വിവാഹ വാഗ്ദാനത്തിൽ നിന്ന് പിന്മാറുന്നത് ആത്മഹത്യാ പ്രേരണയായി കണക്കാക്കാനാവില്ല: സുപ്രീംകോടതി

Wait 5 sec.

ന്യൂഡൽഹി | വിവാഹ വാഗ്ദാനത്തിൽ നിന്ന് പിന്മാറുന്നത്, ആത്മഹത്യാ പ്രേരണയായി കണക്കാക്കാനാവില്ലെന്ന് സുപ്രീംകോടതി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐ പി സി) സെക്ഷൻ 107-ൽ പറയുന്ന ‘പ്രേരണ’യായി ഇത് കണക്കാക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. വിവാഹം നിഷേധിച്ചതിനെ തുടർന്ന് ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവിനെതിരെ രജിസ്റ്റർ ചെയ്ത എഫ് ഐ ആർ റദ്ദാക്കിക്കൊണ്ടാണ് സുപ്രീംകോടതിയുടെ സുപ്രധാന വിധി.ജസ്റ്റിസുമാരായ ജെ ബി പർദിവാല, കെ വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ കേസ് പരിഗണിച്ചത്. ഐ പി സി സെക്ഷൻ 306 പ്രകാരം തനിക്കെതിരെ രജിസ്റ്റർ ചെയ്ത എഫ് ഐ ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് യാദ്‍വിന്ദർ സിങ് നൽകിയ അപ്പീൽ പഞ്ചാബ് ഹരിയാന ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് ഇദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചത്.മരണപ്പെട്ട യുവതിയുടെ അമ്മ 2016-ൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. സർക്കാർ അഭിഭാഷകയായിരുന്ന തന്റെ മകൾ വിഷം കഴിച്ച് മരിച്ചതിന് കാരണം യുവാവ് വിവാഹ വാഗ്ദാനത്തിൽ നിന്ന് പിന്മാറിയതാണെന്ന് അമ്മ ആരോപിച്ചു. വിവാഹം കഴിക്കാൻ കുടുംബത്തെ സമ്മതിപ്പിക്കാമെന്ന് ഉറപ്പുനൽകിയ ശേഷം സിങ് യുവതിയെ വഞ്ചിച്ചുവെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്.അതേസമയം, പ്രോസിക്യൂഷന്റെ വാദം പൂർണമായി അംഗീകരിച്ചാൽ പോലും, ഐ പി സി 107-ഉം 306-ഉം വകുപ്പുകൾ പ്രകാരമുള്ള ആത്മഹത്യാ പ്രേരണയുടെ ഒരു ഘടകവും കേസിൽ തെളിയിക്കപ്പെട്ടിട്ടില്ലെന്ന് സുപ്രീംകോടതി കണ്ടെത്തി.നിപുൺ അനീജ v. ഉത്തർപ്രദേശ് സംസ്ഥാനം, ജിയോ വർഗീസ് v. രാജസ്ഥാൻ സംസ്ഥാനം എന്നീ കേസുകളിലെ മുൻ വിധികൾ ഉദ്ധരിച്ചുകൊണ്ട്, ഒരാളെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിക്കുന്നതിനോ മനഃപൂർവം സഹായിക്കുന്നതിനോ ഉള്ള മാനസിക പ്രക്രിയ ഉൾപ്പെടുന്നതാണ് ആത്മഹത്യാ പ്രേരണയെന്ന് ബെഞ്ച് ആവർത്തിച്ചു വ്യക്തമാക്കി. വിവാഹം നിഷേധിച്ചത് യുവതിക്ക് വിഷമവും നിരാശയും ഉണ്ടാക്കിയിരിക്കാമെങ്കിലും, ആത്മഹത്യയിലേക്ക് നയിക്കുന്ന പ്രത്യക്ഷമായോ സജീവമായോ ഉള്ള പ്രേരണ യുവാവിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു.വിവാഹ വാഗ്ദാനത്തിൽ നിന്നുള്ള പിന്മാറ്റം മൂലമുണ്ടായ വൈകാരിക ക്ലേശത്തെ, യുവതിയെ ആത്മഹത്യയിലേക്ക് തള്ളിവിടാനുള്ള ഉദ്ദേശ്യമായി കണക്കാക്കാൻ കഴിയില്ല. പ്രതിയെ വിചാരണയ്ക്ക് വിധേയമാക്കുന്നത് നീതിയുടെ ലംഘനത്തിന് തുല്യമാകുമെന്ന് ചൂണ്ടിക്കാട്ടി, സുപ്രീംകോടതി അപ്പീൽ അനുവദിച്ചു.