തന്റെ ആദ്യ സിനിമയായ പറവയെ ഓർത്തെടുക്കുമ്പോൾ തന്റെ കഥാപാത്രത്തേക്കാൾ ഓർത്തെടുക്കാൻ ഇഷ്ടം സൗബിൻ എന്ന പേരാണ് എന്ന് അർജുൻ അശോകൻ. തന്നെ പിക്ക് ചെയ്യുമ്പോൾ തനിക്ക് ടാലന്റ് ഉണ്ടെന്ന് പോലും അദ്ദേഹത്തിന് അറിയില്ലായിരുന്നു. കാരണം, ഇതിന് മുമ്പ് എവിടെയും അഭിനയിച്ച് കണ്ടിട്ടില്ല, നേരിട്ട് മാത്രമേ സംസാരിച്ചിട്ടുള്ളൂ. ആ സമയത്ത് സൗബിൻ പറഞ്ഞത് ഇപ്പോൾ പോലും അദ്ദേഹം വീണ്ടും ഓർത്തെടുത്ത് പറഞ്ഞിരുന്നുവെന്നും അർജുൻ അശോകൻ പറഞ്ഞു.അർജുൻ അശോകന്റെ വാക്കുകൾപറവയിലെ ഹക്കീം എന്ന കഥാപാത്രത്തെ ഓർത്തെടുക്കുമ്പോൾ എനിക്ക് ഒരേയൊരു പേര് മാത്രമാണ് മനസിലേക്ക് വരുന്നത്, സൗബിൻ ഷാഹിർ. കഴിഞ്ഞ ദിവസം പോലും ഞങ്ങൾ സംസാരിച്ചിരുന്നു, തലവര നല്ല അഭിപ്രായങ്ങൾ നേടുന്നുണ്ട്, പോയി കാണണം എന്ന് പറയാൻ വിളിച്ചിരുന്നു. അടുത്ത ദിവസം എന്നെ തിരിച്ച് വിളിച്ച് ബർത്ത്ഡേ വിഷ് ചെയ്തു. പിന്നെ വീണ്ടും വിളിച്ച് എന്നോട് കുറേ നേരം സംസാരിച്ചു. നിന്റെ വളർച്ച കാണുമ്പോൾ വളരെ സന്തോഷമുണ്ട് എന്നൊക്കെ പറഞ്ഞ് വലിയൊരു എഴുത്ത് എഴുതിയിടുകയാണ് ഉണ്ടായത്. അതൊക്കെ കണ്ടപ്പോൾ എന്റെ കണ്ണൊക്കെ നിറഞ്ഞ് ഭയങ്കര സന്തോഷമായി. ജീവിതവും ജീവനും തന്ന മനുഷ്യനാണ്. അദ്ദേഹം ഇത്തരം കാര്യങ്ങൾ ഓർത്തുവെക്കുക എന്ന് പറയുന്നത് എന്നെ സംബന്ധിച്ചെടുത്തോളം വലിയ കാര്യമാണ്.എന്നിലെ ടാലന്റിനെ മനസിലാക്കി മുന്നോട്ട് കൊണ്ടുവന്നത് അദ്ദേഹമാണ്. എന്നെ പിക്ക് ചെയ്യുമ്പോൾ എനിക്ക് ടാലന്റ് ഉണ്ടെന്ന് പോലും അദ്ദേഹത്തിന് അറിയില്ലായിരുന്നു. കാരണം, ഇതിന് മുമ്പ് എവിടെയും അഭിനയിച്ച് കണ്ടിട്ടില്ല, നേരിട്ട് മാത്രമേ സംസാരിച്ചിട്ടുള്ളൂ. അത് എന്തിനാണെന്ന് പോലും എനിക്കറിയില്ലായിരുന്നു. പറവയുടെ ഷൂട്ട് സമയത്ത് അദ്ദേഹം എന്നോട് പറഞ്ഞിരുന്നു, നീ പൊളിക്കും എന്ന്. അത് കഴിഞ്ഞ ദിവസം കൂടി വീണ്ടും ഓർത്തെടുത്തിരുന്നു. അർജുൻ അശോകൻ പറഞ്ഞു.