ഒപ്പം നടന്ന ആത്മമിത്രം

Wait 5 sec.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ആരോഗ്യം അല്‍പ്പം ഭേദപ്പെട്ട സമയത്ത് മര്‍കസില്‍ എന്നെ കാണാനെത്തിയ കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ എന്ന എന്റെ പ്രിയപ്പെട്ട കൂട്ടുകാരന്റെ മുഖമിപ്പോഴും മനസ്സില്‍ നിന്ന് മായുന്നില്ല. കുറഞ്ഞ നാളത്തെ ചികിത്സ ശരീരത്തെയും മുഖത്തെയുമൊക്കെ ബാധിച്ച മട്ടുണ്ട്. “വല്ലാതെ സുഖമൊന്നും ആയിട്ടില്ല, ഇവിടെ ദര്‍സെടുക്കാന്‍ വരാനാകണം, വേദനയൊക്കെയുണ്ട്, നിങ്ങളൊക്കെ ദുആ ചെയ്യണം’- ഒരു കൊച്ചുകുട്ടി പറയുന്ന പോലെ തുടങ്ങി കണ്ണുകലങ്ങി പൂര്‍ത്തീകരിക്കാനാകാത്ത വിധം ആ സംസാരം പാതിമുറിഞ്ഞു. എന്റെ കണ്ണുമപ്പോള്‍ നിറഞ്ഞു. പിന്നീട് ഞങ്ങള്‍ അവസാനമായി കണ്ട കാഴ്ചകളില്‍ മിക്കപ്പോഴും കട്ടിപ്പാറ അല്‍ ഇഹ്സാന്റെ കാര്യം പറഞ്ഞു. എന്റെ കാലം കഴിഞ്ഞാലും സ്ഥാപനം നിലനിര്‍ത്താന്‍ ശ്രദ്ധയുണ്ടാകണമെന്ന് താത്പര്യപ്പെട്ടു. മക്കളുടെ കാര്യത്തിലും കണ്ണുണ്ടാകണമെന്ന് ഉണര്‍ത്തി. എന്റെ ജീവിതത്തിന്റെ വലിയൊരു കാലം അടുത്തുണ്ടായിരുന്ന പ്രിയ സുഹൃത്തിനെ ഞാനപ്പോഴെല്ലാം സമാധാനിപ്പിച്ചു.ഓരോ തവണയും എന്റെയുള്ളില്‍ വര്‍ഷങ്ങള്‍ മിന്നിമറഞ്ഞു. തന്റെ എല്ലാ വിശേഷങ്ങളും ജീവിത സന്ധികളും പങ്കുവെക്കുന്ന പതിവ് അദ്ദേഹം എത്രയോ കാലങ്ങള്‍ക്ക് മുമ്പ് തുടങ്ങിയതാണ്. കൃത്യമായി പറഞ്ഞാല്‍ അദ്ദേഹത്തിന് പത്തോ പതിനൊന്നോ വയസ്സുള്ളപ്പോള്‍ പിതാവ് കുറുപ്പനക്കണ്ടി കുഞ്ഞായിന്‍ കുട്ടി ഹാജി കൈപിടിച്ച് “നീയിവനെ നല്ലൊരു ദര്‍സില്‍ ചേര്‍ത്ത് പണ്ഡിതനാക്കണമെന്ന്’ പറഞ്ഞതു മുതല്‍. ആ ദൃശ്യമാണ് ഇപ്പോഴദ്ദേഹത്തെ ഓര്‍ക്കുമ്പോള്‍ ആദ്യം മനസ്സിലെത്തുന്നത്. ഒരേ നാട്ടുകാരായിരുന്ന ഞങ്ങള്‍ കണ്ടുമുട്ടിയ വേള.അക്കാലത്ത് ഞങ്ങളുടെ നാട്ടില്‍ ഓതാന്‍ പോയിരുന്ന മുതിര്‍ന്ന കുട്ടികളിലൊരാള്‍ ഞാനായിരുന്നത് കൊണ്ടാവാം കുഞ്ഞായിന്‍ കുട്ടി ഹാജി എന്നോടങ്ങനെ പറഞ്ഞത്. എന്നാലത് ഒരായുസ്സ് മുഴുവന്‍ നീണ്ടുനില്‍ക്കുമെന്ന് ഞങ്ങള്‍ നിനച്ചില്ല.