വോട്ടുകൊള്ളയെന്ന മുദ്രാവാക്യം പ്രധാനമായി ഉന്നയിച്ചു കൊണ്ടും ബിഹാര്‍ വോട്ടര്‍പ്പട്ടികയില്‍ നിന്ന് 65 ലക്ഷം പേരെ ഒഴിവാക്കിയ എസ് ഐ ആര്‍ എന്ന കടുംപുതുക്കലിനെതിരെയും ബിഹാറില്‍ ആരംഭിച്ചിരിക്കുന്ന യാത്ര ഇന്ത്യന്‍ രാഷ്ട്രീയത്തെ തന്നെ മാറ്റാന്‍ പോകുന്നു എന്ന ചിന്ത ശക്തമാക്കിയിരിക്കുന്നു. ഒരു പതിറ്റാണ്ട് മുമ്പ് എതിരാളികള്‍ കേവലം പപ്പു എന്നാക്ഷേപിച്ചിരുന്ന രാഹുല്‍ ഗാന്ധി ഇന്ന് യഥാര്‍ഥ പ്രതിപക്ഷ നേതാവായി ഉയര്‍ന്നിരിക്കുന്നു.എന്താണ് ക്രമക്കേടുകള്‍?ഈ മാസം ആദ്യവാരത്തില്‍ രാഹുല്‍ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പോലും പറയുന്നില്ല. ബെംഗളൂരു സെന്‍ട്രല്‍ ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട മഹാദേവപുര നിയമസഭാ മണ്ഡലത്തിലെ വോട്ടര്‍പ്പട്ടികയില്‍ വന്നിട്ടുള്ള ക്രമക്കേടുകള്‍ കൃത്യമായി ചൂണ്ടിക്കാട്ടിക്കൊണ്ട് അവിടെ ഒരു ലക്ഷത്തിലധികം പേര്‍ കള്ളവോട്ടര്‍മാരായി ഉണ്ടെന്ന് തെളിവ് സഹിതം അദ്ദേഹം വിവരിച്ചു. ഈ രേഖകള്‍ എല്ലാം തന്നെ കമ്മീഷന്‍ പുറത്തുനല്‍കിയ രേഖകള്‍ തന്നെയാണ്. ഒന്നില്‍ കൂടുതല്‍ തവണ പട്ടികയില്‍ പേരുള്ളവര്‍-11,965, മേല്‍വിലാസം ഇല്ലാത്തവര്‍ അല്ലെങ്കില്‍ കണ്ടെത്താന്‍ കഴിയാത്തവര്‍-40,009, ഒറ്റ മുറിവീട്ടില്‍ വ്യത്യസ്ത കുടുംബങ്ങളില്‍ പെട്ടവര്‍ താമസിക്കുന്നത്-10,452, ഫോട്ടോ ഇല്ലാത്തതും തിരിച്ചറിയാന്‍ കഴിയാത്തതുമായവര്‍- 4,132, പുതിയ വോട്ടര്‍മാരെ ചേര്‍ക്കുന്ന ഫോം 6 ദുരുപയോഗിച്ച് ചേര്‍ന്നവര്‍- 33,962. ഇങ്ങനെയാണ് 1,00,250 പേര്‍ പട്ടികയില്‍ കയറിയത്. മണ്ഡലത്തിലെ ആറ് ലക്ഷം വോട്ടര്‍മാരില്‍ ആറിലൊന്ന് പേര്‍. ആ മണ്ഡലത്തില്‍ ബി ജെപി സ്ഥാനാര്‍ഥിയുടെ ഭൂരിപക്ഷം വെറും 32,000 മാത്രം. മേല്‍ പറഞ്ഞ ക്രമക്കേടുകള്‍ക്ക് ഉദാഹരണങ്ങള്‍ കൃത്യമായി നല്‍കിയിട്ടുണ്ട്.ഒരാള്‍ക്ക് ആ മണ്ഡലത്തില്‍ നാല് വോട്ടുകള്‍. ഒരേ ചിത്രം ഒരേ മേല്‍വിലാസം. ഇത്തരം ആയിരക്കണക്കിന് പേരുണ്ട്. ഒരേ ആള്‍ തന്നെ കര്‍ണാടകയില്‍ ഒന്നിലേറെ സ്ഥലങ്ങളില്‍ വോട്ട് ചെയ്തു. അയാള്‍ തന്നെ യു പിയിലെ ലക്‌നോയിലും വാരാണസിയിലും മഹാരാഷ്ടയിലും വോട്ട് ചെയ്യുന്നു. അന്തര്‍സംസ്ഥാന