ജക്കാർത്തയിലെ സുകാർണോ ഹത്ത ഇന്റർനാഷനൽ എയർപോർട്ട്. ബന്തെ അച്ചെയിലേക്കുള്ള വിമാനം കാത്തിരിപ്പാണ്. നടപടിക്രമങ്ങളെല്ലാം വേഗത്തിൽ കഴിഞ്ഞ ആശ്വാസത്തിലാണ്. കാര്യമായ ചോദ്യങ്ങളില്ല. അന്വേഷണങ്ങളില്ല. സ്റ്റാഫുകളുടെ പെരുമാറ്റത്തിലെ ലാളിത്യം സന്തോഷം പകർന്നു. യാത്രയിൽ ലഭിക്കുന്ന വിശ്രമ വേള കൂടിയാണ് ഇങ്ങനെയുള്ള കാത്തിരിപ്പുകൾ. നിർത്താതെയുള്ള യാത്ര, സമയം തെറ്റിയുള്ള ഭക്ഷണക്രമം, പാതിമുറിഞ്ഞ ഉറക്കം എന്നിവയിൽ നിന്നുള്ള ചെറിയ ഇടവേള.ഇന്തോനേഷ്യയുടെ പ്രഥമ പ്രസിഡന്റ് സുകാർണോ, വൈസ് പ്രസിഡന്റ് മുഹമ്മദ് ഹത്ത എന്നിവരുടെ സ്മരണാർഥമാണ് ഈ എയർപോർട്ടിന് സുകാർണോ ഹത്ത ഇന്റർനാഷനൽ എയർപോർട്ട് എന്ന പേര് നൽകിയിരിക്കുന്നത്. ജക്കാർത്തയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമാണിത്. അച്ചെ വിമാനം എത്തിയതായുള്ള അറിയിപ്പ് വന്നു. സൂപ്പർ എയർജെറ്റ് എയർലൈൻസ് വിമാനമാണ്. ജക്കാർത്ത കേന്ദ്രമാക്കി ഇന്തോനേഷ്യയുടെ വിവിധ നഗരങ്ങളിലേക്ക് സർവീസ് നടത്തുന്ന കമ്പനിയാണിത്.ഇസ്‌ലാമിക ചിട്ടയിലും വേഷത്തിലുമുള്ള ജോലിക്കാർ. ശരീഅത്ത് ഭരണം നിലനിൽക്കുന്ന പ്രദേശമാണ് ബന്തെ അച്ചെ. അതിന്റെ പ്രതിഫലനങ്ങൾ വിമാനത്തിലും കാണാം. യാത്രക്കാർക്ക് വായിക്കാൻ വെച്ചിരിക്കുന്ന മാഗസിനിൽ മൗലിദ് ആഘോഷത്തെ കുറിച്ചുള്ള ഫീച്ചറും ഉൾപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ മറ്റൊരു ദ്വീപായ സുലാവസിയിലെ ചീകോഓങ്ങിൽ നടക്കുന്ന നബിദിനാഘോഷ ചടങ്ങുകളാണ് പ്രമേയം. വമ്പിച്ച മൗലിദ് എന്ന അർഥം വരുന്ന മഊദു ലാംപോഉ (Maudu Lompoa) എന്നാണതിന്റെ പേര്.റബീഉൽ അവ്വൽ പന്ത്രണ്ടിന് ബോട്ടുകൾ അലങ്കരിച്ചും ഭക്ഷണ വിതരണം നടത്തിയും ചീകോഓങ് നദിയിൽ നടക്കുന്ന ഈ ആഘോഷത്തിന് പ്രാദേശികമായി വലിയ സ്വാധീനമുണ്ട്. താഴെ നീലക്കടൽ. ഇടക്കിടെ പ്രത്യക്ഷപ്പെടുന്ന കൊച്ചു ദ്വീപുകൾ. അവയിൽ വിളഞ്ഞു നിൽക്കുന്ന കാർഷികയിനങ്ങൾ. എങ്ങും വർണാഭമായ കാഴ്ചകൾ. ഒടുവിൽ പ്രതീക്ഷകൾ നിലം തൊട്ടു. സൂപ്പർ എയർ ജെറ്റ് ബന്തെ അച്ചെയിലെ സുൽത്താൻ ഇസ്ക്കന്തർ മുദ ഇന്റർനാഷനൽ എയർപോർട്ടിൽ ലാൻഡ് ചെയ്തു. ടെർമിനലിന് മധ്യത്തിലായി സഞ്ചാരികളെ സ്വീകരിക്കാനെന്ന വണ്ണം തലയുയർത്തി നിൽക്കുന്ന ഖുബ്ബ. ഇസ്‌ലാമിക് അച്ചനീസ് വാസ്തുവിദ്യാ ശൈലിയിലുള്ള ഇതര നിർമിതികൾ. താരതമ്യേന ചെറിയ വിമാനത്താവളം. ഒന്നോ രണ്ടോ വിമാനങ്ങൾ മാത്രമേ റൺവേയിലുള്ളൂ. ശാന്തമായ അന്തരീക്ഷം. അടിസ്ഥാന സൗകര്യങ്ങളേ ഉള്ളൂവെങ്കിലും ഉള്ളവ കാര്യക്ഷമമാണ്.