പെരുമ്പിലാവിലെസ്യൂഡോ സെക്യുലറിസം

Wait 5 sec.

കുറച്ച് വര്‍ഷങ്ങളായി ഓണാഘോഷവുമായി ബന്ധപ്പെട്ട് കേരളീയ സമൂഹത്തില്‍ നിരന്തര ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്നുണ്ട്. ഓണമെത്തുമ്പോഴാണ് അത്തരം ചര്‍ച്ചകള്‍ ചൂട് പിടിക്കാറുള്ളത്. എപ്പോള്‍ മുതലാണ് ഓണത്തെപ്രതി പൊതുചര്‍ച്ച തുടങ്ങിയതെന്ന് ചോദിച്ചാല്‍, ഹൈന്ദവ കേന്ദ്രീകൃതമായിരുന്ന ഓണാഘോഷം മറ്റു വിഭാഗങ്ങളും ആഘോഷിക്കുകയോ ആഘോഷിക്കാന്‍ നിര്‍ബന്ധിതരാകുകയോ ചെയ്തതോടെയാണെന്ന് കണ്ടെത്താന്‍ പ്രയാസമില്ല. ഓണം ഹൈന്ദവ കേന്ദ്രീകൃതമായി ആഘോഷിച്ചിരുന്ന കാലത്ത് നമ്മുടെ നാട്ടിലെ മതാന്തരീയ സഹവര്‍ത്തിത്വവും സൗഹാര്‍ദവും ഇന്ന് നാം അനുഭവിച്ചു കൊണ്ടിരിക്കുന്നതിനേക്കാളേറെ ശക്തമായി നിലനിന്നിരുന്നു. അന്നും ഇടതുപക്ഷ പുരോഗമനവാദികള്‍ കേരളീയ സമൂഹത്തിന്റെ ഭാഗമായിരുന്നെന്നാണ് നാം വിശ്വസിക്കുന്നത്. മാത്രമല്ല ഓണം എല്ലാവരും ആഘോഷിച്ചേ മതിയാകൂ എന്ന തരത്തിലുള്ള നടപ്പുകാല ആക്രോശങ്ങള്‍ക്കും എത്രയോ മുമ്പ് ഓണത്തെ അടിമുടി പൊതിഞ്ഞുനില്‍ക്കുന്ന സവര്‍ണതയെ പ്രശ്‌നവത്കരിച്ച് എഴുതിയതും പ്രസംഗിച്ചു നടന്നതുമെല്ലാം ഇന്നാട്ടിലെ ഇടതു ചിന്തകരാണ്. അപ്പോള്‍ പിന്നെ ഭരണഘടനാപരമായ അവകാശങ്ങള്‍ പോലും മാനിക്കാത്ത തരത്തിലുള്ള ഓണാഘോഷ അടിച്ചേല്‍പ്പിക്കലുകള്‍ക്ക് പിന്നില്‍ താത്പര്യങ്ങള്‍ പലതുമുണ്ടാകണം.മനോഹരമാണ് മതസ്വാതന്ത്ര്യംഇന്ത്യന്‍ ഭരണഘടനയുടെ 25ാം അനുഛേദം വിശ്വാസ, അനുഷ്ഠാന, പ്രബോധന സ്വാതന്ത്ര്യം രാജ്യത്തുള്ള എല്ലാ വ്യക്തികളുടെയും മൗലികാവകാശമായി പ്രഖ്യാപിക്കുന്നുണ്ട്. ഇവിടെ രണ്ട് കാര്യങ്ങള്‍ ശ്രദ്ധേയമാണ്. എല്ലാ പൗരന്മാരുടെയും മൗലികാവകാശമാണെന്ന് പറയുന്നതിന് പകരം അതിലേറെ ഉള്‍ക്കൊള്ളല്‍ ശേഷിയുള്ള വ്യക്തി എന്ന പദമാണ് പ്രസ്തുത അനുഛേദത്തില്‍ ഉപയോഗിച്ചിരിക്കുന്നത് എന്നതാണ് ഒന്നാമത്തേത്. അതായത് രാജ്യത്ത് താമസിച്ചു കൊണ്ടിരിക്കുന്ന ഇന്ത്യന്‍ പൗരന്മാരല്ലാത്തവര്‍ക്കും മതസ്വാതന്ത്ര്യം മൗലികാവകാശമാണെന്ന് അടിവരയിടുകയാണ് നമ്മുടെ ഭരണഘടന. മതവിശ്വാസ, അനുഷ്ഠാന സ്വാതന്ത്ര്യം മൗലികാവകാശമായി പരിഗണിക്കുന്ന രാജ്യങ്ങള്‍ ഇന്ത്യക്ക് പുറമെ വേറെയും പലതുണ്ട്. അതേസമയം മതപ്രബോധന സ്വാതന്ത്ര്യം മൗലികാവകാശമായി കണക്കാക്കുന്ന ഭരണഘടന ലോകത്ത് വേറെയില്ല.