കാവിപ്പാടത്തെ നുണകളുടെ വിളവെടുപ്പ്

Wait 5 sec.

സംസ്ഥാന പോലീസില്‍ ഏറ്റവും ഉന്നത സ്ഥാനം വഹിച്ച ടി പി സെന്‍കുമാര്‍ സമീപ ദിവസം ഉയര്‍ത്തിയ, മോദി ഇല്ലായിരുന്നെങ്കില്‍ ഇന്ത്യ ഇസ്‌ലാമിക രാജ്യമായേനെയെന്ന വാദം വ്യക്തിയുടെ നിരുത്തരവാദ നിലപാടല്ല, ഇന്ത്യന്‍ പൊതുബോധത്തെ അടിമുടി കീഴടക്കിക്കഴിഞ്ഞ ഭയമനശ്ശാസ്ത്രമാണ് വെളിച്ചത്തുകൊണ്ടുവന്നത്. 15 ശതമാനത്തിന് ചുവടെ മാത്രമുള്ള മുസ്‌ലിംകള്‍ രാജ്യം തങ്ങളുടേതാക്കുമെന്ന പ്രചാരണത്തിലൂടെ വിഭജനവും തുടര്‍ന്നുള്ള കലാപങ്ങളും ചൂണ്ടി ന്യൂനപക്ഷവിരുദ്ധത മുളപ്പിക്കാന്‍ ഹിന്ദുത്വ ബുദ്ധികേന്ദ്രങ്ങള്‍ക്ക് കഴിഞ്ഞു. സമൂഹ മാധ്യമങ്ങളിലും ഇതര രംഗങ്ങളിലും സംഘ്പരിവാര്‍ അനുകൂലികള്‍ അത്തരം ഉള്ളടക്കങ്ങള്‍ പറത്തിവിടുന്നു.മുസ്‌ലിം നാമങ്ങളും അവരുടെ ഭയവുംമോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഒട്ടേറെ ഇടങ്ങളുടെ സ്ഥലപ്പേരുകള്‍ മാറ്റുകയുണ്ടായി. അതില്‍ നിന്ന് ആവേശം ഉള്‍ക്കൊണ്ട ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഒക്ടോബര്‍ 27ന് കബീര്‍ധാം ആശ്രമത്തില്‍ നടന്ന സ്മൃതി പ്രത്യോത്സവ് മേളയില്‍ പങ്കെടുക്കവെ നിര്‍ദേശിച്ചത്, ലഖിംപൂര്‍ ഖേരി ജില്ലയിലെ മുസ്തഫാബാദ് ഗ്രാമം കബീര്‍ധാം എന്ന് പുനര്‍നാമകരണം ചെയ്യണമെന്നാണ്. 15ാം നൂറ്റാണ്ടിലെ സന്യാസി കവിയായ കബീറിന്റെ ചിന്തകള്‍ കിഴക്കന്‍ യു പിയുടെ വലിയ പ്രദേശങ്ങളില്‍ സ്വാധീനം ചെലുത്തുന്നുണ്ടെന്നാണ് വാദം. 2018ല്‍ അലഹബാദ് ജില്ലയെ പ്രയാഗ്രാജ് എന്നും ഫൈസാബാദ് ജില്ലയെ അയോധ്യ എന്നും യോഗി പുനര്‍നാമകരണം ചെയ്തു. മുഗള്‍സാരായ് നഗരത്തിനും റെയില്‍വേ ജംഗ്ഷനും ദീന്‍ ദയാല്‍ ഉപാധ്യായയുടെ പേര് ചാര്‍ത്തി നല്‍കി. അംബേദ്കര്‍ നഗര്‍ ജില്ലയിലെ അക്ബര്‍പൂര്‍ ബസ്സ്റ്റാന്‍ഡ് ശ്രാവണ്‍ ധാം എന്ന് മാറ്റുകയും ചെയ്തു.