സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 3 മുതല്‍ 9 വരെ സംഘടിപ്പിക്കും. ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബര്‍ 3 ന് വൈകിട്ട് 6 മണിക്ക് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. സംഗീത, നൃത്ത, വാദ്യഘോഷങ്ങളോടെ സെപ്റ്റംബര്‍ ഒമ്പത് വരെ വിപുലമായ പരിപാടികളോടെയാണ് ഓണം വാരാഘോഷം സംഘടിപ്പിക്കുന്നത്.ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടന സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് ശ്രീ. വി.ഡി. സതീശന്‍, പൊതുവിദ്യാഭ്യാസ തൊഴില്‍ മന്ത്രി വി. ശിവന്‍കുട്ടി, ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആര്‍ അനില്‍, എം.പിമാര്‍, എം.എല്‍.എ.മാര്‍, മേയര്‍ ആര്യ രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്അഡ്വ. ഡി. സുരേഷ് കുമാര്‍, ടൂറിസം സെക്രട്ടറി. ബിജു, ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സംവിധായകനും നടനുമായ ബേസില്‍ ജോസഫ്, തമിഴ് നടന്‍ രവി മോഹന്‍ (ജയം രവി) എന്നിവര്‍ മുഖ്യാതിഥികളാകും. ഉദ്ഘാടന ചടങ്ങിനു ശേഷം നിശാഗന്ധിയില്‍ മ്യൂസിക്ക് നൈറ്റ് അരങ്ങേറും.വൈവിധ്യപൂര്‍ണമായ ഓണാഘോഷ പരിപാടികളാണ് ഇത്തവണ സംഘടിപ്പിക്കുന്നത്. ദീപാലങ്കാരവും ഘോഷയാത്രയും കലാപരിപാടികളും ഉള്‍പ്പെടെ മുന്‍വര്‍ഷങ്ങളേക്കാള്‍ വിപുലമായി നടത്തും.Also read – ഇളവുകള്‍ ദുരുപയോഗം ചെയ്ത് റീല്‍സടക്കം എടുക്കുന്ന രീതി അവസാനിച്ചേ മതിയാവൂ; മുന്നറിയിപ്പുമായി എംവിഡികേരളത്തിന്റെ പരമ്പരാഗതവും തനിമ തുടിക്കുന്നതുമായ കലാരൂപങ്ങള്‍ക്കൊപ്പം ആധുനിക കലകളും സംഗീത, ദൃശ്യ വിരുന്നുകളും ആയോധന കലാപ്രകടനങ്ങളും ഓണം വാരാഘോഷത്തിന് മാറ്റുകൂട്ടും. സെന്‍ട്രല്‍ സ്റ്റേഡിയം, പൂജപ്പുര മൈതാനം, ഗ്രീന്‍ ഫീല്‍ഡ്, ശംഖുമുഖം, ഭാരത് ഭവന്‍,ഗാന്ധിപാര്‍ക്ക്, വൈലോപ്പിളളി സംസ്കൃതി ഭവന്‍, മ്യൂസിയം കോമ്പൗണ്ട് തുടങ്ങി മുപ്പത്തിമൂന്ന് വേദികളിലാണ് തിരുവനന്തപുരത്ത് കലാപരിപാടികള്‍ അരങ്ങേറുക. പ്രമുഖര്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് കലാകാരന്മാര്‍ ഇതില്‍ ഭാഗമാകും. വര്‍ക്കല ടൂറിസം കേന്ദ്രത്തിലും നെടുമങ്ങാടുംവിപുലമായ പരിപാടികള്‍ അരങ്ങേറും നാളെ (ഓഗസ്റ്റ് 31) വൈകിട്ട് അഞ്ചിന് കനകക്കുന്നില്‍ ഓണാഘോഷത്തിന്റെ പതാക ഉയര്‍ത്തും. ഓണം ട്രേഡ് ഫെയര്‍ ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് രണ്ടിന് കനകക്കുന്നില്‍ ഉദ്ഘാടനംചെയ്യും. ഓണാഘോഷത്തോട് അനുബന്ധിച്ച് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സെപ്റ്റംബര്‍ 2 ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് നടക്കുന്ന പ്രദര്‍ശന വടംവലിയില്‍ എംഎല്‍.