വോട്ടര്‍മാര്‍. വീട്ടുനമ്പര്‍ ‘0’ ആയ ആയിരക്കണക്കിന് പേര്‍ ഉണ്ട്. വീടില്ലാത്തവര്‍ക്കും വോട്ട് ചെയ്യാന്‍ അവകാശം നല്‍കുകയെന്നതാണ് ഇതിന് ന്യായമായി പറയുന്നത്. സ്വന്തം പിതാവിന്റെ പേര് ബന്ധമില്ലാത്ത കുറെ ഇംഗ്ലീഷ് അക്ഷരങ്ങള്‍ (ഃരറഷുെ എന്നൊക്കെ) മാത്രമായ നിരവധി പേരുണ്ട്. അവര്‍ക്കൊന്നും മേല്‍വിലാസമില്ല. ഉള്ള മേല്‍വിലാസം അന്വേഷിച്ചാല്‍ കാണില്ല.ഒരേ വീട്ടു നമ്പറില്‍ അമ്പതും നൂറും പേര്‍ താമസിക്കുന്നതായി പട്ടിക പറയുന്നു. ഒറ്റമുറി വീടാണ്. അവിടെ താമസിക്കുന്നവര്‍ വ്യത്യസ്ത ജാതികളിലും കുടുംബങ്ങളിലും പെട്ടവരുമാണ്. അന്വേഷിക്കാന്‍ ചെന്നവര്‍ ഈ ആളുകളെ കണ്ടിട്ടില്ല. കൂടുതല്‍ ചോദിച്ചാല്‍ മര്‍ദിക്കാനായി ഒരു സംഘം വരും. ഫോട്ടോ ആണ് പ്രധാനമായ ഒരു തിരിച്ചറിയല്‍ സാധ്യത. ആയിരക്കണക്കിന് പേരുടെ ഫോട്ടോ പട്ടികയില്‍ ഇല്ല. ഉള്ള ചില ഫോട്ടോകള്‍ കാണാന്‍ കഴിയാത്ത വിധം ചെറുതുമാണ്.ഏറ്റവും വലിയ തട്ടിപ്പ് പുതിയ വോട്ടര്‍മാരെ ചേര്‍ക്കുന്നത് വഴിയാണ് നടത്തുന്നത്. രാഹുല്‍ തമാശയായി പറഞ്ഞു: പുതിയ വോട്ടര്‍മാര്‍, ആദ്യമായി വോട്ട് ചെയ്യുന്ന യുവാക്കള്‍ മോദിക്കാണ് വോട്ട് ചെയ്യുക എന്നാണല്ലോ പ്രധാനമന്ത്രിയുടെ അവകാശവാദം. പക്ഷേ, ഇവിടെ ഫോം 6 ഉപയോഗിച്ച് പുതിയ വോട്ടര്‍മാരായി ചേര്‍ന്നവരില്‍ നല്ലൊരു പങ്കും 90ഉം 80ഉം 70ഉം വയസ്സ് കഴിഞ്ഞവരാണ്. പലര്‍ക്കും മറ്റിടങ്ങളില്‍ വോട്ടുണ്ട് താനും. 18-20 പ്രായക്കാര്‍ തീരെ കുറവും. ശകുന്‍ റാണി എന്ന 70കാരിയുടെ കഥ രാഹുല്‍ വിവരിച്ചു. അവര്‍ക്ക് രണ്ട് വോട്ടുണ്ട്. അവര്‍ രണ്ട് പ്രാവശ്യം ഫോം6 ഉപയോഗിച്ച് കന്നി വോട്ടറായി ചേര്‍ന്നു. എല്ലായിടത്തും അവര്‍ വോട്ട് ചെയ്തതായി രേഖകള്‍ കാണിക്കുന്നുമുണ്ട്.എന്തുകൊണ്ട് ഈ അന്വേഷണം?ഇത് പെട്ടെന്നൊരു ബോധോദയത്തില്‍ ഉണ്ടായ ഒരു അന്വേഷണമല്ല. ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലയായ സത്യസന്ധവും നീതിപൂര്‍വകവുമായ തിരഞ്ഞെടുപ്പ് എന്ന സങ്കല്‍പ്പം അട്ടിമറിക്കപ്പെടുന്നു എന്ന സൂചനകള്‍ കുറേക്കാലമായി ഉണ്ട്. ഒരാള്‍ക്ക് ഒരു വോട്ട് എന്ന നിയമം പാലിക്കപ്പെടുന്നില്ല എന്ന സംശയം ഗുരുതരമാണ്. പല തിരഞ്ഞെടുപ്പ് ഫലങ്ങളും പുറത്തുവരുമ്പോള്‍ ഈ സംശയങ്ങള്‍ ബലപ്പെടാറും ഉണ്ട്. രാഹുല്‍ പത്രസമ്മേളനത്തില്‍ പറഞ്ഞത് ഹരിയാന, മധ്യപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ ഫലങ്ങളാണ്. അഭിപ്രായ സര്‍വേകളും എക്സിറ്റ് പോളുകളും രാഷ്ട്രീയ കക്ഷികളുടെ വിലയിരുത്തലുകളും തെറ്റിച്ചു കൊണ്ട് ഫലം വന്നു.