സിഖ് വിശ്വാസികള്‍ ധരിക്കുന്ന കൃപാണ്‍ ഒരു ആയുധമായിട്ടു പോലും അത് മതപരമായി പ്രധാനമാണെന്നതിനാല്‍ സിഖ് മതക്കാരുടെ ആചാരത്തില്‍ കൃപാണ്‍ പെടുന്നതായി കണക്കാക്കുമെന്ന് പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട് നമ്മുടെ ഭരണഘടനയുടെ 25ാം അനുഛേദത്തില്‍. എല്ലാ വിശ്വാസങ്ങളെയും വൈവിധ്യങ്ങളെയും തുല്യമായി കാണുന്നു ഇന്ത്യന്‍ ഭരണഘടന. സ്റ്റേറ്റിന് ഔദ്യോഗിക മതമില്ലെന്നതും എന്നാല്‍ എല്ലാ മതങ്ങളെയും സ്റ്റേറ്റ് ഒരുപോലെ ബഹുമാനിക്കുന്നു എന്ന് പറയുന്നതാണ് ഇന്ത്യന്‍ മതനിരപേക്ഷത. ഓണാഘോഷത്തിന്റെ പേരില്‍ ഹൈന്ദവേതര വിഭാഗങ്ങളെ ഭീഷണിപ്പെടുത്തുന്നവര്‍ മനസ്സില്‍ താലോലിക്കുന്നത് പാശ്ചാത്യ മതനിരപേക്ഷ കാഴ്ചപ്പാടാണെന്ന് വേണം മനസ്സിലാക്കാന്‍. മതവിശ്വാസങ്ങളുടെ വേറിട്ട അസ്തിത്വങ്ങളെ പിഴുതുമാറ്റുക വഴി മതം വിശ്വാസിയുടെ സ്വകാര്യതയായി ഒതുങ്ങണമെന്ന് സ്വപ്‌നം കാണുന്നവര്‍ തങ്ങളുടെ മതനിരാസ കാഴ്ചപ്പാട് ഓണാഘോഷത്തിന്റെ മറവില്‍ ചെലവാക്കാന്‍ ശ്രമിക്കുകയാണ്. തൃശൂര്‍ പെരുമ്പിലാവിലെ സ്‌കൂളുമായി ബന്ധപ്പെട്ട് നാം അതാണ് കണ്ടത്. നൂറ്റാണ്ടുകളായി നിലനില്‍ക്കുന്നതാണ് നമ്മുടെ രാജ്യത്തെ മതാന്തരീയ സഹവര്‍ത്തിത്വവും സഹിഷ്ണുതയും. ഈ രാജ്യത്തിന്റെ മണ്ണില്‍ വേരുപിടിച്ചു കിടക്കുന്ന പ്രതിഭാസമാണ് നമ്മുടെ ബഹുസ്വരത. അതിന് അക്ഷരങ്ങള്‍ കൊണ്ട് വര്‍ണങ്ങള്‍ നല്‍കിയ നമ്മുടെ ഭരണഘടന ഈ രാജ്യത്തിന്റെ മതനിരപേക്ഷ കാഴ്ചപ്പാട് എന്താണെന്ന് തെര്യപ്പെടുത്തുന്നുമുണ്ട്. കൂടുതലറിയാന്‍ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ഭരണഘടനാ നിര്‍മാണസഭയിലെ വിശദ ചര്‍ച്ചകള്‍ പരിശോധിക്കാം. ഇതൊന്നുമറിയാതെയാണോ മതനിരപേക്ഷതയെപ്രതി ഇവിടെ ചില സ്വയം പ്രഖ്യാപിത പുരോഗമനക്കാര്‍ ഒച്ചവെക്കുന്നത്. അവര്‍ ചീട്ടെഴുതി തീര്‍പ്പിടുന്നതല്ല ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷ പരിപ്രേക്ഷ്യം എന്നോര്‍ക്കുന്നത് നന്നാകും.