കണ്ണപുരം സ്‌ഫോടനം ക്രൈംബ്രാഞ്ച് അന്വേഷിക്കും; പ്രതി അനൂപ് മാലിക് കോണ്‍ഗ്രസുമായി അടുത്ത ബന്ധമുള്ള ആളാണെന്ന് സി പി എം

Wait 5 sec.

കണ്ണൂര്‍ | കണ്ണൂര്‍ കണ്ണപുരം കീഴറയിലെ സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ജില്ലാ ക്രൈംബ്രാഞ്ച് എസിപിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുക. സ്‌ഫോടനം നടന്ന വീട് വാടകയ്‌ക്കെടുത്ത അനൂപ് മാലിക്കിനെതിരെ പോലീസ് കേസെടുത്തു.സ്‌ഫോടക വസ്തു നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 2016ല്‍ കണ്ണൂര്‍ പൊടിക്കുണ്ടിലെ വീട്ടില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചുണ്ടായ കേസിലെ പ്രതിയാണ് അനൂപ് മാലിക്. കണ്ണൂര്‍ ചാലാട് സ്വദേശി മുഹമ്മദ് ആഷാം ആണ് മരിച്ചതെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ നിതിന്‍ രാജ് പറഞ്ഞു. അനൂപ് മാലികിന്റെ ബന്ധുവാണ് ഇയാള്‍. അനൂപിനായി അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.പ്രതി അനൂപ് മാലിക് കോണ്‍ഗ്രസുമായി അടുത്ത ബന്ധമുള്ള ആളാണെന്ന് സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് ആരോപിച്ചു. കേസ് എടുത്ത അനൂപ് മാലിക്കിന്റെ രാഷ്ട്രീയം പരിശോധിക്കണം. ഉത്സവങ്ങളും ആഘോഷങ്ങളോ അടുത്തൊന്നും ഇല്ല. ഇത്രയും മാരകമായ സ്ഫോടക വസ്തുക്കള്‍ എന്തിനാണ് നിര്‍മിക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ പരിശോധിക്കണമെന്നും കെകെ രാഗേഷ് ആവശ്യപ്പെട്ടു.അതേസമയം കണ്ണപുരം സ്‌ഫോടനത്തില്‍ പൊലീസിന്റെ പിഴവിനെയാണ് ഡി സി സി പ്രസിഡണ്ട് മാര്‍ട്ടിന്‍ ജോര്‍ജ് കുറ്റപ്പെടുത്തുന്നത്. പൊലീസിന്റെ ഭാഗത്തുണ്ടായത് വീഴ്ച്ചയാണ്. കൃത്യമായ അന്വേഷണം നടക്കണം. പ്രതി മുന്‍പും സമാനമായി സ്‌ഫോടക വസ്തുക്കള്‍ നിര്‍മിച്ചു. ആരാണ് എന്താണ് ചെയ്തത് എന്നറിയാത്ത അവസ്ഥ. മുക്കിലും മൂലയിലും ബോംബ് പൊട്ടി സാധാരണക്കാര്‍ക്ക് പരിക്കേല്‍ക്കുന്ന സാഹചര്യമുണ്ടാകുന്നത് പൊലീസ് വീഴ്ചയാണ്. സ്‌ഫോടനം ബോംബ് നിര്‍മ്മാണത്തിനിടെ ഉണ്ടായ അപകടം എന്ന് മാര്‍ട്ടിന്‍ ജോര്‍ജ് പ്രതികരിച്ചു. അനൂപ് എന്തിന് ബോംബ് നിര്‍മിച്ചുവെന്നും അയാളുടെ രാഷ്ട്രീയമെന്തെന്ന് പരിശോധിക്കണമെന്നും ഡിസിസി പ്രസിഡണ്ട് ആവശ്യപ്പെട്ടു.ഉത്സവത്തിന് ഉപയോഗിക്കുന്ന ഗുണ്ട് പോലെയുള്ള സ്‌ഫോടക വസ്തുക്കളാണ് സഫോടനം നടന്ന വീട്ടില്‍ നിര്‍മ്മിച്ചിരുന്നത്. ഇതിന്റെ നിര്‍മ്മാണത്തിന് ലൈസന്‍സ് ഉണ്ടായിരുന്നില്ല. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു. കണ്ണപുരം കീഴറയിലെ വീട്ടില്‍ ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സ്‌ഫോടനം നടന്നത്.സംഭവത്തില്‍ വീട് പൂര്‍ണ്ണമായി തകര്‍ന്നു. സ്‌ഫോടനത്തിന് പിന്നാലെ ശരീര അവശിഷ്ടങ്ങള്‍ ചിന്നിച്ചിതറുകയായിരുന്നു. ബോംബ് നിര്‍മ്മാണത്തിനിടെ ഉണ്ടായ അപകടമാണ് സ്‌ഫോടനത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. കീഴറ ഗോവിന്ദന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടില്‍ രണ്ട് പേരാണ് വാടകയ്ക്ക് താമസിച്ചിരുന്നത് എന്നാണ് വിവരം. ഒരാളുടെ മൃതദേഹമാണ് സ്ഥലത്ത് നിന്ന് കണ്ടെത്തിയിരിക്കുന്നത്.സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തെ വീടുകള്‍ക്കും നാശനഷ്ടങ്ങളുണ്ടായി. നിരവധി വീടുകളുടെ വാതിലുകള്‍ തകരുകയും ചുമരുകളില്‍ വിള്ളലുകള്‍ വീഴുകയും ചെയ്തിട്ടുണ്ട്. സ്‌ഫോടനത്തില്‍ മരിച്ചയാള്‍ കിടന്നുറങ്ങുകയായിരുന്നു. കെട്ടിട അവശിഷ്ടങ്ങള്‍ വീണാണ് മരണം സംഭവിച്ചതെന്നാണു വിവരം.