ഈ പ്രവണത യു പിയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല. ഉത്തരാഖണ്ഡില്‍ അടുത്തിടെ ഒട്ടേറെ നഗരങ്ങളുടെയും ഗ്രാമങ്ങളുടെയും റോഡുകളുടെയും പേരുകള്‍ മാറ്റി. ഔറംഗാബാദും റെയില്‍വേ സ്റ്റേഷനും ഛത്രപതി സംഭാജി നഗറാക്കി. ബിഹാര്‍ തിരഞ്ഞെടുപ്പിലെ ബി ജെ പി സ്ഥാനാര്‍ഥി ഗായിക മൈഥിലി ഠാകൂര്‍, താന്‍ ജയിച്ചാല്‍ മത്സരിക്കുന്ന അലിനഗറിന്റെ പേര് സീതാ നഗര്‍ എന്നാക്കി മാറ്റുമെന്നായിരുന്നു പ്രഖ്യാപിച്ചത്. വിവാദമായപ്പോള്‍ നല്‍കിയ വിശദീകരണമാകട്ടെ, അത് തന്റെ ആശയമല്ലെന്നും ദര്‍ബംഗയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന വേളയില്‍ കേന്ദ്ര മന്ത്രി നിത്യാനന്ദ റായിയാണ് നിര്‍ദേശിച്ചതെന്നുമാണ്.ഗര്‍ഭിണിക്ക് കാളവണ്ടിമനുഷ്യരെ തല്ലിക്കൊല്ലുന്ന യു പിയില്‍ കന്നുകാലി വളര്‍ത്തല്‍ പ്രോത്സാഹനത്തിനും പശുസംരക്ഷണത്തിനും സമ്പദ് വ്യവസ്ഥയിലും സാംസ്‌കാരിക മേഖലയിലും കന്നുകാലികളുടെ പങ്ക് വികസിപ്പിക്കുന്നതിനും സമഗ്ര പദ്ധതി ആവിഷ്‌കരിച്ചിരിക്കുകയാണെന്ന ബാലിശത ഗോസംരക്ഷകര്‍ സമൂഹ മാധ്യമങ്ങളില്‍ നന്നായി കൊണ്ടാടി. വൈദ്യ ഗവേഷണത്തിന് ലിറ്ററിന് അഞ്ച് രൂപക്ക് ‘ദേശി’ പശുമൂത്രം സംഭരിക്കുമെന്നുമാണ് ക്ഷീര വികസന വകുപ്പ് തയ്യാറാക്കിയ കരടിലുള്ളത്. യു പി സ്വര്‍ഗമാണെന്ന അസംബന്ധ കാവി വായ്ത്താരിയിലെ അസംബന്ധം വെളിവാക്കിയതാണ് മൗധയിലെ ഗൗഘത് ചാനി പഞ്ചായത്തില്‍ നിന്ന് കഴിഞ്ഞ ദിവസം വന്ന വാര്‍ത്ത. പ്രസവ വേദന അനുഭവപ്പെട്ട ഗര്‍ഭിണിയെ കാളവണ്ടിയില്‍ കയറ്റി കിലോമീറ്ററുകള്‍ താണ്ടിയാണ് ആശുപത്രിയിലെത്തിച്ചത്.മോദിയുടെ വ്യാജ യമുനകാവി ഹാന്‍ഡിലുകള്‍ ആഘോഷമാക്കാന്‍ നിശ്ചയിച്ച ഫില്‍റ്റര്‍ വെള്ളം നിറച്ച വ്യാജ യമുനയിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പി ആര്‍ പരിപാടി അവസാന നിമിഷം റദ്ദാക്കുകയുണ്ടായി. വാസുദേവ് ഘട്ടത്തിലായിരുന്നു ഛഠ് പൂജയോടനുബന്ധിച്ച നാടകം. ബിഹാര്‍ തിരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ യമുനാ നദി ബി ജെ പി ശുചീകരിച്ചതായി തോന്നിപ്പിച്ച് ഫോട്ടോഷൂട്ട് നടത്താനുള്ള പദ്ധതിയാണ് പൊളിഞ്ഞത്. ഗോദി മീഡിയകളില്‍ മോദി സ്തുതികള്‍ നിറഞ്ഞുകവിയുന്നതിനിടയില്‍ കാപട്യം കൈയോടെ പിടിക്കപ്പെട്ടു. നദിയോട് ചേര്‍ന്ന് പുതിയ പടിക്കെട്ടുകള്‍ സഹിതം കൃത്രിമ കുളം പണിതാണ് യമുനാ തട്ടിപ്പ്. വന്‍തോതില്‍ മലിനമായ നദിയോട് ചേര്‍ന്ന് വസിറാബാദിലെ പ്ലാന്റില്‍ നിന്ന് ശുചീകരിച്ചെത്തിച്ച സുരക്ഷിത ജലശേഖരവുമൊരുക്കി. ഛഠ് പൂജക്കെത്തുന്ന പതിനായിരക്കണക്കിനാളുകള്‍ കെട്ടവെള്ളത്തില്‍ മുങ്ങിക്കുളിക്കുമ്പോള്‍ മോദിയുടെ ആരോഗ്യ സംരക്ഷണത്തില്‍ മാത്രമായിരുന്നു ശ്രദ്ധ. പൂജയെ രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസരമാക്കി മാറ്റുകയായിരുന്നു ബി ജെ പി. കഴിഞ്ഞ നാല് വര്‍ഷമായി മലിനീകരണത്തെ തുടര്‍ന്ന് യമുനയില്‍ ഛഠ് പൂജക്ക് വിലക്കാണ്.നവമാധ്യമ ഭീകരതഎസ് ഐ ആര്‍ സംബന്ധിച്ചും സംഘ്പരിവാര്‍ വമ്പന്‍ അവകാശവാദങ്ങളുയര്‍ത്തി. എന്നാല്‍ വോട്ടെടുപ്പ് അടുത്തിരിക്കെ അസമിനെ അതില്‍ നിന്ന് ഒഴിവാക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം അത് ചീറ്റിച്ചു. ബി ജെ പി ഭരിക്കുന്ന സംസ്ഥാനത്തെ സൂക്ഷ്മ പരിശോധനയില്‍ നിന്ന് സംരക്ഷിക്കുകയും പശ്ചിമ ബംഗാള്‍, കേരളം, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളെ ഉള്‍പ്പെടുത്തുകയും ചെയ്യുന്നുവെന്നതാണ് വിരോധാഭാസം.അസം സര്‍ക്കാര്‍ കൊണ്ടുവരുന്ന ലവ് ജിഹാദ് വിരുദ്ധ നിയമത്തില്‍ പ്രതികളുടെ മാതാപിതാക്കളെ അറസ്റ്റ് ചെയ്യുന്നതിനുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞതും മുഖപുസ്തകങ്ങളില്‍ നിറയുകയുണ്ടായി. ലവ് ജിഹാദിന്റെയും ബഹുഭാര്യത്വത്തിന്റെയും കെണികളില്‍ നിന്ന് സ്ത്രീകളെ രക്ഷിക്കാന്‍ ആഗ്രഹിക്കുന്നു. കര്‍ശന നിയമങ്ങള്‍ കൊണ്ടുവരും. ഒന്നിലധികം സ്ത്രീകളെ വിവാഹം കഴിച്ചാല്‍ ഏഴ് വര്‍ഷം വരെ തടവ് അനുഭവിക്കണം- ശര്‍മ കൂട്ടിച്ചേര്‍ത്തു.തുടരുന്ന വര്‍ഗീയാധിക്ഷേപങ്ങള്‍ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ പൊതുചര്‍ച്ചകളിലെ വര്‍ഗീയാധിക്ഷേപങ്ങള്‍ വ്യക്തിയെ മാത്രമല്ല അപകീര്‍ത്തിപ്പെടുത്തുന്നത്, ഇന്ത്യ എന്ന ആശയം തന്നെ ഇതിലൂടെ മുറിവേല്‍പ്പിക്കപ്പെടുന്നുവെന്ന മുന്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ് വൈ ഖുറേഷിയുടെ പ്രതികരണം അതീവ സാരവത്താണ്. “അടുത്തിടെ ഒരു പാര്‍ലിമെന്റംഗം പേര് പരാമര്‍ശിക്കാതെ മുസ്‌ലിം കമ്മീഷണറെന്ന് എന്നെ പരാമര്‍ശിച്ചത് നിഷ്‌കളങ്കമല്ല. പ്രൊഫഷനല്‍ പാരമ്പര്യത്തെ ഇകഴ്ത്താനും ഭരണഘടനാപരമായ പങ്ക് വര്‍ഗീയവത്കരിക്കാനും ബഹുസ്വരതയില്‍ ആത്മാവ് നിലനില്‍ക്കുന്ന രാജ്യത്ത് അപകടകരമായ ആഖ്യാനം ഉത്തേജിപ്പിക്കാനും ഉദ്ദേശിച്ചുള്ളതാണത്. ഞാന്‍ മുസ്‌ലിം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ആയിരുന്നില്ല; മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്നു. പൊതുപ്രവര്‍ത്തകനെ മതപരമായ സ്വത്വത്തിലേക്ക് ചുരുക്കിയതിലൂടെ ആ എംപി എന്നെ മാത്രമല്ല നിഷ്പക്ഷവും സ്വതന്ത്രവുമായ സ്ഥാപനത്തെക്കുറിച്ചുള്ള ആശയത്തെയുമാണ് അപമാനിച്ചത്. മതപരമായ പ്രൊഫൈലിംഗിന്റെ അഴുക്ക് ഉപയോഗിച്ച് ഭരണഘടനാപരമായ പങ്കിനെ കളങ്കപ്പെടുത്താന്‍ ശ്രമിച്ചു’ – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഉംബര്‍ട്ടോ എക്കോ നിരീക്ഷിച്ചത്പ്രശസ്ത ഇറ്റാലിയന്‍ ദാര്‍ശനിക നോവലിസ്റ്റും ചിന്തകനുമായ ഉംബര്‍ട്ടോ എക്കോ നവമാധ്യമങ്ങളെ ആശങ്കയും ജാഗ്രതയും കലര്‍ന്ന കാഴ്ചപ്പാടോടെയാണ് വീക്ഷിച്ചത്. സമൂഹ മാധ്യമങ്ങള്‍ വിഡ്ഢികളുടെ കൂട്ടത്തിന് സംസാരിക്കാനുള്ള അവകാശം നല്‍കിയെന്ന് പരിഹസിക്കുകയുമുണ്ടായി. വിവരമുള്ള സംഭാഷണത്തിനും അജ്ഞതക്കും ഇടയിലെ അതിര്‍വരമ്പുകള്‍ ഇന്റര്‍നെറ്റ് മങ്ങിക്കുന്നതില്‍ ആശങ്കാകുലനുമായി. അറിവില്ലാത്തവര്‍ ഉള്‍പ്പെടെ ഏവര്‍ക്കും വിദഗ്ധരുടെ അധികാരത്തോടെ സംസാരിക്കാന്‍ സോഷ്യല്‍ മീഡിയ വേദിയൊരുക്കിയത് പൊതുസംവാദത്തിന്റെ ഗുണനിലവാരം തകര്‍ത്തു. വൈദഗ്ധ്യം ഇല്ലാതാക്കി. വിശ്വസനീയമായ വിവരങ്ങളും വ്യാജങ്ങളും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ പ്രയാസകരമാക്കി. പുതിയ ആശയവിനിമയ ചാനലുകള്‍ നുണകളുടെ വലുതും ഉടനടിയുള്ളതുമായ വ്യാപനത്തിലേക്ക് നയിച്ചു. സമൂഹ മാധ്യമ വേദി പമ്പര വിഡ്ഢികളുടെ കടന്നാക്രമണത്തിന് കാരണമായിരിക്കുന്നു. സംസാരിക്കാന്‍ അവര്‍ക്കും നൊബേല്‍ പുരസ്‌കാര ജേതാവിനുള്ള അതേ അവകാശമാണ് ഇവിടെയുള്ളതെന്ന എക്കോയുടെ പരിഹാസം ബി ജെ പി പ്രചാരകര്‍ക്കാണ് നന്നായി ഇണങ്ങുക.