിന്റെ പുതിയ ഓഫർ വരുന്നത്. ഇന്ത്യയിലെ ആഭ്യന്തര റൂട്ടുകളിൽ, ലോഗിൻ ചെയ്ത അംഗങ്ങൾക്ക് എക്‌സ്പ്രസ് ലൈറ്റ് സ്‌പെഷ്യൽ നിരക്കുകൾ ഏകദേശം 54 ദിർഹം മുതൽ ആരംഭിക്കുന്നു. എക്‌സ്പ്രസ് വാല്യു നിരക്കുകൾ 56 ദിർഹം മുതൽ ലഭ്യമാണ്.മൊബൈൽ ആപ്പ് വഴി നടത്തുന്ന ബുക്കിംഗുകൾക്ക് സീറോ കൺവീനിയൻസ് ഫീസ് ഉൾപ്പെടെ നിരവധി ആഡ് ഓണുകളും എയർലൈൻ വാഗ്ദാനം ചെയ്യുന്നു. ആഭ്യന്തര വിമാനങ്ങളിൽ 15 കിലോഗ്രാമും അന്താരാഷ്ട്ര വിമാനങ്ങളിൽ 20 കിലോഗ്രാമും കൊണ്ടുപോകാം.