കൊച്ചി | കേരളത്തിൻ്റെ സ്വപ്‌നപദ്ധതിയായ കോഴിക്കോട്- വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ഇരട്ട തുരങ്കപാതയുടെ നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിച്ചു. ഒരിക്കലും നടപ്പാകില്ലെന്ന് കരുതിയ പദ്ധതികള്‍ കേരളത്തില്‍ നടപ്പാക്കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.തുരങ്കപാത പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യയിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമുള്ള മൂന്നാമത്തെ തുരങ്കപാതയായിരിക്കും ഇതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകും. പ്രകടനപത്രികയിലെ വാഗ്ദാനമാണ് തുരങ്കപാത. പല വാഗ്ദാനങ്ങളും ജനങ്ങള്‍ കണ്ടതാണ്.2016 ശേഷം നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കപ്പെടുമെന്ന ശുഭപ്രതീക്ഷ ജനങ്ങള്‍ക്കുണ്ടായി. വ്യാപാര വാണിജ്യ ടൂറിസം മേഖലക്ക് പദ്ധതി കുതിപ്പേകും. ദേശീയ പാതാ വികസനവും ഗെയില്‍ പദ്ധതിയും ഇതിന് ഉദാഹരണമാണ്. വയനാട് ജനതയുടെ ദീര്‍ഘകാല സ്വപ്‌നത്തിന്റെ സാഫല്യം കൂടിയായി തുരങ്കപാതയുടെ നിര്‍മാണം മാറും. എവിടെ നോക്കിയാലും കിഫ്ബിയുടെ പദ്ധതികളാണ്. തൊണ്ണൂറായിരം കോടിയുടെ പദ്ധതികള്‍ കിഫ്ബി ഏറ്റെടുത്തതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2,134 കോടി രൂപ ചെലവഴിച്ചാണ് പാത നിര്‍മാണം. മല തുരന്നുള്ള നിര്‍മ്മാണം നാലുവര്‍ഷംകൊണ്ട് പൂര്‍ത്തിയാകും. എട്ട് കിലോമീറ്ററും 73 മീറ്ററുമാണ് നീളം. വയനാട്ടിലേക്കുള്ള യാത്രാ സമയം ഒന്നര മണിക്കൂര്‍ ആയി കുറയും. ചുരം ബദല്‍ പാത എന്നത് മാത്രമാകില്ല തുരങ്ക പാതയുടെ വിശേഷണം. വിനോദസഞ്ചാര മേഖലയ്ക്ക് മുതല്‍ക്കൂട്ടാവുന്ന തുരങ്കപാത പുതിയൊരു വ്യവസായ ഇടനാഴി കൂടിയാണ് തുറക്കുക.