ടിയാന്‍ജിന്‍ | ഇന്ത്യയും ചൈനയും വികസന പങ്കാളികളാണെന്നും എതിരാളികളല്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രിസഡന്റ് ഷി ജിന്‍പിങ്ങും തമ്മിലുള്ള ചര്‍ച്ചയില്‍ ഇരുനേതാക്കളും വ്യക്തമാക്കിയെന്ന് വിദേശകാര്യ മന്ത്രാലയം. അഭിപ്രായവ്യത്യാസങ്ങള്‍ തര്‍ക്കങ്ങളായി മാറരുതെന്ന് മോദിയും ഷിയും ആവര്‍ത്തിച്ച് ഉറപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.ടിയാന്‍ജിനില്‍ നടന്ന ഷാങ്ഹായ് കോ- ഓപറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ് സി ഒ) നേതാക്കളുടെ ഉച്ചകോടിയോടനുബന്ധിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റും തമ്മില്‍ കൂടിക്കാഴ്ചയുടെ നടത്തിയത്.2024ല്‍ കസാനില്‍ നടന്ന മോദിയും ഷിയും തമ്മിലുള്ള അവസാന കൂടിക്കാഴ്ചക്ക് ശേഷം ഉഭയകക്ഷി ബന്ധങ്ങളിലുണ്ടായ ഗുണപരമായ മുന്നേറ്റത്തെയും സുസ്ഥിരമായ പുരോഗതിയെയും ഇരു നേതാക്കളും സ്വാഗതം ചെയ്തു. പരസ്പര ബഹുമാനം, പരസ്പര താത്പര്യങ്ങള്‍, പരസ്പരം വികാരങ്ങള്‍ മാനിക്കല്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ ഇന്ത്യയും ചൈനയും അവരുടെ 280 കോടി ജനങ്ങളും തമ്മിലുള്ള സ്ഥിരമായ ബന്ധവും സഹകരണവും ഇരു രാജ്യങ്ങളുടെയും വളര്‍ച്ചയ്ക്കും വികസനത്തിനും അത്യന്താപേക്ഷിതമാണ്. കൂടാതെ, 21-ാം നൂറ്റാണ്ടിന്റെ പ്രവണതകള്‍ക്ക് അനുയോജ്യമായ ബഹുധ്രുവ ലോകത്തിനും ബഹുധ്രുവ ഏഷ്യയ്ക്കും ഇത് ആവശ്യമാണെന്ന് വിദേശകാര്യ മന്ത്രാലയത്തിൻ്റെ പ്രസ്താവനയില്‍ അറിയിച്ചു.ഉഭയകക്ഷി ബന്ധങ്ങളുടെ തുടര്‍ച്ചയായ വികസനത്തിന് അതിര്‍ത്തി പ്രദേശങ്ങളിലെ സമാധാനവും ശാന്തതയും പ്രധാനമാണെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞതായും വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷത്തെ വിജയകരമായ സൈനിക പിന്മാറ്റവും അതിനുശേഷം അതിര്‍ത്തി പ്രദേശങ്ങളില്‍ സമാധാനവും ശാന്തതയും നിലനിര്‍ത്തുന്നതും ഇരു നേതാക്കളും സംതൃപ്തിയോടെ വിലയിരുത്തി. അതിര്‍ത്തിപ്രശ്നത്തിന് ന്യായവും യുക്തിസഹവും പരസ്പരം സ്വീകാര്യവുമായ ഒരു പരിഹാരത്തിന് ഇരുനേതാക്കളും പ്രതിബദ്ധത പ്രകടിപ്പിച്ചു.