മുംബൈ: പനവേലിൽ 36 വയസ്സുള്ള സ്ത്രീ ആത്മഹത്യ ചെയ്തത് വിദേശനാണ്യ വിനിമയ തട്ടിപ്പിനെ തുടർന്നന്ന് പൊലീസ്. ഗുജറാത്തി സ്വദേശിയാണ് തട്ടിപ്പ് നടത്തിയത്. അനഘ പാട്ടീൽ എന്ന യുവതിയാണ് മരണപ്പെട്ടത്. ഗുജറാത്ത് സ്വദേശിയായ രവി ഹരേഷ്ഭായ് എന്നയാളാണ് തട്ടിപ്പ് നടത്തിയത്. വിദേശ നാണ്യവിനിമയത്തിലൂടെ വൻ ലാഭം നേടിക്കൊടുക്കാമെന്ന് വാഗ്ദാനം ചെയ്താണ് ഇയാൾ തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറയുന്നു.2023-ൽ ഡല്‍ഹിയില്‍ ഓണ്‍ലൈനിലും പിന്നീട് ഓഫ് ലൈനിലൂടെയുമാണ് തട്ടിപ്പ് നടന്നതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. ഫോറക്സ് കോഴ്സിൽ ചേർത്തുകൊണ്ടാണ് പ്രതി യുവതിയെ സമീപിച്ചത്. തുടക്കത്തിൽ ചെറിയ തുക നിക്ഷേപിച്ചപ്പോൾ വലിയ ലാഭമുണ്ടെന്ന് കാണിച്ച് പ്രതി യുവതിയുടെ വിശ്വാസം നേടി. തുടർന്ന് വൻ തുക നിക്ഷേപിപ്പിക്കുകയായിരുന്നു.5.3 കോടി രൂപയാണ് ഇത്തരത്തിൽ രവി ഹരേഷ്ഭായ് തട്ടിയെടുത്തത്. പണം തിരികെ നൽകണമെന്ന് യുവതി നിരന്തരം ആവശ്യപ്പെട്ടെങ്കിലും രവി ഫോൺ എടുക്കാനോ മറുപടി നൽകാനോ തയ്യാറായില്ല. ഇതേത്തുടർന്നാണ് യുവതി ജീവനൊടുക്കിയത്. ഒക്ടോബർ എട്ടിനാണ് യുവതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിൽ ഗുജറാത്ത് സ്വദേശിയുടെ പങ്ക് വ്യക്തമായത്. രവി ഹരേഷ്ഭായിക്കെതിരെ ആത്മഹത്യാപ്രേരണക്കുറ്റം ഉൾപ്പടെ ചുമത്തിയാണ് പനവേൽ പൊലീസ് കേസെടുത്തിട്ടുള്ളത്.The post വിദേശ നാണ്യവിനിമയത്തിലൂടെ വൻ ലാഭം നേടിക്കൊടുക്കാമെന്ന് വാഗ്ദാനം നല്കി 5.3 കോടി രൂപയുടെ തട്ടിപ്പ്: മുംബൈയില് യുവതി ജീവനൊടുക്കി appeared first on Kairali News | Kairali News Live.