നാട്ടുദര്‍സില്‍ നിന്ന് ഇയ്യാട് ഔപചാരിക ദര്‍സ് പഠനം ആരംഭിക്കുമ്പോഴും വിവിധ ഉസ്താദുമാരുടെ കീഴിലേക്ക് പഠനം വ്യാപിപ്പിക്കുമ്പോഴും ഉസ്താദുല്‍ അസാതീദ് ഒ കെ സൈനുദ്ദീന്‍ കുട്ടി മുസ്‌ലിയാരുടെ ചാലിയം ദര്‍സ്, വെല്ലൂര്‍ ബാഖിയാത്തു സ്വാലിഹാത്ത് എന്നിവിടങ്ങളിലേക്ക് ഉപരി പഠനത്തിനായി പോകുമ്പോഴുമുള്‍പ്പെടെ പഠന- അധ്യാപന കാലത്തെ വിശേഷ വേളകളിലെല്ലാം അദ്ദേഹം സമീപത്തെത്തുകയും കൂടിയാലോചിക്കുകയും ചെയ്യും. തന്റെ ദീര്‍ഘകാലത്തെ ഉസ്താദായ മര്‍ഹൂം ഇ കെ ഹസന്‍ മുസ്‌ലിയാരുടെ വിശേഷങ്ങള്‍ നാട്ടിലെത്തുന്ന സമയത്ത് എന്നോട് പങ്കുവെക്കും.ഞാന്‍ വെല്ലൂര്‍ ബാഖിയാത്തില്‍ നിന്ന് പഠനം പൂര്‍ത്തീകരിച്ച് മങ്ങാട് ദര്‍സ് തുടങ്ങിയ സമയം. മലപ്പുറം ജില്ലയിലെ തൃപ്പനച്ചിയില്‍ ഹസന്‍ മുസ്‌ലിയാരുടെയടുത്ത് ഓതിപ്പഠിക്കുകയാണ് അഹ്മദ് കുട്ടി മുസ്‌ലിയാരപ്പോള്‍. തന്റെ ഉസ്താദിനെ ഒരു ദിവസം വീട്ടിലേക്ക് സത്കരിച്ച വേളയില്‍ സ്ഥലം മുദര്‍രിസ് എന്ന നിലയില്‍ എന്നെയും ക്ഷണിച്ചു. ഹസന്‍ മുസ്‌ലിയാര്‍ നേരെ പള്ളിയിലേക്കാണ് വന്നത്. അദ്ദേഹം ഓതിപ്പഠിച്ച സ്ഥലമാണല്ലോ മങ്ങാട്. ളുഹ്‌റിന് അദ്ദേഹം ഇമാമായി നിസ്‌കരിച്ചു. ശേഷം ഞങ്ങളൊരുമിച്ച് അഹ്മദ് കുട്ടി മുസ്‌ലിയാരുടെ വീട്ടിലേക്ക് നടന്നു. കുറച്ചധികം നടക്കാനുണ്ട്. ഖുതുബ പരിഭാഷയാണ് പൂനൂരിലും പരിസരത്തും അന്നത്തെ ചൂടുള്ള വിഷയം. അതേക്കുറിച്ച് സംസാരിച്ചുകൊണ്ടാണ് നടത്തം.ഭക്ഷണം കഴിച്ച് തിരിച്ചുപോരുമ്പോഴും സംസാരം തുടര്‍ന്നു. അഹ്മദ് കുട്ടി മുസ്‌ലിയാരുടെ വീട്ടിലെ സത്കാരവും അന്നത്തെ സംസാരവുമാണ് ഞങ്ങള്‍ക്കിടയില്‍ ഒരാത്മബന്ധമുണ്ടാക്കിയത്. പിന്നീട് എത്രയോ വേദികളില്‍ ഖുതുബ പരിഭാഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഞങ്ങളൊരുമിച്ച് പ്രസംഗിക്കുകയും സംവാദം നടത്തുകയും ചെയ്തിട്ടുണ്ട്. സമസ്ത കേരള സുന്നി യുവജന സംഘത്തിന്റെയും സുന്നി വോയ്സിന്റെയുമെല്ലാം മുന്നേറ്റത്തിന് അടിത്തറയിടാന്‍ കാരണമായ ആ കൂടിക്കാഴ്ചക്ക് കളമൊരുക്കിയത് അഹ്മദ് കുട്ടി മുസ്‌ലിയാര്‍ ആയിരുന്നു.1972ല്‍ അദ്ദേഹം മൗലവി ഫാളില്‍ ബാഖവി ബിരുദം കരസ്ഥമാക്കിയ ശേഷം കോഴിക്കോട് ജില്ലയിലെ വിവിധയിടങ്ങളില്‍ ദര്‍സ് നടത്തുന്ന വേളകളില്‍ ഞങ്ങള്‍ക്കിടയിലെ ബന്ധം ശക്തിപ്പെട്ടു. ഒഴിവുവേളകളില്‍ പരസ്പരം കണ്ടു. അക്കാലത്ത് സജീവമായി തുടങ്ങിയ എന്റെ പ്രഭാഷണങ്ങള്‍ക്ക് പലപ്പോഴും കൂടെപ്പോരും. വടകര അടക്കാത്തെരുവ് പള്ളിയില്‍ മുദര്‍രിസായിരുന്നപ്പോള്‍ ഞാന്‍ ആ പരിസരത്ത് വഅ്‌ളിന് പോകുമ്പോള്‍ അവിടെ താമസിക്കും. ഒറ്റക്കുള്ള