യഹോവ സാക്ഷികള്‍ തന്നെ സാക്ഷിഇന്ത്യന്‍ നീതിന്യായ ചരിത്രത്തിലെ ശ്രദ്ധേയ നിയമ വ്യവഹാരങ്ങളിലൊന്നാണ് യഹോവ സാക്ഷികള്‍ കേസ് എന്നറിയപ്പെടുന്ന 1986ലെ ബിജോയ് ഇമ്മാനുവേല്‍ കേസ്. മതപരമായ വിശ്വാസത്തിന്റെ ഭാഗമായി ദേശീയ ഗാനം ചൊല്ലാത്തതിന്റെ പേരില്‍ സ്‌കൂളില്‍ നിന്ന് പുറത്താക്കപ്പെട്ട യഹോവ സാക്ഷികളായ മൂന്ന് വിദ്യാര്‍ഥികളെ സ്‌കൂളില്‍ തിരിച്ചെടുക്കണമെന്ന് സുപ്രീം കോടതി ഉത്തരവിടുകയായിരുന്നു പ്രസ്തുത കേസില്‍. ദൈവമല്ലാത്ത മറ്റൊരു അധികാര സ്വരൂപത്തെ ആരാധിക്കുന്നതിന് തുല്യമായ പ്രവൃത്തിയായി കണ്ട് ദേശീയ ഗാനം ചൊല്ലാന്‍ വിസമ്മതിക്കുകയായിരുന്നു യഹോവ സാക്ഷികളായ പ്രസ്തുത വിദ്യാര്‍ഥികള്‍. കുട്ടികളെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയ നടപടി കേരള ഹൈക്കോടതിയും ശരിവെച്ചപ്പോഴാണ് അവര്‍ സുപ്രീം കോടതിയെ സമീപിച്ചത്.വിദ്യാര്‍ഥികള്‍ ബഹുമാനപൂര്‍വം എഴുന്നേറ്റ് നിന്നിരിക്കെ ദേശീയ ഗാനം ചൊല്ലാന്‍ വിസമ്മതിച്ചത് അവരുടെ വിശ്വാസത്തിന്റെ പ്രകടനമാണ്. അതിനാല്‍ വിദ്യാര്‍ഥികള്‍ക്കെതിരെ സ്വീകരിച്ച ശിക്ഷാ നടപടി ഭരണഘടനയുടെ 19(1)(എ), 25 എന്നീ അനുഛേദങ്ങള്‍ യഥാക്രമം ഉറപ്പുവരുത്തുന്ന മൗലികാവകാശങ്ങളായ അഭിപ്രായ, ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും മതസ്വാതന്ത്ര്യത്തിനുമെതിരാണ് എന്നായിരുന്നു പരമോന്നത കോടതി തീര്‍പ്പിട്ടത്.ദേശീയ ഗാനത്തിനായി യഹോവ സാക്ഷികളായ വിദ്യാര്‍ഥികള്‍ എഴുന്നേറ്റ് നിന്നതോടെ ദേശീയ ഗാനത്തോടുള്ള അവരുടെ ആദരവ് പ്രകടമാണ്. അത് മതിയായതാണെന്ന സുപ്രീം കോടതിയുടെ നിരീക്ഷണം ഓണമാഘോഷിക്കാത്തവര്‍ക്കെതിരെ വാളോങ്ങുന്ന ഇടത് പുരോഗമനക്കാര്‍ക്ക് വിവേകമുണ്ടാക്കേണ്ടതാണ്. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന പെരുമ്പിലാവ് സ്‌കൂളിലെ അധ്യാപികയുടെ ശബ്ദ സന്ദേശങ്ങളില്‍ ഓണാഘോഷത്തോടുള്ള അവഹേളനമേയില്ല. യഹോവ സാക്ഷികളായ വിദ്യാര്‍ഥികളെപ്പോലെ നമുക്കത് പറ്റില്ലെന്ന് പറയുകയാണ് ചെയ്തത്. അതിന് കൂടി ഇടമുള്ളതാണ് നമ്മുടെ ഭരണഘടന.സ്പര്‍ധയുടെയോ കലാപാഹ്വാനത്തിന്റെതോ ആയ ഒന്നും പ്രസ്തുത ശബ്ദ സന്ദേശങ്ങളില്‍ കണ്ടെത്താനാകില്ലെന്നിരിക്കെ അധ്യാപികക്കെതിരെ പോലീസ് കേസെടുത്തതിന്റെ ഔചിത്യം അജ്ഞാതമാണ്. വര്‍ഗീയത പടര്‍ത്തി സ്പര്‍ധയുണ്ടാക്കുന്നതില്‍ പോലീസിന് വലിയ ആധിയുണ്ടെന്നാണെങ്കില്‍ അതിന് പാകമുള്ള എത്രയോ പേര്‍ തെക്കുവടക്ക് ഒരു വേദിയില്‍ നിന്ന് മറ്റൊന്നിലേക്ക് പാഞ്ഞുകൊണ്ടേയിരിക്കുന്നുണ്ട്. പകരം ഭരണഘടനാപരമായ അവകാശങ്ങളുള്ള ന്യൂനപക്ഷ വിഭാഗങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യ സാക്ഷാത്കാരത്തിനുള്ള മറയാക്കുന്നത് അപകടരമായ ചുവടുവെപ്പാണെന്ന് പറയാതെ വയ്യാ.