എമാര്‍, കോര്‍പ്പറേഷന്‍, ജില്ലാ പഞ്ചായത്ത്, സെക്രട്ടേറിയറ്റ് ജീവനക്കാര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.നഗരത്തിലെ ദീപാലങ്കാരം, മീഡിയ സെന്റര്‍ എന്നിവയുടെ ഉദ്ഘാടനം ചൊവ്വാഴ്ച വൈകിട്ട് 6.30 ന് നടക്കും. അത്തപ്പൂക്കള മത്സരം ചൊവ്വാഴ്ച വെളളയമ്പലം ജവഹര്‍ ബാലഭവനില്‍ സംഘടിപ്പിക്കും. പ്രമോദ് പയ്യന്നൂര്‍, ജി.എസ്. പ്രദീപ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കേരളീയ കലാരൂപങ്ങളുടെ ദൃശ്യാവിഷ്കാരത്തിന് നിശാഗന്ധി വേദിയാകും. കൂടാതെ പ്രശസ്ത സംഗീത സംവിധായകന്‍ ശരത്തിന്റെ സംഗീതനിശയും മനോ, ചിന്മയീ, വിനീത് ശ്രീനിവാസന്‍, സിത്താര കൃഷ്ണകുമാര്‍, തുടങ്ങിയവരുടെ സംഗീതപരിപാടികളും സുരാജ് വെഞ്ഞാറമൂടിന്റെ മെഗാഷോയുംനിശാഗന്ധിയില്‍ നടക്കും. നരേഷ് അയ്യര്‍, ബിജു നാരായണന്‍, കല്ലറ ഗോപന്‍, സുധീപ് കുമാര്‍, വിധു പ്രതാപ്, നജിം അര്‍ഷാദ്, രമ്യ നമ്പീശന്‍, രാജേഷ് ചേര്‍ത്തല, നിത്യ മാമ്മെന്‍, പുഷ്പവതി, എന്നിവരുടെ സംഗീത പരിപാടികള്‍ വിവിധ വേദികളിലായിഅരങ്ങേറും.ഇതിനു പുറമേ വിവിധ വേദികളിലായി മ്യൂസിക്ക് ബാന്‍ഡുകളുടെ അവതരണവും കോമഡി മെഗാ ഷോകളും നൃത്തപരിപാടികളും ഓണാഘോഷത്തിന് മാറ്റുകൂട്ടും. സെന്‍ട്രല്‍ സ്റ്റേഡിയത്തിലും പൂജപ്പുര മൈതാനത്തുമായി വിവിധ മാധ്യമ സ്ഥാപനങ്ങളുടെ പരിപാടികള്‍ നടക്കും. ഓണം വാരാഘോഷത്തിന്റെ സമാപനം കുറിച്ച് വെളളയമ്പലം മുതല്‍ കിഴക്കേക്കോട്ട വരെ നടക്കുന്ന വര്‍ണ്ണശബളമായ ഘോഷയാത്ര സെപ്റ്റംബര്‍ ഒമ്പതിന് വൈകിട്ട് മാനവീയം വീഥിയില്‍ ഫ്ളാഗ് ഓഫ് ചെയ്യും. മറ്റ് ജില്ലകളിലെ ഓണാഘോഷ പരിപാടികള്‍ക്ക് സംസ്ഥാന വിനോദസഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും നേതൃത്വം നല്‍കും..The post ഓണം വാരാഘോഷം ; സെപ്റ്റംബര് 3ന് കനകക്കുന്ന് നിശാഗന്ധിയില് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും: മുഖ്യാതിഥികളായി ബേസില് ജോസഫും രവി മോഹനും appeared first on Kairali News | Kairali News Live.