കോഴിക്കോട്: താമരശ്ശേരിയില്‍ തനിച്ച് കഴിയുന്ന വയോധികയെ ആക്രമിച്ച് സ്വര്‍ണവും പണവും കവര്‍ന്നതായി പരാതി. കതിരോട് ഓടര്‍പൊയില്‍ വത്സലയുടെ വീട്ടിലാണ് മോഷണം നടന്നത്. ഏഴ് പവന്‍ തൂക്കമുള്ള സ്വര്‍ണാഭരണങ്ങളും ഒരുലക്ഷം രൂപയും നഷ്ടപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. വത്സല ശുചിമുറിയില്‍ നിന്ന് കിടപ്പുമുറിയിലേക്ക് നടന്നുവരുന്നതിനിടെ മോഷ്ടാവ് മെയിന്‍സ്വിച്ച് ഓഫാക്കുകയും ഇവരുടെ മുഖത്ത് തുണി കൊണ്ട് മൂടി മോഷണം നടത്തുകയുമായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.ആദ്യം ഇവര്‍ ധരിച്ചിരുന്ന, കാലിലെ പാദസ്വരമാണ് കവര്‍ന്നത്. പിന്നീട് മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും പണവും മോഷ്ടിച്ച ശേഷം മോഷ്ടാവ് കടന്നുകളയുകയായിരുന്നു. മൂന്ന് വള, രണ്ട് മോതിരം തുടങ്ങിയ സ്വര്‍ണാഭരണങ്ങളാണ് നഷ്ടമായത്. മോഷണം നടത്തിയശേഷം ഇയാള്‍ പിന്‍വാതില്‍ വഴിയാണ് കടന്നുകളഞ്ഞത്. സംഭവ സ്ഥലത്ത് വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി