കൺമുന്നിലെ കരിമ്പടങ്ങൾ മാറ്റൂ

Wait 5 sec.

ഇന്നത്തെ ആത്മായനം ബദീഉസ്സമാൻ സഈദ് നൂർസിയുടെ രിസാലതുന്നൂറിലെ ഒരധ്യായത്തിന്റെ ഭാഷാന്തരമാണ്. വായിക്കാം, മനസ്സിന് നന്നേ ശാന്തിയും ഉല്ലാസവുമേകുന്ന അവസ്ഥയായിരിക്കും നമ്മുടെയെല്ലാവരുടെയും അഭിലാഷം. അതെങ്ങനെ സാധിക്കും.? കെട്ടുറപ്പുള്ള ഈമാനുണ്ടെങ്കിൽ അത് സാധ്യമാണ്. ഈ കഥയൊന്ന് കേൾക്കൂ.രണ്ട് വ്യക്തികൾ, ഓരോരുത്തരും യാത്രയിലാണ്. കൂട്ടത്തിലൊരുവൻ വഴിപിഴച്ച മനസ്സും പേറി നടക്കുന്ന അഹംഭാവിയാണ്. മറ്റവൻ സൽസ്വഭാവിയും ഭക്തനും. ഒന്നാമൻ ഒരിടത്തെത്തി, അവന്റെ അഹംഭാവം നാട്ടുകാർക്കിടയിൽ അവന്റെ മൂല്യമിടിച്ചു.പടുവിഡ്ഢികളുടെ ശല്യം സഹിക്കവയ്യാതെ പ്രയാസപ്പെടുന്ന നിസ്സഹായരായ പാവപ്പെട്ട കുറെ ആളുകളെയാണ് അവിടെ മുഴുവനും അവൻ കണ്ടത്. അയാൾ പോകുന്നിടത്തെല്ലാം ഈ ദാരുണാവസ്ഥയെ കണ്ടു കൊണ്ടേയിരുന്നു. എവിടെ നിന്നും അദ്ദേഹത്തിന് ഒരിറക്ക് വെള്ളം പോലും കിട്ടിയില്ല. കാണുന്നവരെല്ലാം അപരിചിതനായ ഏതോ ശത്രുവായി അയാളെ മനസ്സിലാക്കി.രണ്ടാമൻ ഒരിടത്തെത്തി. ജനങ്ങളെല്ലാം അദ്ദേഹത്തെ വിശിഷ്ട വ്യക്തിയായി പരിഗണിച്ചു. പോകുന്നിടത്തെല്ലാം വമ്പിച്ച സ്വീകരണം, ആഘോഷ മുഖരിതം. എല്ലാവരും ഉറ്റ സുഹൃത്തുക്കളെപ്പോലെ, രക്തബന്ധമുള്ളവരെപ്പോലെ. അദ്ദേഹത്തിന്റെ കാഴ്ചയിലുടനീളം ഓരോരുത്തരും അവരവരുടെ ദൗത്യം വിജയിച്ചതിന്റെ ലക്ഷ്യം നേടിയതിന്റെ ആഹ്ലാദങ്ങളിലാണ്.സൈനിക സേവനങ്ങൾക്ക് ആവേശപൂർവം മുന്നിട്ടിറങ്ങുന്നവർ, ആത്മസംതൃപ്തിക്കപ്പുറം ചുറ്റുപാടുകളെ കൂടി പരിഗണിക്കുന്നവർ. ഇതെല്ലാം കണ്ട അദ്ദേഹം റബ്ബിന് നന്ദി പറഞ്ഞു. നടന്നു നടന്ന് യാത്രക്കൊടുവിൽ ഇദ്ദേഹം ഒന്നാമനെ കണ്ടു. അവന്റെ യാത്രയുടെ അനുഭവം അവന്റെ ഭാവം കണ്ടാൽ തന്നെയറിയാമായിരുന്നു. അദ്ദേഹം അവനോട് പറഞ്ഞു: “നിന്റെ അഹംഭാവമാണ് എല്ലാറ്റിനും വിനയായത്. ഈ കിറുക്കൻ മനോഭാവം പുറത്തേക്കും പ്രതിഫലിച്ചു.ചിരിക്കുന്ന മുഖങ്ങൾ നിനക്ക് കരയുന്നതായി തോന്നി. അവരുടെ സന്തോഷങ്ങൾ നിന്റെ മനസ്സിൽ ഒരു പിടി ചാരമായി അവശേഷിച്ചു.