ആലപ്പുഴ | നവകേരള സദസ്സിൻ്റെ ഭാഗമായി നെഹ്റു ട്രോഫി പവലിയന് ഏഴ് കോടി രൂപ അനുവദിച്ചതായി ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് പറഞ്ഞു. പി പി ചിത്തരഞ്ജൻ എം എൽ എ രണ്ട് കോടി രൂപയും ടൂറിസം വകുപ്പ് ഒരു കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ഇത്തവണ അങ്ങനെ ആകെ 10 കോടി രൂപയാണ് വള്ളംകളിക്ക് സർക്കാർ അനുവദിച്ചിരിക്കുന്നത്.ചരിത്രത്തിലാദ്യമായാണ് സംസ്ഥാന സർക്കാർ വള്ളംകളിയ്ക്കായി ഇത്രയും തുക അനുവദിക്കുന്നത്. കേരളത്തിൻ്റെ പ്രധാനപ്പെട്ട ടൂറിസം ഉത്പന്നമായി നെഹ്റു ട്രോഫി വള്ളം കളിയെ മാറ്റുമെന്നും 71ാം നെഹ്റു ട്രോഫി വള്ളം കളി നെഹ്റു പവലിയനിൽ ഉദ്ഘാടനം ചെയ്തു മന്ത്രി പറഞ്ഞു.കേരളത്തിൻ്റെ ടൂറിസം മേഖലയ്ക്ക് വലിയ കുതിപ്പാകുന്ന ഈ വള്ളം കളി കണ്ണിലെ കൃഷ്ണമണി പോലെ സംസ്ഥാന സർക്കാർ സംരക്ഷിക്കും. ഇതിനോടൊപ്പം അധികം വൈകാതെ തന്നെ ചാമ്പ്യൻസ് ബോട്ട് ലീഗ് ആലപ്പുഴയിൽ നിന്ന് തന്നെയായിരിക്കും ആരംഭിക്കുക എന്നും മന്ത്രി പറഞ്ഞു. എട്ട് വള്ളങ്ങളിൽ തുടങ്ങിയ ഈ വള്ളംകളിയിൽ ഇന്ന് പങ്കെടുക്കുന്നത് 21 ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ 71 വള്ളങ്ങളാണ്. ഇത് ഏറെ ആവേശകരമായ അനുഭവമാണ്. ഈ വള്ളംകളിയെ വലിയ പ്രാധാന്യത്തോടെയാണ് സംസ്ഥാന സർക്കാർ കണ്ടിട്ടുള്ളത്.ജില്ലാ ഭരണകൂടവും ടൂറിസം വകുപ്പും സംയുക്തമായി 30 ടൺ മാലിന്യം വേമ്പനാട് കായലിൽ നിന്നും നീക്കം ചെയ്തത് മാതൃകാപരമാണെന്നും മന്ത്രി പറഞ്ഞു. വള്ളങ്ങളുടെ മാസ്സ്ഡ്രിൽ സിംബാബ് വെ വ്യവസായ വാണിജ്യ ഡെപ്യൂട്ടി മന്ത്രി രാജേഷ് കുമാർ ഇന്ദുകാന്ത് മോദി ഫ്ലാഗ് ഓഫ് ചെയ്തു.