ഇംഗ്ലണ്ട് മുൻ നായകനും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു സൂപ്പർ താരവുമായിരുന്ന കെവിൻ പീറ്റേഴ്സന്റെ വെളിപ്പെടുത്തൽ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. തന്റെ കരിയർ പാതിവഴിയിൽ അവസാനിക്കാൻ കാരണം ഐപിഎല്ലും അതുമായി ബന്ധപ്പെട്ട വിവാദങ്ങളുമാണെന്ന് അദ്ദേഹം തുറന്നുപറഞ്ഞു. ‘ദി റൺവീർ ഷോ’ എന്ന പോഡ്കാസ്റ്റിലാണ് താരം തന്റെ മനസ്സ് തുറന്നത്.ഇന്ത്യയിലെ ടി-20 ആവേശത്തിന് പിന്നാലെ പോയത് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡുമായുള്ള ബന്ധം വഷളാക്കിയെന്നും, റെക്കോർഡുകൾ തിരുത്തിക്കുറിക്കേണ്ടിയിരുന്ന തന്റെ കരിയർ അതോടെ അവസാനിച്ചുവെന്നും പീറ്റേഴ്സൺ വെളിപ്പെടുത്തി. “ഞാൻ വലിയ ത്യാഗങ്ങൾ ചെയ്തിട്ടുണ്ട്. അതിന്റെ പേരിൽ എനിക്ക് എന്റെ കരിയർ തന്നെ നഷ്ടമായി,” പീറ്റേഴ്സൺ പരിതപിച്ചു. 2009-ൽ അക്കാലത്തെ റെക്കോർഡ് തുകയായ 1.55 മില്യൺ ഡോളറിനാണ് പീറ്റേഴ്സൺ ആർസിബിയിലെത്തിയത്. ബെംഗളൂരു ആരാധകരുടെ പ്രിയങ്കരനായ അദ്ദേഹം ടീമിന്റെ മുഖമായി മാറി. എന്നാൽ ഐപിഎല്ലിനോടുള്ള അദ്ദേഹത്തിന്റെ താൽപ്പര്യം ഇംഗ്ലണ്ട് ബോർഡിനെ ചൊടിപ്പിച്ചു. പീറ്റേഴ്സൺ ടീമിൽ അച്ചടക്കമില്ലായ്മയുണ്ടാക്കുന്നു എന്ന് ബോർഡ് ആരോപിക്കുകയും അദ്ദേഹത്തിന്റെ പ്രതിച്ഛായ തകർക്കാൻ ശ്രമിച്ചതായും റിപ്പോർട്ടുകളുണ്ട്.തന്റെ കരിയറിനെക്കുറിച്ച് സംസാരിക്കവേ, രാഷ്ട്രീയക്കളികൾ ഇല്ലായിരുന്നെങ്കിൽ തനിക്ക് ഇംഗ്ലണ്ടിനായി 150-160 ടെസ്റ്റ് മത്സരങ്ങൾ കളിക്കാമായിരുന്നുവെന്നും 12,000 മുതൽ 13,000 വരെ റൺസ് നേടാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 2013-14 ആഷസ് പരമ്പരയ്ക്ക് ശേഷം ഫോമിന്റെ പേരിലല്ല, മറിച്ച് ക്രിക്കറ്റ് ബോർഡിലെ രാഷ്ട്രീയത്തിന്റെ ഇരയായാണ് തന്നെ ടീമിൽ നിന്ന് പുറത്താക്കിയതെന്ന് അദ്ദേഹം വിശ്വസിക്കുന്നു.Also Read: ചേട്ടൻ സൂപ്പറാ…; ഐസിസി പ്ലെയർ ഓഫ് ദി മന്ത് ചുരുക്കപ്പട്ടികയിൽ സഞ്ജു സാംസണുംഎങ്കിലും, ഇന്നത്തെ ഇംഗ്ലണ്ട് താരങ്ങളായ ജോസ് ബട്ട്ലറും ബെൻ സ്റ്റോക്സും യാതൊരു ഭയവുമില്ലാതെ ഐപിഎല്ലിൽ കളിക്കുന്നത് കാണുമ്പോൾ തനിക്ക് സന്തോഷമുണ്ടെന്നും പീറ്റേഴ്സൺ കൂട്ടിച്ചേർത്തു. ഇതിനായി താൻ നടത്തിയ പോരാട്ടങ്ങളെ ബട്ട്ലർ തന്നെ നേരിട്ട് പ്രശംസിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. “നിങ്ങൾ ചെയ്ത ത്യാഗങ്ങൾ കാരണമാണ് ഇന്ന് ഞങ്ങൾക്ക് ഇതിന്റെ ഫലം അനുഭവിക്കാൻ കഴിയുന്നത്,” എന്ന് ബട്ട്ലർ തന്നോട് പറഞ്ഞതായി പീറ്റേഴ്സൺ ഓർത്തെടുത്തു.റെക്കോർഡുകൾ പലതും നഷ്ടമായെങ്കിലും, ക്രിക്കറ്റ് ലോകത്ത് വലിയൊരു മാറ്റത്തിന് തുടക്കമിട്ടാണ് താൻ മടങ്ങുന്നതെന്ന സംതൃപ്തിയിലാണ് ഈ ആർസിബി ഇതിഹാസം. തന്റെ ലക്ഷ്യങ്ങൾക്കായി പൊരുതിയപ്പോൾ കരിയർ നഷ്ടമായെങ്കിലും വരുംതലമുറയ്ക്ക് അദ്ദേഹം ഒരു വഴികാട്ടിയായി തുടരുന്നുThe post ‘ഐപിഎൽ എന്റെ കരിയർ തകർത്തു!’ വെളിപ്പെടുത്തലുമായി ഇംഗ്ലണ്ട് ഇതിഹാസതാരം appeared first on Kairali News | Kairali News Live.