ലക്ഷ്യത്തിനുമപ്പുറം നേട്ടം കൈവരിച്ച് കൊച്ചിയില്‍ നടന്ന സ്കില്‍ കേരള ഗ്ലോബല്‍ സമ്മിറ്റിന് സമാപനം. കെ- ഡിസ്ക് സംഘടിപ്പിച്ച സ്കില്‍ കേരള ഗ്ലോബല്‍ സമ്മിറ്റിലൂടെ സംസ്ഥാനത്ത് പുതിയതായി സൃഷ്ടിക്കപ്പെട്ടത് 1.28 ലക്ഷം തൊഴിലവസരങ്ങള്‍. വ്യത്യസ്ത വ്യവസായ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തിലാണ് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടത്.കേരള ഡെവലപ്മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ രണ്ട് ദിവസങ്ങളിലായി സ്കില്‍ കേരള ഗ്ലോബല്‍ സമ്മിറ്റ് നടത്താന്‍ തീരുമാനിക്കുമ്പോള്‍ ലക്ഷ്യമിട്ടിരുന്നത് അമ്പതിനായിരം തൊഴിലവസരങ്ങളാണ്. എന്നാല്‍ സമ്മിറ്റ് സമാപിക്കുമ്പോള്‍ വിസ്മയകരമായ നേട്ടമാണ് കൈവരിക്കാനായത്. സംസ്ഥാനത്ത് പുതിയതായി 1.28 ലക്ഷം തൊഴിലവസരങ്ങളാണ് സമ്മിറ്റിലൂടെ സൃഷ്ടിക്കപ്പെട്ടത്. സമാപന സമ്മേളനത്തില്‍, വിജ്ഞാന കേരളം പദ്ധതിയുടെ ഉപദേഷ്ടാവ് ഡോക്ടര്‍ ടി എം തോമസ് ഐസക്കാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.ALSO READ; ‘പ്രതീക്ഷിച്ചത് അമ്പതിനായിരം തൊഴിൽ വാഗ്ദാനങ്ങൾ, ലഭിച്ചത് ഒരുലക്ഷത്തിൽ അധികം; സ്കിൽ കേരള ഗ്ലോബൽ സമ്മിറ്റ് വൻ വിജയം’: മുഖ്യമന്ത്രികെ-ഡിസ്ക്, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് ,എയര്‍ കാര്‍ഗോ ഫോറം ഇന്ത്യ തുടങ്ങി 445 തൊഴിലുടമകള്‍ ചേര്‍ന്നാണ് കേരളത്തിലെ വിദ്യാര്‍ഥികള്‍ക്കായി 1,28,408 തൊഴിലവസരങ്ങള്‍ തുറന്നുവച്ചത്. തൊഴില്‍ ദാതാക്കള്‍ ആവശ്യപ്പെടുന്ന നൈപുണ്യ പരിശീലനം പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ത്ഥികളെയാകും കേരളത്തിലെ ക്യാമ്പസുകളില്‍ നിന്ന് ഈ തൊഴിലവസരങ്ങളിലേക്ക് നിയമിക്കുക. ഇതിനു പുറമേ കരിയര്‍ ബ്രേക്ക് വന്ന 10,000 വനിതകള്‍ക്ക് തിരിച്ച് തൊഴില്‍രംഗത്തേക്ക് പ്രവേശിക്കാന്‍ പരിശീലനം നല്‍കാന്‍ വിമണ്‍ ഇന്‍ക്ലൂസീവ് ഇന്‍ ടെക്നോളജിയുമായി ധാരണാപത്രം ഒപ്പിട്ടു. ഓട്ടോമേറ്റീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യയുമായും കാഡര്‍ ഓട്ടിസം സെന്ററുമായും വിവിധ മേഖലകളിലെ നൈപുണ്യ പരിശീലനത്തിനും സമ്മിറ്റില്‍ ധാരണാപത്രം ഒപ്പുവെച്ചു.The post ലക്ഷ്യത്തിനുമപ്പുറം നേട്ടം: 1.28 ലക്ഷം തൊഴിലവസരങ്ങള് സൃഷ്ടിച്ച് സ്കില് കേരള ഗ്ലോബല് സമ്മിറ്റിന് സമാപനം appeared first on Kairali News | Kairali News Live.