സുഹൃത്തേ.. നിന്റെ ഇന്ദ്രിയങ്ങൾ മുഴുക്കെ കൊണ്ടുവാ…. മനസ്സൊന്ന് തൂത്ത് വാര്… നിന്റെ കാഴ്ചകൾക്കു മുമ്പിലിട്ട കരിമ്പടം എടുത്തു മാറ്റിയാൽ വസ്തുത ബോധ്യമാകും. സംതൃപ്തമായൊരു രാജ്യമോ, ദയാലുവായൊരു ഭരണാധികാരിയെയോ നീ സങ്കൽപ്പിച്ചു കാണില്ല.’ അദ്ദേഹത്തിന്റെ വാക്കുകൾ ശ്രദ്ധാപൂർവം കേട്ട് അവൻ പ്രതികരിച്ചു.“ഏറെ നന്ദിയുണ്ട്. ബീഭത്സമായ അന്തരീക്ഷത്തിൽ നിന്ന് രക്ഷിച്ചതിന്. ഞാൻ അശ്രദ്ധയിലായിരുന്നു’.ശ്രദ്ധിക്കൂ… ഒന്നാമൻ അവിശ്വാസത്തെ പ്രതിനിധാനം ചെയ്യുന്നു. അല്ലെങ്കിൽ ഒരപരാധിയെ. അവന്റെ മനസ്സിൽ ഈ ലോകം ദാരുണമാണ്. എല്ലാവരും ഏറ്റവും വേണ്ടപ്പെട്ട എന്തല്ലാമോ നഷ്ടപ്പെട്ട വേദനയിലാണ്. ഓരോരുത്തരും അവരുടെ ലോകത്ത് തനിച്ചാണ്. ഭീതി; സമുദ്രം കണക്കെ ഇരച്ചുവരുന്നുണ്ട്, മലപോലെ കുന്നു കൂടുന്നുണ്ട്, ചുറ്റും മൃതശരീരങ്ങൾ, ഇങ്ങനെ അലട്ടുന്ന ദുഃഖാവസ്ഥകൾ ഉണ്ടാകുന്നത് വിശ്വാസരാഹിത്യത്തിൽ നിന്നു തന്നെയാണ്.രണ്ടാമനോ, അവനൊരു വിശ്വാസിയാണ്. അല്ലാഹുവിനെ അറിഞ്ഞു വിശ്വസിച്ചവനാണവൻ. അല്ലാഹുവിനെ അറിയുകയും അവന് ആരാധനകൾ അർപ്പിക്കുകയും ചെയ്യേണ്ട ഭവനമായി ലോകത്തെ അവൻ കാണുന്നു. ഒരു പാഠശാലയായി, അല്ലെങ്കിൽ ഒരു പരീക്ഷാ ഹാളായി ലോകത്തെ അവൻ മനസ്സിലാക്കുന്നു.ഈ ലോകത്തിന്റെ വലിയ ചുമതലയുമേറ്റിയാണ് ഓരോ മരണവും സംഭവിക്കുന്നത്. ഈയൊരു താത്കാലിക ജീവിതത്തിന്റെ ബാധ്യതകൾ നിറവേറിയെങ്കിൽ ശാശ്വത ജീവിതം ആഹ്ലാദഭരിതമാകും. മനുഷ്യരുടെ പിറവിയെന്നാൽ ഒരു പടയണിയിലണിനിരക്കലാണ്. അതു മുതൽ അവന്റെ ചുമതലയുടെ നിർവഹണം തുടങ്ങണം. വിശ്വാസിയെന്ന നിലക്ക് ഓരോരുത്തരും അല്ലാഹുവിനോട് ഏറ്റവും അടുത്ത അടിമകളാണ്. ഇത്തരത്തിൽ സന്തോഷകരമായ അവസ്ഥ കൈവരുന്നത് അവനെ വിശ്വസിക്കുമ്പോഴാണ്.ഒതുക്കി പറഞ്ഞാൽ, അല്ലാഹുവിലുള്ള വിശ്വാസം സ്വർഗത്തിന്റെ വിത്താണ്. വിശ്വാസരാഹിത്യം നരകത്തിന്റേതും. ആത്യന്തികമായി സംരക്ഷണവും സുരക്ഷിതത്വവും സന്തോഷവും ലഭ്യമാകുന്നത് ഈമാനിൽ മാത്രമാണ്. അതുകൊണ്ട് നമ്മൾ പറഞ്ഞു കൊണ്ടേയിരിക്കണം “എനിക്ക് ഇസ്്ലാം തന്ന് വിശ്വാസിയാക്കിയ അല്ലാഹുവിന് സർവ സ്തുതിയും’.