'ലോക: ചാപ്റ്റര്‍ 1: ചന്ദ്ര' സ്പെഷ്യൽ സ്ക്രീനിംഗ് കാണാനെത്തി ദുൽഖർ സൽമാൻ. അബുദാബിയിലെ 369 സിനിമാസിലാണ് ദുല്‍ഖര്‍ സല്‍മാന്‍ താന്‍ നിര്‍മിച്ച ചിത്രം കാണാനെത്തിയത്. ദുല്‍ഖറിനൊപ്പം കല്യാണി പ്രിയദര്‍ശന്‍, നസ്‌ലന്‍, ടൊവിനോ തോമസ് തുടങ്ങിയവരും ഉണ്ടായിരുന്നു. 'ഞാന്‍ വളരെ സന്തോഷവാനാണ്. നിങ്ങള്‍ക്കെല്ലാവര്‍ക്കും പടം ഇത്രയും ഇഷ്ടപ്പെടുമെന്ന് വിചാരിച്ചില്ല. ചെറിയ സ്വപ്‌നം വെച്ച് തുടങ്ങിയതാണ്. പക്ഷേ മുഴുവന്‍ ക്രെഡിറ്റും ഈ ടീമിനുള്ളതാണ്. ഞാന്‍ വെറുമൊരു ഭാഗ്യവാനായ നിര്‍മാതാവ് മാത്രമാണ്' എന്ന് ദുൽഖർ പറഞ്ഞു.താൻ നായകനാകുന്ന ഒരു ചിത്രം വിജയിക്കുന്നതുപോലെ, അല്ലെങ്കിൽ അതിനപ്പുറം സന്തോഷം തോന്നുന്നു എന്നായിരുന്നു ടൊവിനോയുടെ പ്രതികരണം. ലോക എന്ന ചിത്രത്തിന്റെ അണിയറപ്രവർത്തകരെല്ലാം തനിക്ക് ഏറെ പ്രിയപ്പെട്ടവരാണ് എന്നും നടൻ പറഞ്ഞു.'ലോക' സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് 'ചന്ദ്ര'. കല്യാണി പ്രിയദര്‍ശന്‍ ടൈറ്റിൽ റോളിൽ എത്തുന്ന ചിത്രത്തിൽ നസ്‌ലന്‍, സാന്‍ഡി മാസ്റ്റർ, ചന്ദു സലിം കുമാർ, അരുണ്‍ കുര്യൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ശാന്തി ബാലചന്ദ്രന്‍, ശരത് സഭ, നിഷാന്ത് സാഗര്‍ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്.