മുന്‍കാലങ്ങളില്‍ രാജ്യത്തെ പൊതുതിരഞ്ഞെടുപ്പ് കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കിയിരുന്നു. ഇപ്പോള്‍ അത് മാസങ്ങള്‍ നീളുന്ന ഒരു പരിപാടിയായിരിക്കുന്നു. എന്തുകൊണ്ടാണിത്? അല്ലെങ്കില്‍ എന്തിനു വേണ്ടിയാണിത്? പ്രധാനമായും പല സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് പലയിടത്തുമായി വോട്ട് ചെയ്യാന്‍ ഇതുവഴി സൗകര്യമൊരുക്കുന്നു. ഭരണക്ഷി നേതാക്കളുടെ തിരഞ്ഞെടുപ്പ് പരിപാടി ക്രമീകരിക്കുന്നതനുസരിച്ച് ഇങ്ങനെ ചെയ്യുന്നു എന്ന ആക്ഷേപവും ഉണ്ടായിട്ടുണ്ട്. പല സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളും ഒരു കാരണവും പറയാതെ തോന്നിയത് പോലെ മാറ്റുന്നതിന്റെ പിന്നിലും ഇത്തരം ചില ലക്ഷ്യങ്ങളുണ്ടെന്ന് സംശയിക്കപ്പെടുന്നു.ഡിജിറ്റല്‍ പട്ടിക എന്തിന് ?വോട്ടര്‍പ്പട്ടിക ഡിജിറ്റല്‍ അല്ലാത്തതിനാല്‍ ഓരോ പേജും പരിശോധിക്കേണ്ടി വന്നു. ഏഴ് അടി ഉയരമുള്ള കടലാസ് കെട്ടാണ് ഒരു നിയമത്സഭാ മണ്ഡലത്തിലെ വോട്ടര്‍പ്പട്ടിക എന്നറിയുക. ഇതെല്ലാം പരിശോധിക്കാന്‍ 30-40 പേര്‍ ആറ് മാസം തുടര്‍ച്ചയായി പ്രയത്നിക്കണം. ഈ പേജുകള്‍ സ്‌കാന്‍ ചെയ്യാന്‍ കഴിയാത്ത വിധം ആക്കിയിരിക്കുന്നത് എന്തിനാണ് എന്നറിയില്ല. ഡിജിറ്റല്‍ പട്ടികയാണെങ്കില്‍ ഒരു മിനുട്ടിന് താഴെ സമയം കൊണ്ട് മേല്‍പറഞ്ഞ ക്രമക്കേടുകള്‍ കണ്ടെത്താം. ഒരാളുടെ ഫോട്ടോയോ പേരോ എത്ര പ്രാവശ്യം ആവര്‍ത്തിക്കുന്നുവെന്ന് ഉടന്‍ അറിയാം. കൂടുതല്‍ പേര്‍ താമസിക്കുന്ന കെട്ടിടങ്ങളുടെ നമ്പര്‍ കിട്ടും. ഫോട്ടോ ഇല്ലാത്തവര്‍, കെട്ടിട നമ്പര്‍ ഇല്ലാത്തവര്‍, മേല്‍വിലാസം ഇല്ലാത്തവര്‍ ഒക്കെ പെട്ടെന്ന് കണ്ടെത്താം. പക്ഷേ, അത് തരാന്‍ കമ്മീഷന്‍ തയ്യാറല്ല എന്നതില്‍ നിന്ന് തന്നെ അവരുടെ താത്പര്യങ്ങള്‍ വ്യക്തമാണ്.