സ്വവര്‍ഗ്ഗ ബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന് വിധിച്ച ജഡ്ജി, ആരാണ് ജസ്റ്റിസ് ലോകൂറിൻ്റെ വെളിപ്പെടുത്തലില്‍ നായകനായ ജസ്റ്റിസ് മുരളീധര്‍?

Wait 5 sec.

എക്‌സിക്യൂട്ടീവിന്റെ ഇടപെടല്‍ ജുഡീഷ്യറിയില്‍ വര്‍ദ്ധിക്കുന്നുണ്ടോ എന്ന ചോദ്യം കാലങ്ങളായി കേട്ടു വരുന്നതാണ്. ജഡ്ജിമാരുടെ നിയമനത്തിലും അവരുടെ സ്ഥലം മാറ്റത്തിലും രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടാകുന്നു എന്ന ആരോപണങ്ങളും ഉയര്‍ന്നിരുന്നു. അതിന് ഒരു സ്ഥിരീകരണം നല്‍കുകയാണ് മുന്‍ സുപ്രീം കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് മദന്‍ ബി. ലോകൂര്‍. ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് എസ്. മുരളീധറിനെ സ്ഥലം മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയെന്ന് (ഇന്‍)കംപ്ലീറ്റ് ജസ്റ്റിസ്? സുപ്രീം കോര്‍ട്ട് അറ്റ് 75 എന്ന പുസ്തകത്തില്‍ ജസ്റ്റിസ് ലോകൂര്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു. താന്‍ സുപ്രീം കോടതി കൊളീജിയത്തില്‍ അംഗമായിരുന്ന കാലത്ത് ഉണ്ടായ സംഭവങ്ങളാണ് മദന്‍ ലോകൂര്‍ വിവരിക്കുന്നത്. ഏതെങ്കിലും വിധി എക്‌സിക്യൂട്ടീവിന് ഇഷ്ടമായില്ലെങ്കില്‍ പ്രതികാരമായി ജഡ്ജിമാരെ സ്ഥലം മാറ്റാനാവില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് താന്‍ ആ ആവശ്യത്തെ എതിര്‍ത്തുവെന്ന് ലേഖനത്തില്‍ പറയുന്നു. ജസ്റ്റിസ് മുരളീധര്‍ തന്നെയാണ് പുസ്തകം എഡിറ്റ് ചെയ്തിരിക്കുന്നത്.ജസ്റ്റിസ് മദന്‍ ബി. ലോകൂര്‍സുപ്രീം കോടതി കൊളീജിയത്തിന്റെ പ്രവര്‍ത്തനത്തില്‍ സുതാര്യത എന്നൊന്നുണ്ട്. ഡല്‍ഹി ഹൈക്കോടതിയില്‍ ജഡ്ജിയായിരുന്ന മുരളീധറിനെ ഒരു വിധിയുടെ പേരില്‍ സ്ഥലം മാറ്റണമെന്ന് അന്നത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് നിര്‍ദേശം കിട്ടിയതായി മനസിലായി. എന്റെ നോട്ടത്തില്‍ ഒരു വിധിയൊന്നും സ്ഥലം മാറ്റത്തിന് കാരണമാകാന്‍ പാടില്ല. ഞാന്‍ അക്കാര്യത്തില്‍ എന്റെ വിയോജിപ്പ് അറിയിക്കുകയും ചീഫ് ജസ്റ്റിസ് അത് അംഗീകരിക്കുകയും ചെയ്തു.തന്റെ റിട്ടയര്‍മെന്റിന് ശേഷം ജസ്റ്റിസ് മുരളീധറിന്റെ ട്രാന്‍സ്ഫര്‍ ആവശ്യം വീണ്ടും ഉയര്‍ന്നു വന്നു. 2018ലാണ് താന്‍ വിരമിച്ചത്. അതിന് ശേഷം കൊളീജിയത്തില്‍ തനിക്ക് പകരം എത്തിയ ജസ്റ്റിസ് എ.കെ.സിക്രിയും ആ നിര്‍ദേശത്തെ എതിര്‍ത്തു. സിക്രിയുടെ വിരമിക്കലിന് ശേഷമാണ് 2020 ഫെബ്രുവരിയില്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലേക്ക് മുരളീധറിനെ സ്ഥലം മാറ്റിയതെന്നും ജസ്റ്റിസ് ലോകൂര്‍ കൂട്ടിച്ചേര്‍ക്കുന്നു. 2020ല്‍ പൗരത്വ ഭേദഗതി നിയമ വിരുദ്ധ സമരം ചെയ്തവര്‍ക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കാത്തതിന് ഡല്‍ഹി പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ചതിന് തൊട്ടുപിന്നാലെയാണ് മുരളീധറിനെ സ്ഥലം മാറ്റിയത്.ആരാണ് ജസ്റ്റിസ് മുരളീധര്‍ചെന്നൈ സ്വദേശിയായ എസ്.മുരളീധര്‍ 2006ലാണ് ഡല്‍ഹി ഹൈക്കോടതിയില്‍ ജഡ്ജിയായി നിയമിതനായത്. 1984ല്‍ അഭിഭാഷകനായി പ്രവര്‍ത്തനം ആരംഭിച്ച മുരളീധര്‍ 1987ല്‍ ഡല്‍ഹിയില്‍ എത്തുകയും അഡീ.സോളിസിറ്റര്‍ ജനറല്‍ ആയിരുന്ന ജി.രാമസ്വാമിയുടെ ജൂനിയറായി പ്രവര്‍ത്തിക്കുകയും ചെയ്തു. നിരവധി പൊതുതാല്‍പര്യ ഹര്‍ജികളില്‍ സുപ്രീം കോടതി അദ്ദേഹത്തെ അമിക്കസ് ക്യൂറിയായി നിയമിച്ചിട്ടുണ്ട്. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍, തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നിവയുടെ അഭിഭാഷകനായും പ്രവര്‍ത്തിച്ചു. ഭോപ്പാല്‍ വാതക ദുരന്തത്തില്‍ ഇരയായവര്‍ക്കും നര്‍മദയില്‍ അണക്കെട്ട് വന്നപ്പോള്‍ പാര്‍പ്പിടം നഷ്ടമായവര്‍ക്കും വേണ്ടി സൗജന്യമായി സുപ്രീം കോടതിയില്‍ വാദിച്ചു. ഡല്‍ഹി ഹൈക്കോടതിയില്‍ ജഡ്ജിയായി പ്രവര്‍ത്തിച്ച കാലയളവില്‍ ഒട്ടേറെ പ്രധാനപ്പെട്ട വിധികള്‍ പുറപ്പെടുവിച്ചു.കോടതികളില്‍ നിന്ന് മൈലോര്‍ഡ്, യുവര്‍ ലോര്‍ഡ്ഷിപ്പ് തുടങ്ങിയ പ്രയോഗങ്ങള്‍ എടുത്തുകളയാന്‍ ഉത്തരവിട്ടതും അദ്ദേഹമാണ്. സ്വവര്‍ഗ്ഗബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന ഡല്‍ഹി ഹൈക്കോടതി വിധി അദ്ദേഹത്തിന്റേതാണ്. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശത്തിന് കീഴില്‍ വരുമെന്നും ജസ്റ്റിസ് മുരളീധര്‍ വിധി പുറപ്പെടുവിച്ചിരുന്നു. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലേക്ക് പിന്നീട് ഒഡിഷ ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസായി നിയമിതനായ മുരളീധര്‍ 2023ല്‍ വിരമിച്ചു. തുടര്‍ന്ന് സുപ്രീം കോടതിയില്‍ അഭിഭാഷകനായി പ്രവര്‍ത്തിച്ചു വരികയാണ്.ഗോവിന്ദച്ചാമി ജയിൽചാടിയത് എങ്ങനെ? | Justice CN Ramachandran Nairഅര്‍ദ്ധരാത്രിയിലെ ട്രാന്‍സ്ഫര്‍, വിവാദംഡല്‍ഹി ഹൈക്കോടതിയില്‍ 14 വര്‍ഷക്കാലം ജഡ്ജിയായിരുന്ന മുരളീധറിനെ പെട്ടെന്നൊരു ദിവസം പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയത് അന്ന് വിവാദമായി മാറിയിരുന്നു. 