പതിനാറാം നൂറ്റാണ്ടിലെ അച്ചനീസ് സുൽത്താനായിരുന്ന ഇസ്കന്ദർ മുദയുടെ നാമധേയത്തിലാണ് എയർപോർട്ട്. ഇന്തോനേഷ്യൻ ചരിത്രത്തിലെ വീരനായകനായിരുന്ന അദ്ദേഹത്തിന്റെ ഭരണത്തിന് കീഴിൽ അച്ചെ സാമ്രാജ്യം മലാക്ക വരെ വികസിച്ചു. പണ്ഡിതന്മാരെയും സ്വൂഫികളെയും ഏറെ ഇഷ്ടമുള്ള രാജാവായിരുന്നു. ഇന്തോനേഷ്യയുടെ ദുൽഖർനൈൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇസ്കന്ദർ മുദയുടെ പേരുകൾ പലവുരു കേട്ട് നടക്കവെ ഞങ്ങൾ മറ്റൊരു കാര്യം കൂടി കണ്ടു. അസ്മാഉൽ ഹുസ്ന ഉല്ലേഖനം ചെയ്യപ്പെട്ട തൊണ്ണൂറ്റി ഒമ്പത് തൂണുകൾ. എത്ര മനോഹരമായാണ് അവയോരോന്നും ആവിഷ്കരിച്ചത് എന്നാലോചിച്ചപ്പോൾ ആശ്ചര്യം തോന്നി.അച്ചെയുമായി അഭേദ്യ ബന്ധമുണ്ട് കേരളത്തിന്. കേരളത്തിൽ നിന്ന് പണ്ടുകാലങ്ങളിൽ അച്ചെയിലേക്കും തിരിച്ചും കപ്പൽ യാത്രകൾ നടന്നിരുന്നു. അതേ തുടർന്നാണ് ഇരു നാട്ടുകാരും തമ്മിലുള്ള പരസ്പര സമ്പർക്കം വികസിച്ചുവന്നത്. പൊന്നാനി മഖ്ദൂമുമാർക്ക് കീഴിൽ ഇന്തോനേഷ്യക്കാർ വിദ്യാ അഭ്യസിച്ചിരുന്നുവെന്ന് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. അത് അച്ചെ നിവാസികൾ ആകാനാണ് സാധ്യത. അതുപോലെ ഇടിയങ്ങര ശൈഖിന് അച്ചെയുമായി അടുത്ത ബന്ധം ഉണ്ടായിരുന്നു. അവിടെ ശൈഖ് അവർകൾക്ക് ഗുരുശിഷ്യന്മാരുണ്ട്.കടലുണ്ടി സയ്യിദ് ബാഹസൻ ജമലുല്ലൈലി തങ്ങളുടെ ജന്മദേശവും അച്ചെയാണ്. മമ്പുറം തങ്ങളുടെ ഭാര്യമാരിൽ ഒരാൾ ഇന്തോനേഷ്യക്കാരിയായിരുന്നു. എം എ ഉസ്താദിന്റെ പിതാവും ബന്ധുക്കളും ഇന്തോനേഷ്യയിൽ കച്ചവടം നടത്തിയിരുന്നതായി ഉസ്താദിന്റെ ജീവചരിത്രത്തിൽ കാണാം.അച്ചി, ആച്ഛി തുടങ്ങിയ പ്രയോഗങ്ങൾ മാപ്പിളമാർക്കിടയിൽ പ്രചാരത്തിലുണ്ടായിരുന്നു. ഇടിയങ്ങര ശൈഖ് മൗലിദ്, ബാഹസൻ ജമലുല്ലെലി തങ്ങൾ മൗലിദ് തുടങ്ങിയ ഗ്രന്ഥങ്ങളിൽ ഇത്തരം പ്രയോഗങ്ങൾ കാണാം. മാത്രമല്ല, മലബാറിൽ വ്യാപകമായിരുന്ന അച്ചിപ്പായികൾ അച്ചെയുടെ സംഭാവനയാണ്.ഞങ്ങളുടെ തറവാട്ടിൽ ഇപ്പോഴും അത്തരം അച്ചിപ്പായികൾ ഉപയോഗത്തിലുണ്ട്. ഇങ്ങനെയുള്ള അനേകം കാര്യങ്ങൾ ആലോചിച്ചും ചർച്ച ചെയ്തും ഇസ്കന്ദർ മുദ ഇന്റർനാഷനൽ എയർപോർട്ടിന് പുറത്ത് ഞങ്ങളെ സ്വീകരിക്കാൻ കാത്തിരിക്കുന്ന അച്ചെയിലെ പണ്ഡിത പ്രതിനിധികളുടെ അടുത്തേക്ക് നടന്നു. അച്ചെ നാഇബ് മുഫ്തിയുടെ വീട്ടിൽ സമൃദ്ധമായ സത്കാരം ഒരുക്കിയിട്ടുണ്ടെന്ന് അവർ അറിയിച്ചിട്ടുമുണ്ട്.