അരിയെത്ര പയറഞ്ഞാഴിരാഹുല്‍ ഗാന്ധിയുടെ പത്രസമ്മേളനത്തിന് മറുപടി എന്ന രീതിയില്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ പറഞ്ഞ കാര്യങ്ങള്‍ ജനാധിപത്യത്തിന് തന്നെ കളങ്കമാണ്. പട്ടികയില്‍ തെറ്റുകള്‍ ഉണ്ടെങ്കില്‍ കോടതിയിലെന്ന പോലെ പ്രതിജ്ഞയോടെ രേഖകള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. കമ്മീഷന്റെ തന്നെ രേഖകളാണിവ എന്നതിനാല്‍ ഞങ്ങള്‍ ഇതന്വേഷിക്കും എന്ന് പറയാന്‍ ബാധ്യതപ്പെട്ട സ്ഥാപനമാണിത്. രാജ്യത്തെ തിരഞ്ഞെടുപ്പ് സംവിധാനം കുറ്റമറ്റതാണെന്ന് തെളിയിക്കാന്‍ അവര്‍ക്ക് ബാധ്യതയുണ്ട്. തന്നെയുമല്ല പട്ടികയില്‍ ക്രമക്കേടുകള്‍ ഉണ്ടെങ്കില്‍ അവ പരിഹരിക്കേണ്ടത് രാഷ്ട്രീയ കക്ഷികളുടെ മാത്രം ചുമതലയാണെന്ന് കൂടി അവര്‍ പറയുന്നു. പിന്നെ അവരുടെ പണി എന്താണ്?ഡിജിറ്റല്‍ പട്ടിക തരില്ലെന്ന് പറയാന്‍ ഒരു ന്യായവും അവര്‍ക്കില്ല. ഏകപക്ഷീയമായി നിഷേധിക്കുക മാത്രം. വോട്ട് ചെയ്തവരുടെ സി സി ടി വി ദൃശ്യങ്ങള്‍ തങ്ങള്‍ നശിപ്പിച്ചു എന്ന വാദം എത്ര വലിയ അസംബന്ധമാണ്. ഒരാള്‍ ഒന്നിലേറെ തവണ വോട്ട് ചെയ്തിട്ടുണ്ടെങ്കില്‍ അത് കണ്ടെത്താന്‍ പിന്നെന്തു വഴി? ഇതിനെല്ലാം പുറമെ സഹോദരിമാരുടെ ദൃശ്യങ്ങള്‍ പുറത്തുവിടുന്നത് അവര്‍ക്ക് അപമാനകരമാകും എന്ന അബദ്ധവാദവും. പിന്നെന്തിനാണ് ബൂത്തുകളില്‍ ക്യാമറ വെച്ചിരിക്കുന്നത്? നിരവധി ചോദ്യങ്ങള്‍ ഉത്തരമില്ലാതെ കിടക്കുന്നു. ഈ ചോദ്യങ്ങളാണ് യാത്രയില്‍ രാഹുലും പ്രതിപക്ഷവും ഉയര്‍ത്തുന്നത്.എസ് ഐ ആര്‍ഇലക്ടറല്‍ റോളുകളുടെ കടുംപുതുക്കലില്‍ ഒഴിവാക്കിയ 65 ലക്ഷം വോട്ടര്‍മാരുടെ പേരുകള്‍, ഒഴിവാക്കിയതിന്റെ കാരണങ്ങള്‍ക്കൊപ്പം പ്രസിദ്ധീകരിക്കാനുള്ള സുപ്രീം കോടതി ഉത്തരവ്, ഇലക്ഷന്‍ കമ്മീഷന്റെ വിരല്‍ മടക്കുകള്‍ക്കു കിട്ടിയ തട്ടാണ്. ആ വോട്ടര്‍മാര്‍ക്ക് സ്വാഭാവിക നീതി കിട്ടാന്‍ കോടതിയുടെ ഇടപെടല്‍ വേണ്ടിവന്നു എന്നത് ബിഹാറിലെ എസ് ഐ ആറിന്റെ അലക്ഷ്യമായും തിടുക്കത്തിലുമുള്ള നടത്തിപ്പ് എടുത്തുകാട്ടുന്നു. മരണമോ, കാണാതാകലോ, പേരിരട്ടിപ്പോ കാരണം എസ് ഐ ആറില്‍ ഒഴിവാക്കി എന്ന് കമ്മീഷന്‍ പറയുന്നവരുടെ സമഗ്രപട്ടികയൊന്നും നിലവിലില്ല.