പ്രശ്‌നം അഭിപ്രായ സ്വാതന്ത്ര്യത്തിന്റേതുംഅഭിപ്രായ, ആവിഷ്‌കാര സ്വാതന്ത്ര്യം നമ്മുടെ ഭരണഘടനയുടെ 19(1)(എ) അനുഛേദം വകവെച്ചു നല്‍കുന്ന മൗലികാവകാശമാണ്. പ്രസ്തുത മൗലികാവകാശത്തിന് ഭരണഘടന തന്നെ മുന്നോട്ടുവെച്ച ന്യായമായ നിയന്ത്രണങ്ങള്‍ 19(2) അനുഛേദത്തിലുണ്ട്. ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും, രാജ്യസുരക്ഷ, വിദേശ രാജ്യങ്ങളുമായുള്ള സൗഹൃദ ബന്ധങ്ങള്‍, ക്രമസമാധാനം, ധാര്‍മികത, കോടതിയലക്ഷ്യം, അപകീര്‍ത്തി, കുറ്റപ്രേരണ എന്നീ കാര്യങ്ങള്‍ക്ക് വിധേയമായാണ് അഭിപ്രായ, ആവിഷ്‌കാര സ്വാതന്ത്ര്യം അനുവദിക്കപ്പെട്ടിട്ടുള്ളത്. മേല്‍ചൊന്ന കാര്യങ്ങളിലൊന്നിനും പരുക്കേല്‍പ്പിക്കുന്നതല്ല പ്രസ്താവിത അധ്യാപികയുടെ ശബ്ദ സന്ദേശങ്ങളെന്നത് വ്യക്തമാണ്. അതാരെയും മുറിപ്പെടുത്താന്‍ പോന്നതോ കുറ്റകൃത്യത്തിലേക്ക് നയിക്കുന്നതോ അല്ല. മറ്റെന്തെങ്കിലും കാരണത്താലാണ് അധ്യാപികയുടെ അഭിപ്രായ പ്രകടനം പ്രശ്‌നമാകുന്നത് എന്നാണെങ്കില്‍, അനുഛേദം 19(2)ല്‍ പറയുന്നതിന് പുറത്തുള്ള ഒരു നിയന്ത്രണവും അഭിപ്രായ സ്വാതന്ത്ര്യത്തിന് വെക്കാന്‍ പാടില്ലെന്ന് 2023ലെ കൗശല്‍ കിഷോര്‍ കേസില്‍ സുപ്രീം കോടതി വിധിച്ചത് നമുക്ക് മുമ്പിലുണ്ട്.പൂര്‍ണമായും സ്റ്റേറ്റ് ഫണ്ടില്‍ നടക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മത പാഠങ്ങള്‍ പാടില്ലെന്ന് ഭരണഘടനയുടെ 28(1) അനുഛേദം നിഷ്‌കര്‍ഷിക്കുന്നുണ്ട്. അപ്പോഴും സ്റ്റേറ്റിന്റെ അംഗീകാരമുള്ളതോ സ്റ്റേറ്റ് ഫണ്ടില്‍ നിന്ന് സഹായം സ്വീകരിക്കുന്നതോ ആയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിയമപരമായി പ്രായപൂര്‍ത്തിയെത്താത്ത കുട്ടികളുടെ കാര്യത്തില്‍ രക്ഷിതാവിന്റെ സമ്മതത്തോടെ മത പാഠങ്ങളാകാമെന്ന് 28(3) അനുഛേദത്തില്‍ കാണാം.പെരുമ്പിലാവിലെ ലഹളക്കാരുടെയും സമാന സന്ദര്‍ഭങ്ങളില്‍ കയറുമെടുത്തോടുന്ന കപട മതനിരപേക്ഷ വാദികളുടെയും പ്രശ്‌നം ഭരണഘടനയും മതനിരപേക്ഷതയും മതാന്തരീയ സഹവര്‍ത്തിത്വവുമൊക്കെയാണെങ്കില്‍ അതിനൊന്നും ഒരു ഭംഗവും സംഭവിച്ചിട്ടില്ലെന്ന് ഓര്‍മപ്പെടുത്തുന്നു. മറ്റെന്തെങ്കിലുമാണ് നിങ്ങളെ അലട്ടുന്നതെങ്കില്‍ അത് തിരിച്ചറിയാനുള്ള വിവേകം ഇന്നാട്ടിലെ പ്രബുദ്ധരായ മനുഷ്യര്‍ക്കുണ്ട്.