തിരുവനന്തപുരം|വര്‍ക്കലയില്‍ മദ്യലഹരിയില്‍ യാത്രക്കാരന്‍ ട്രെയിനില്‍ നിന്ന് ചവിട്ടിത്തള്ളിയിട്ട 19കാരി ശ്രീക്കുട്ടിയുടെ ആരോഗ്യനില അതീവഗുരുതരം. വീഴ്ചയില്‍ തലക്കും നട്ടെല്ലിനും ഗുരുതരമായി പരുക്കേറ്റ ശ്രീക്കുട്ടി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.തലച്ചോറിനാണ് പരുക്കേറ്റിരിക്കുന്നത്. തലച്ചോറില്‍ ചതവ് ഉണ്ടെന്ന് കണ്ടെത്തി. സര്‍ജിക്കല്‍ ഐസിയുവിലാണ് പെണ്‍കുട്ടി ഇപ്പോള്‍ ഉള്ളതെന്നും വെന്റിലേറ്ററിന്റെ സഹായം ഇപ്പോഴും നല്‍കുന്നുണ്ടെന്നും ഡോ. ജയചന്ദ്രന്‍ പ്രതികരിച്ചു.കേരളത്തെ ഞെട്ടിച്ച ഗോവിന്ദചാമി കേസിന് സമാനമായരീതിയിലാണ് ഞായറാഴ്ച്ചത്തെ സംഭവം. കഴിഞ്ഞ ദിവസം കേരള എക്‌സ്പ്രസിലെ യാത്രയ്ക്കിടെയാണ് പത്തൊമ്പതുകാരിയെ സഹയാത്രികന്‍ തള്ളിയിട്ടത്. ആലുവയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെയാണ് സംഭവം. ശുചിമുറിയില്‍നിന്ന് പുറത്തിറങ്ങി വാതിലിനടുത്ത് നില്‍ക്കുകയായിരുന്ന ശ്രീക്കുട്ടിയെ സുരേഷ് കുമാര്‍ ചവിട്ടിതള്ളിയിടുകയായിരുന്നു. പ്രതി കുറ്റം സമ്മതിച്ചു. പ്രതിക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.