ഇരകൾക്ക് നിയമസഹായം ഉറപ്പാക്കാനടക്കം പുതിയ പദ്ധതികൾ: ജസ്റ്റിസ് സൂര്യകാന്ത്മനുഷ്യ-വന്യജീവി സംഘർഷങ്ങളുടെ വർദ്ധിച്ചു വരുന്ന വെല്ലുവിളികളും ആശങ്കകളും പരിഹരിക്കുന്നതിനായി, ദേശീയ ലീഗൽ സർവീസസ് അതോറിറ്റി (NALSA) യുടെയും കേരള ലീഗൽ സർവീസസ് അതോറിറ്റിയുടെയും (KeLSA) ആഭിമുഖ്യത്തിൽ ‘മനുഷ്യ-വന്യജീവി സംഘർഷവും സഹവർത്തിത്വവും: നിയമ-നയപരമായ വീക്ഷണം’ എന്ന വിഷയത്തിൽ നടക്കുന്ന മേഖല സമ്മേളനം സുപ്രീം കോടതി ജഡ്ജിയും ദേശീയ ലീഗൽ സർവീസസ് അതോറിറ്റി (NALSA) എക്‌സിക്യൂട്ടീവ് ചെയർമാനുമായ ജസ്റ്റിസ് സൂര്യകാന്ത് ഉദ്ഘാടനം ചെയ്തു. ആഗസ്റ്റ് 30, 31 തീയതികളിൽ തിരുവനന്തപുരം നിയമസഭാ ശങ്കര നാരായാണൻ തമ്പി ഹാളിലാണ് മേഖല സമ്മേളനം നടക്കുന്നത്.മനുഷ്യ-വന്യജീവി സംഘർഷത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് നീതി ലഭ്യമാക്കുന്നതിനായടക്കം പുതിയ പദ്ധതികൾക്ക് തുടക്കം കുറിക്കുകയാണെന്ന് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.രാജ്യത്തിന്റെ അതിവേഗത്തിലുള്ള വികസനം മനുഷ്യരും വന്യജീവികളും തമ്മിലുള്ള സംഘർഷത്തിന് കാരണമായിട്ടുണ്ട്. നഗരങ്ങൾ വികസിക്കുകയും വനങ്ങൾ ചുരുങ്ങുകയും ചെയ്യുമ്പോൾ, ഈ സംഘർഷങ്ങൾ വർധിക്കുന്നു. ഈ ഏറ്റുമുട്ടലുകൾ പലപ്പോഴും കർഷകർക്ക് സാമ്പത്തിക നഷ്ടവും മനുഷ്യജീവന് അപകടവും ഉണ്ടാക്കുന്നുണ്ട്. ഈ ദുരന്തങ്ങൾ ഏറ്റവും കൂടുതൽ ബാധിക്കുന്നത് കർഷകർ, കുടിയേറ്റ തൊഴിലാളികൾ, ഗോത്രവിഭാഗങ്ങൾ തുടങ്ങിയ അരികുവൽക്കരിക്കപ്പെട്ട സമൂഹങ്ങളെയാണ്. ഇവർക്ക് പലപ്പോഴും നിയമസഹായം തേടാനുള്ള അറിവോ വിഭവങ്ങളോ ലഭ്യമല്ല. ജീവിക്കാനുള്ള അവകാശം ഉറപ്പുനൽകുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 21, ഈ ജീവിതത്തിന് ആവശ്യമായ പാരിസ്ഥിതിക സാഹചര്യങ്ങളെയും സംരക്ഷിക്കുന്നുവെന്ന് നാം ഉറപ്പാക്കണം. ഈ മൗലികാവകാശം എല്ലാവർക്കും ഒരുപോലെ ലഭ്യമാക്കേണ്ടത് നമ്മുടെ കടമയാണ്.ഇതിന്റെ അടിസ്ഥാനത്തിലാണ്, മനുഷ്യ-വന്യജീവി സംഘർഷത്തിന്റെ ഇരകൾക്ക് നീതി ലഭ്യമാക്കുന്നതിനുള്ള പുതിയ പദ്ധതിക്ക് ദേശീയ ലീഗൽ സർവീസസ് അതോറിറ്റി (NALSA) തുടക്കം കുറിക്കുന്നത്. ഈ പദ്ധതി ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും നിയമസഹായം നൽകുന്നതിനുള്ള വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു. നിയമ സേവന അതോറിറ്റികളെ ശക്തിപ്പെടുത്താനും ഇരകൾക്ക് ആവശ്യമായ പിന്തുണ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും രൂപകൽപ്പന ചെയ്ത ഒരു ഡാറ്റാധിഷ്ഠിത സമീപനമാണിത്. സ്ത്രീകൾ, കുട്ടികൾ, പ്രായമായവർ തുടങ്ങി ഏറ്റവും ദുർബലരായവർക്ക് പ്രത്യേക പരിഗണന നൽകുമെന്നും ജസ്റ്റിസ് സൂര്യകാന്ത് അറിയിച്ചു.പദ്ധതി വെറും നഷ്ടപരിഹാരത്തിൽ ഒതുങ്ങുന്നില്ല. ഇൻഷുറൻസ്, വൈകല്യ സർട്ടിഫിക്കറ്റുകൾ, മാനസിക പിന്തുണ തുടങ്ങിയവ ഉൾപ്പെടെ സമഗ്രമായ പുനരധിവാസമാണ് ലക്ഷ്യമിടുന്നത്. വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനത്തിലൂടെ, ഇരകൾക്ക് അർഹമായ എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കഴിയും.2025-ലെ നിലവിലെ സ്‌കീമിനൊപ്പം പുതിയ സംരംഭം, നീതിയോടുള്ള നമ്മുടെ പ്രതിബദ്ധതയുടെ ഒരു പുതിയ അധ്യായം തുറക്കുന്നു. മനുഷ്യവികസനത്തിനും പ്രകൃതിയുടെ സംരക്ഷണത്തിനും ഇടയിൽ ഒരു സന്തുലിതാവസ്ഥ കണ്ടെത്താൻ നാം ഒരുമിച്ച് പ്രവർത്തിക്കുന്നത് തുടരണമെന്നും ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.ദേശീയ ലീഗൽ സർവീസസ് അതോറിറ്റിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന വിവിധ സ്‌കീമുകൾ, വെബ്‌സൈറ്റ് എന്നിവയുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസും കേരള ലീഗൽ സർവീസസ് അതോറിറ്റി രക്ഷാധികാരിയായ ജസ്റ്റിസ് നിതിൻ ജാംദാർ, സുപ്രീം കോടതി ജഡ്ജിമാരായ ജസ്റ്റിസ് എം.എം. സുന്ദരേശ്, ജസ്റ്റിസ് ബി.വി. നാഗരത്‌ന, സുപ്രീം കോടതി ജഡ്ജിയും എസ്.സി.എൽ.എസ്.സി. ചെയർമാനുമായ ജസ്റ്റിസ് വിക്രം നാഥ്, കേരള ഹൈക്കോടതി ജഡ്ജിയും കേരള ലീഗൽ സർവീസസ് എക്‌സിക്യൂട്ടീവ് ചെയർമാനുമായ ജസ്റ്റിസ് എ. മുഹമ്മദ് മുസ്താഖ്, കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.എസ്. ഡയസ്, കേരള നിയമ മന്ത്രി ശ്രീ. പി. രാജീവ്, ഇന്ത്യയുടെ അറ്റോർണി ജനറൽ ആർ. വെങ്കടരമണി എന്നിവർ സംബന്ധിച്ചു.