2020 ഫെബ്രുവരി 26 രാത്രി 11 മണിക്ക് ശേഷമായിരുന്നു ട്രാന്‍സ്ഫര്‍ ഉത്തരവിറങ്ങിയത്. അന്ന് പകലാണ് ഡല്‍ഹി പൊലീസിനെ ബിജെപി നേതാക്കള്‍ നടത്തിയ വിദ്വേഷ പ്രസംഗങ്ങളില്‍ കേസെടുക്കാതിരുന്നതിന് മുരളീധറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് രൂക്ഷമായി വിമര്‍ശിച്ചത്. 1984ലുണ്ടായ സിഖ് വിരുദ്ധ കലാപം ആവര്‍ത്തിക്കരുതെന്ന് ജസ്റ്റിസ് മുരളീധര്‍ പൊലീസിനോട് പറഞ്ഞു. കേന്ദ്രമന്ത്രിയായിരുന്ന അനുരാഗ് ഠാക്കൂര്‍ അടക്കമുള്ളവരായിരുന്നു വിദ്വേഷ പ്രസംഗം നടത്തിയത്.ചീഫ് ജസ്റ്റിസ് ഡി.എന്‍.പട്ടേല്‍ അവധിയിലായിരുന്നതിനാല്‍ അദ്ദേഹം പരിഗണിച്ചിരുന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഹര്‍ഷ് മന്ദിറിന്റെ പൊതുതാല്‍പര്യ ഹര്‍ജി ജസ്റ്റിസ് മുരളീധറിന്റെ ബെഞ്ചില്‍ എത്തി. വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് നടന്ന സംഘര്‍ഷങ്ങളില്‍ പ്രത്യേക അന്വേഷണം വേണമെന്നതായിരുന്നു ഹര്‍ജിയിലെ ആവശ്യം. വാദത്തിനിടയില്‍ ബിജെപി നേതാക്കള്‍ നടത്തിയ വിദ്വേഷ പ്രസംഗത്തിന്റെ വീഡിയോകള്‍ കോടതിയില്‍ പ്രദര്‍ശിപ്പിച്ചു. ഇതിന്റെ പശ്ചാത്തലത്തിലാണ് കേസെടുക്കാത്തതിന് ഡല്‍ഹി പൊലീസിനെ അദ്ദേഹം വിമര്‍ശിച്ചത്. പക്ഷേ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ കേസ് അദ്ദേഹത്തിന്റെ ബെഞ്ചില്‍ നിന്ന് തിരികെ വിളിക്കുകയും തൊട്ടടുത്ത ദിവസം ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് തന്നെ കേസ് പരിഗണിക്കുകയും ചെയ്തു.തൊട്ടടുത്ത ദിവസം കേസ് കോടതിയില്‍ എത്തുമ്പോള്‍ ജസ്റ്റിസ് മുരളീധര്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലേക്ക് മാറ്റപ്പെട്ടിരുന്നു. എന്ന് ജോയിന്‍ ചെയ്യണമെന്ന സമയം പോലും കുറിക്കാത്ത ട്രാന്‍സ്ഫര്‍ ഉത്തരവാണ് അദ്ദേഹത്തിന് ലഭിച്ചത്. ഫെബ്രുവരി 12ന് മുരളീധറിന്റെ സ്ഥലം മാറ്റത്തിന് കൊളീജിയം നിര്‍ദേശിച്ചിരുന്നുവെന്നും സ്വാഭാവികമായ നടപടി മാത്രമാണ് ഇതെന്നുമാണ് അന്ന് കേന്ദ്ര നിയമമന്ത്രിയായിരുന്ന രവിശങ്കര്‍ പ്രസാദ് വിശദീകരിച്ചത്.ജസ്റ്റിസ് മദന്‍ ബി. ലോകൂറിന്റെ ലേഖനത്തില്‍ പറയുന്നത് പ്രകാരമാണെങ്കില്‍ 2018ന് മുന്‍പ് തന്നെ ജസ്റ്റിസ് മുരളീധറിനെ സ്ഥലം മാറ്റാന്‍ ഉന്നതതല ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട്. ലോകൂറും സിക്രിയും അടക്കമുള്ളവര്‍ എതിര്‍ത്ത സാഹചര്യത്തിലാണ് മുരളീധറിന് ഡല്‍ഹിയില്‍ തുടരാന്‍ കഴിഞ്ഞത്. എന്നാല്‍ ഇവരുടെ വിരമിക്കലിന് ശേഷം വളരെ പെട്ടെന്ന്, മണിക്കൂറുകള്‍ക്കുള്ളില്‍ അദ്ദേഹത്തെ സ്ഥലം മാറ്റാന്‍ സാധിച്ചുവെന്നതാണ് വാസ്തവം.