ഒഴിവാക്കിയ പേരുകള്‍ക്കൊപ്പം കാരണമൊന്നും കാണിച്ചിട്ടില്ല. ഹിന്ദു പത്രം നടത്തിയ വിശകലനവും പ്രാദേശിക റിപോര്‍ട്ടുകളും കാര്യമായ പിശകുകള്‍ കാണിച്ചുതന്നു. സംസ്ഥാനം വിട്ടുപോയവരും മരിച്ചവരും ഏറെയും പുരുഷന്മാരായിട്ടും പുരുഷന്മാരേക്കാള്‍ (25 ലക്ഷം) അധികം സ്ത്രീകള്‍ (32 ലക്ഷം) ഒഴിവാക്കപ്പെട്ടിരിക്കുന്നു. വോട്ടര്‍ കാര്‍ഡും താമസത്തെളിവും ഉള്ള ഒരുപാടു പേരെ മരിച്ചെന്നും മറ്റും പറഞ്ഞ് ഒഴിവാക്കിയതായി സംസ്ഥാനമെമ്പാടും നിന്നുള്ള റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മരിച്ചതായി പറയുന്ന പലരോടുമൊപ്പം ചായ കുടിക്കുന്ന ദൃശ്യം രാഹുല്‍ തന്നെ പുറത്തുവിട്ടിട്ടുമുണ്ട്. കോടതിയുടെ ഇടപെടല്‍ ഇതിനെ സാര്‍ഥകമായി നേരിടാന്‍ അവസരം ഒരുക്കുന്നു.എസ് ഐ ആറിന്റെ നടത്തിപ്പില്‍ കമ്മീഷന്‍ പിന്തുടര്‍ന്ന സുതാര്യതയില്ലായ്മ തുറന്നുകാട്ടുന്നതാണ് കോടതിയുടെ ഉത്തരവ്. ഇലക്ടറല്‍ റോളുകള്‍ വിശകലനം ചെയ്യുന്ന ഭാരിച്ച ചുമതല പൊതുസമൂഹത്തിന്റേതാണെന്ന് പറയുന്ന കമ്മീഷന്‍, ഒഴിവാക്കിയവരുടെ പേരുകളും കാരണങ്ങളും ഒരുമിച്ചു ലഭ്യമാക്കാന്‍ ആ ന്യായം പറഞ്ഞ് ഇപ്പോഴും വിസമ്മതിക്കുന്നു.കേരളത്തിലോ?രാഹുല്‍ ഗാന്ധി നയിക്കുന്ന യാത്ര കേരളത്തില്‍ ശക്തമായി പ്രതിഫലിക്കുന്നില്ല എന്ന വികാരം ശക്തമാണ്. രാഹുലിന്റെ പാര്‍ട്ടിയോ ഇന്ത്യ സഖ്യത്തിലെ മറ്റു കക്ഷികളോ ഇതൊരു പ്രധാന വിഷയമായി കാണാത്തതെന്തു കൊണ്ട്? കേരളത്തിലെ ഒരു മണ്ഡലത്തില്‍ ചരിത്രത്തിലാദ്യമായി ഒരു ബി ജെ പി സ്ഥാനാര്‍ഥി വിജയിച്ച അനുഭവം നമ്മുടെ മുന്നിലുണ്ട്. അവിടെയും വോട്ട് ചേര്‍ക്കല്‍ സംബന്ധിച്ച വിവാദങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. എല്‍ ഡി എഫ്- യു ഡി എഫ് മുന്നണികള്‍ക്ക് ശക്തമായ വേരോട്ടമുള്ള കേരളത്തില്‍ ഇതാകാമെങ്കില്‍ മറ്റെവിടെയും ഇത് സാധ്യമാണ് എന്ന് കാണാം. കേരളത്തിന്റെ മുഖ്യമന്ത്രി ഇതുവരെ ഈ വിഷയത്തില്‍ ഒന്നും പറഞ്ഞിട്ടില്ല. തമിഴ്നാട് മുഖ്യമന്ത്രിയടക്കം നിരവധി പേര്‍ ഇതിനകം രാഹുലിന്റെ യാത്രയില്‍ പങ്കെടുക്കുകയും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിട്ടുമുണ്ട്. ഇന്ത്യന്‍ ജാനധിപത്യത്തിന്റെ അടിത്തറ സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ എല്ലാ മതേതര ജനാധിപത്യ വിശ്വാസികളും അണിനിരക്കും എന്ന് പ്രതീക്ഷിക്കാം.