പത്തനംതിട്ട | ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയില്‍ കഞ്ചാവുമായി രണ്ട് യൂവാക്കള്‍ അറസ്റ്റില്‍. പന്തളം കുളനട വട്ടയം വട്ടയത്തില്‍ മേലേമുറിയില്‍ അജോ തോമസ് (22)നെ അടൂര്‍ ഡിവൈ എസ് പി. ജി സന്തോഷ് കുമാറിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേകസംഘം നടത്തിയ പരിശോധനയില്‍ അറസ്റ്റ് ചെയ്തു.പോലീസ് ഇന്‍സ്‌പെക്ടര്‍ ടി ഡി പ്രജീഷ്, എസ് ഐ. വിനോദ് കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ എസ് അന്‍വര്‍ഷ, വിജയകുമാര്‍, അജീഷ്, ആനന്ദ് എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. മറ്റൊരു കേസില്‍ അരുവാപ്പുലം ഊട്ടുപാറ സ്വദേശിയായ 18 കാരനാണ് അറസ്റ്റിലായത്. കോന്നി ഡി വൈ എസ് പി. എസ് അജയ്‌നാഥിന്റെ മേല്‍നോട്ടത്തിലും, പോലീസ് ഇന്‍സ്പെക്ടര്‍ ബി രാജഗോപാലിന്റെ നേതൃത്വത്തിലുമായിരുന്നു പരിശോധന.കോന്നി എസ് ഐ. വിമല്‍ രംഗനാഥ്, പോലീസ് ഉദ്യോഗസ്ഥരായ അഖില്‍, മഹേഷ് എന്നിവരടങ്ങിയ സംഘം യുവാവിന്റെ കൈയിലിരുന്ന പ്ലാസ്റ്റിക് കവറില്‍ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. പോലീസ് സംഘത്തെ കണ്ട് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പിന്നാലെ എത്തി തടഞ്ഞു പിടികൂടുകയായിരുന്നു. തുടര്‍ന്നുള്ള ചോദ്യംചെയ്യലില്‍ കഞ്ചാവ് കണ്ടെത്തി. കഞ്ചാവ് വില്‍പനയ്ക്കായി സൂക്ഷിച്ചതാണെന്നും പത്തനംതിട്ട കുമ്പഴയിലുള്ള ഒരാളാണ് ഏല്‍പ്പിച്ചതെന്നും ഇയാള്‍ പോലീസിനോട് സമ്മതിച്ചു.