അത്തരം കൂടിക്കാഴ്ചകളില്‍ സുന്നത്ത് ജമാഅത്തുമായി ബന്ധപ്പെട്ട പദ്ധതികള്‍, ആദര്‍ശ വിഷയങ്ങള്‍ സംസാര വിഷയമാകും. ഞങ്ങളുടെ പരിസര പ്രദേശമായ പൂനൂരില്‍ പുത്തനാശയക്കാര്‍ രംഗപ്രവേശം ചെയ്തിരുന്ന സമയത്ത് അവരെ പ്രതിരോധിക്കാനായി സംവാദങ്ങളും മറ്റും നടത്തുമ്പോള്‍ വിഷയം നിര്‍ണയിക്കുന്നതില്‍ അദ്ദേഹം എന്റെ കൂടെയുണ്ടായിരുന്നു.കോഴിക്കോട് ജില്ലയിലെ എളേറ്റില്‍ വട്ടോളിക്കടുത്ത കണ്ണിറ്റമാക്കില്‍ ദര്‍സ് നടത്തുന്ന സമയത്താണ് ഞാനദ്ദേഹത്തെ ജാമിഅ മര്‍കസിലേക്ക് ക്ഷണിക്കുന്നത്. അവിടെ ഒരു ദര്‍സില്‍ മാത്രം ഒതുങ്ങിപ്പോകാതെ വലിയ ദര്‍സും പൊതുപ്രവര്‍ത്തനവും പ്രഭാഷണവും എല്ലാം കൂടുതല്‍ സജീവമാക്കണമെന്ന താത്പര്യത്തെ തുടര്‍ന്നാണ് ഈ വിളി. 1988 ജനുവരി മൂന്നിനാണ് മര്‍കസില്‍ എത്തുന്നത്. എന്നാല്‍ മര്‍കസില്‍ എത്തുന്നതിന് മുമ്പ് തന്നെ ദര്‍സ് ലീവുള്ള വേളകളില്‍ കാരന്തൂരില്‍ വരികയും താമസിക്കുകയും മര്‍കസ് സമ്മേളനങ്ങളുടെയും പരിപാടികളുടെയും സംഘാടകനായി പ്രവര്‍ത്തിക്കുകയും ചെയ്യും. അങ്ങനെ നിരന്തരം അടുത്തും ആശയവിനിമയം നടത്തിയുമാണ് എന്റെ പ്രിയപ്പെട്ട കൂട്ടുകാരനായി അദ്ദേഹം മാറുന്നത്.ചര്‍ച്ച ചെയ്യാനും പങ്കുവെക്കാനും വൈജ്ഞാനിക- ആദര്‍ശ- നാട്ടുകാര്യങ്ങള്‍ ഒരുപാടുണ്ടായിരുന്നു ഞങ്ങള്‍ക്കിടയില്‍. പിന്നീടങ്ങോട് ഒരു സഹചാരിയായി, അധ്യാപനത്തിലും പ്രഭാഷണത്തിലും സംവാദ വേദികളിലും പങ്കാളിയായി അഹ്മദ് കുട്ടി മുസ്‌ലിയാര്‍ കൂടെയുണ്ടായിരുന്നു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്ക് പുറമെ സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ്, സുന്നി മാനേജ്മെന്റ് അസ്സോസിയേഷന്‍, കേരള മുസ്‌ലിം ജമാഅത്ത്, മര്‍കസുസ്സഖാഫത്തി സുന്നിയ്യ, സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ തുടങ്ങിയവയുടെ നേതൃപദവി അലങ്കരിച്ചു. കട്ടിപ്പാറ അല്‍ ഇഹ്സാന്‍ ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങളുടെയും മഹല്ലുകളുടെയും രൂപവത്കരണത്തില്‍ മുന്നില്‍ നിന്നു. മലയോര മേഖലയായ കട്ടിപ്പാറയില്‍ മത-ഭൗതിക സമന്വയ വിദ്യാഭ്യാസത്തിന്റെ കേന്ദ്രം ഉയര്‍ന്നുവരണം എന്ന ഏറെ നാളത്തെ അഭിലാഷത്തില്‍ നിന്നാണ് അല്‍ ഇഹ്സാന്‍ രൂപപ്പെടുന്നത്. പൊതുവെ നാട്ടില്‍ സ്വീകാര്യനായ അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം ആ സ്ഥാപനത്തെ മെച്ചപ്പെടുത്തി.