ട്രംപിന്റെ താരിഫ് ഭീഷണിക്കിടെ പുടിൻ ഇന്ത്യയിലേക്ക്; സന്ദർശനം ഡിസംബറിൽ

Wait 5 sec.

ന്യൂഡൽഹി | റഷ്യൻ എണ്ണ വ്യാപാരത്തിന്റെ പേരിൽ യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് ഭീഷണിയും ഉപരോധ സാധ്യതകളും ഇന്ത്യ നേരിടുന്നതിനിടെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ഇന്ത്യ സന്ദർശിച്ചേക്കുമെന്ന് റിപ്പോർട്ട്. ഈ വർഷം ഡിസംബറിലായിരിക്കും ഔദ്യോഗിക സന്ദർശനമെന്ന് വാർത്താ ഏജൻസിയായ എഎഫ്‌പി റിപ്പോർട്ട് ചെയ്തു.നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ച് മേയിൽ ഇന്ത്യ സന്ദർശിക്കാൻ പുടിൻ സമ്മതിച്ചിരുന്നെങ്കിലും തീയതി അന്തിമമായി തീരുമാനിച്ചിരുന്നില്ല. ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ (SCO) പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി മോദി സെപ്റ്റംബർ ഒന്നിന് ചൈനയിലെ ടിയാൻജിനിൽ വെച്ച് പുടിനുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ഡിസംബറിലെ സന്ദർശന വാർത്ത വരുന്നത്.2022-ൽ റഷ്യ-യുക്രെയ്ൻ സംഘർഷം ആരംഭിച്ചതിനുശേഷം പുടിൻ ഇന്ത്യയിലേക്ക് നടത്തുന്ന ആദ്യ സന്ദർശനമാണിത്. ആഗോള സാഹചര്യങ്ങൾ മാറിക്കൊണ്ടിരിക്കുന്ന ഈ വേളയിൽ പുടിന്റെ സന്ദർശനത്തിന് ഏറെ പ്രാധാന്യമുണ്ട്. യുഎസുമായുള്ള ഇന്ത്യയുടെ ബന്ധം വഷളാവുകയും, റഷ്യയുമായും ചൈനയുമായുമുള്ള ബന്ധം കൂടുതൽ ആഴത്തിലാവുകയും ചെയ്യുന്ന സാഹചര്യത്തിലാണിത്.റഷ്യയുമായുള്ള എണ്ണ വ്യാപാരത്തിന്റെ പേരിൽ ട്രംപ് ഇന്ത്യക്ക് മേൽ 25 ശതമാനം അധിക താരിഫ് ചുമത്തിയിരുന്നു. ഇതോടെ മൊത്തം താരിഫ് 50 ശതമാനമായി ഉയർന്നു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിലൂടെ ഇന്ത്യ യുക്രെയ്ൻ യുദ്ധത്തിന് പരോക്ഷമായി ധനസഹായം നൽകുന്നുവെന്നാണ് യുഎസ് ഉദ്യോഗസ്ഥരുടെ ആരോപണം.എന്നാൽ, ഈ നീക്കത്തെ ഇന്ത്യൻ സർക്കാർ ശക്തമായി വിമർശിക്കുകയും, ഇരട്ടത്താപ്പും നീതികേടുമാണ് ഈ നടപടിയെന്ന് തുറന്നടിക്കുകയും ചെയ്തു. രാജ്യതാൽപര്യങ്ങൾക്ക് മുൻഗണന നൽകിക്കൊണ്ട് വിപണിയിലെ സാഹചര്യങ്ങൾ അനുസരിച്ചാണ് ഇന്ത്യ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നതെന്നും സർക്കാർ വ്യക്തമാക്കി.യൂറോപ്പിലെ ചില രാജ്യങ്ങൾ ഉൾപ്പെടെ മറ്റ് പ്രധാന സമ്പദ്‌വ്യവസ്ഥകളും റഷ്യയുമായി വ്യാപാരം തുടരുന്ന കാര്യം ഇന്ത്യ ചൂണ്ടിക്കാട്ടി. യുഎസ് സമ്മർദം ഉണ്ടായിട്ടും റഷ്യയുമായുള്ള എണ്ണ വ്യാപാരം നിർത്താൻ ഇന്ത്യ ഒരുക്കമല്ല. പാശ്ചാത്യ രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തിയതുമുതൽ ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ പ്രധാന ഉറവിടങ്ങളിലൊന്നാണ് റഷ്യ.അതേസമയം, യുഎസ് താരിഫ് നീക്കം അന്യായവും ഇരട്ടത്താപ്പുമാണെന്ന് പ്രതികരിച്ച റഷ്യ ഇന്ത്യയ്ക്ക് പിന്തുണ നൽകി. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് യുഎസ് വിപണി ലഭിക്കുന്നില്ലെങ്കിൽ റഷ്യൻ വിപണിയിലേക്ക് എത്താമെന്നും റഷ്യൻ എംബസി അറിയിച്ചു.പുടിന്റെ സന്ദർശനം സാമ്പത്തികം, ഊർജ്ജം, പ്രതിരോധം തുടങ്ങിയ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സോവിയറ്റ് കാലഘട്ടം മുതൽ റഷ്യ ഇന്ത്യയുടെ ഏറ്റവും വലിയ പ്രതിരോധ പങ്കാളികളിലൊന്നാണ്.