അധ്യാപനത്തിനും പ്രഭാഷണത്തിനും സംഘാടനത്തിനും പുറമെ മസ്‌ലഹത്ത് വിഷയങ്ങളിലും കാര്യങ്ങള്‍ സമര്‍ഥിക്കുന്നതിലും പ്രത്യേക കഴിവുണ്ടായിരുന്നു അദ്ദേഹത്തിന്. മര്‍കസുമായും പ്രസ്ഥാനവുമായും ബന്ധപ്പെട്ട ചില നിര്‍ണായക ഘട്ടങ്ങളില്‍ തീരുമാനം എടുക്കേണ്ടി വരുമ്പോള്‍ ഞാനദ്ദേഹത്തെ അരികില്‍ വിളിക്കും. അഭിപ്രായം ചോദിക്കും. വിഷയത്തിന്റെ എല്ലാ വശങ്ങളും കൃത്യമായി അന്വേഷിച്ചറിഞ്ഞ് ഏറ്റവും അനുയോജ്യമായ പരിഹാരം അദ്ദേഹം നിര്‍ദേശിക്കും. വളരെ ദീര്‍ഘവീക്ഷണത്തോടെയുള്ള സമീപനമായിരിക്കും അവയെന്ന് പലപ്പോഴും ബോധ്യപ്പെട്ടിട്ടുണ്ട്. വ്യക്തികള്‍ക്കും കൂട്ടായ്മകള്‍ക്കുമിടയില്‍ നിലനിന്നിരുന്ന പലതരത്തിലുള്ള തര്‍ക്കങ്ങളില്‍ പരിഹാരം കാണാനായി മര്‍കസില്‍ എത്തുമ്പോള്‍ അദ്ദേഹത്തെയും കൂടെയിരുത്തും. ഇരുകക്ഷികളെയും കൂടെയിരുത്തി വിശദമായി കേട്ടും കാര്യങ്ങളന്വേഷിച്ചും ദീര്‍ഘസമയം എടുത്താണ് അദ്ദേഹം പരിഹാരം നിര്‍ദേശിക്കുക. പെട്ടെന്ന് മറുപടി പറയുന്ന പ്രകൃതമായിരുന്നില്ല. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ തീര്‍പ്പുകളില്‍ ഇരുകക്ഷികളും തൃപ്തിപ്പെടുന്നത് കാണാം.മര്‍കസില്‍ ബൈളാവി, ജംഉല്‍ ജവാമിഅ്, സ്വഹീഹ് മുസ്‌ലിം തുടങ്ങിയ പ്രധാന കിതാബുകളുടെ ദീര്‍ഘകാല ദര്‍സിലൂടെ അദ്ദേഹം വിദ്യാര്‍ഥികളുടെ പ്രിയങ്കരനായ “കട്ടിപ്പാറ ഉസ്താദായി’. പതിനായിരത്തോളം സഖാഫി പണ്ഡിതര്‍ നാളിതുവരെ അദ്ദേഹത്തിന്റെ ശിഷ്യരായി തീര്‍ന്നിരിക്കും. വിനയം നിറഞ്ഞ, വാത്സല്യപൂര്‍വമായ സ്വഭാവം കൊണ്ട് തന്നെ അദ്ദേഹം വിദ്യാര്‍ഥികളുടെയെല്ലാം പ്രിയങ്കരനായിരുന്നു. നിനച്ചിരിക്കാത്ത വേളയിലുണ്ടായ ആരോഗ്യ കാരണങ്ങളെ തുടര്‍ന്ന് അല്‍പ്പ കാലമായി വിശ്രമിക്കുമ്പോഴാണ് ഈ വിയോഗമുണ്ടാകുന്നത്. അസുഖം ഭേദമായി വൈകാതെ തന്നെ മര്‍കസില്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലായിരുന്നു ഞങ്ങളെല്ലാം. എന്നാല്‍ ഈ വിയോഗം ഏറെ ദുഃഖിപ്പിക്കുന്നു. ഒരു സഹപ്രവര്‍ത്തകന്‍ എന്നതിലുപരി ചെറുപ്രായത്തില്‍ പരിചയപ്പെട്ടു തുടങ്ങി വലിയൊരു കാലയളവില്‍ കൂടെയുണ്ടായിരുന്ന ഒരാത്മ മിത്രത്തെയാണ് എനിക്ക് നഷ്ടപ്പെടുന്നത്. ഒരേസമയം സഹായിയായും മാര്‍ഗദര്‍ശകനായും ഒപ്പമുണ്ടായിരുന്നൊരാള്‍.