എസ് ഐ ആര്‍ നടപടികളുടെ ഭാഗമായി പശ്ചിമ ബംഗാളില്‍ ഒഴിവാക്കപ്പെട്ട വോട്ടര്‍മാരുടെ എണ്ണം അമ്പരപ്പിക്കുന്നതാണ്. 91 ലക്ഷം പേരാണ് (മൊത്തം വോട്ടര്‍മാരുടെ 12 ശതമാനം) പട്ടികയില്‍ നിന്ന് പുറത്തായത്. ഫെബ്രുവരിയില്‍ തിര. കമ്മീഷന്‍ പ്രസിദ്ധീകരിച്ച ആദ്യ പട്ടികയില്‍ 63.66 ലക്ഷം വോട്ടര്‍മാരാണ് ഒഴിവാക്കപ്പെട്ടിരുന്നത്. പിന്നീട് സൂക്ഷ്മ പരിശോധനക്കായി മാറ്റിവെച്ച 60 ലക്ഷം വോട്ടര്‍മാരില്‍ നിന്ന് 27.16 ലക്ഷം പേരെ കൂടി ഒഴിവാക്കുകയായിരുന്നു. 2025 ഒക്ടോബറില്‍ 7.66 കോടി വോട്ടര്‍മാരുണ്ടായിരുന്ന പശ്ചിമബംഗാളില്‍ അത് 6.75 കോടിയായി ചുരുങ്ങിയിരിക്കുകയാണ്. രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമാണ് വോട്ടര്‍പ്പട്ടികയില്‍ ഇത്ര വലിയൊരു വെട്ടിമാറ്റല്‍. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ ഇത്രയുമേറെ വോട്ടര്‍മാര്‍ ഒഴിവാക്കപ്പെട്ടത് സന്ദേഹങ്ങള്‍ക്ക് ഇടയാക്കുകയും തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതക്ക് മങ്ങലേല്‍പ്പിക്കുകയും ചെയ്യുന്നു.മരണപ്പെട്ടവരെയും താമസം മാറ്റിയവരെയും ഇരട്ട വോട്ടുള്ളവരെയുമാണ് ഒഴിവാക്കിയതെന്നാണ് തിര. കമ്മീഷന്റെ വിശദീകരണം. വോട്ടര്‍മാരില്‍ 12 ശതമാനം ഒറ്റയടിക്ക് ഒഴിവാക്കപ്പെട്ടതിന് ഇത് വിശ്വസനീയമായ ന്യായീകരണമാണോ? മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലാണ് വെട്ടിമാറ്റല്‍ കൂടുതലായി നടന്നതെന്ന കാര്യം കൂടി പരിഗണിക്കുമ്പോള്‍, ഇതിനു പിന്നില്‍ കേന്ദ്രത്തിന്റെ ഇടപെടലുകളോ സമ്മര്‍ദങ്ങളോ ഉണ്ടെന്ന മമതാ ബാനര്‍ജി സര്‍ക്കാറിന്റെ ആരോപണത്തിന് ബലമേറുന്നു. ലഭ്യമായ വിവരമനുസരിച്ച് മുസ്ലിം ജനസംഖ്യ കൂടുതലുള്ള മുര്‍ശിദാബാദിലാണ് കൂടുതല്‍ പേര്‍ പുറത്തായത്. ഇവിടെ 11.01 ലക്ഷം വോട്ടര്‍മാരില്‍ 4.55 ലക്ഷവും പുറത്തായി. ഈസ്റ്റ് മിഡ്നാപൂര്‍ നിയമസഭാ മണ്ഡലമായ നന്ദിഗ്രാമില്‍ സബാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തില്‍ കണ്ടെത്തിയത് പുറത്താക്കപ്പെട്ട വോട്ടര്‍മാരില്‍ 95 ശതമാനവും മുസ്ലിംകളാണെന്നാണ്. പ്രതിപക്ഷ നേതാവും പ്രമുഖ ബി ജെ പി നേതാവുമായ സുവേന്ദു അധികാരി പ്രതിനിധാനം ചെയ്യുന്ന മണ്ഡലമാണിതെന്നത് ശ്രദ്ധേയം. മുസ്ലിം വോട്ടുകള്‍ നിര്‍ണായകമായ മണ്ഡലങ്ങളില്‍ ഇത്രവലിയ കുറവ് സംഭവിക്കുന്നത് തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാനുള്ള വഴിവിട്ട കളിയായി സംശയിക്കപ്പെടാവുന്നതാണ്. സംസ്ഥാനത്തെ വോട്ടര്‍മാരില്‍ രണ്ട് കോടിയോളം നുഴഞ്ഞുകയറ്റക്കാരും വ്യാജ വോട്ടര്‍മാരുമാണെന്ന് ബി ജെ പി നിരന്തരം ആരോപിക്കുകയും ചെയ്തിരുന്നു. മുസ്ലിം വോട്ടര്‍മാരെ ലാക്കാക്കിയാണ് ബി ജെ പിയുടെ ആരോപണം.ആവശ്യമായ രേഖകള്‍ ഹാജരാക്കിയവരെയും പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി മമതാ ബാനര്‍ജി പറയുന്നത്. രേഖകളില്‍ ഒരേതരം പിശകുകളോ പൊരുത്തക്കേടുകളോ കാണപ്പെട്ടവരില്‍, ഇതര വിഭാഗങ്ങളിലെ വോട്ടര്‍മാര്‍ പട്ടികയില്‍ നിലനില്‍ക്കുകയും മുസ്ലിംകള്‍ മാത്രം പുറത്താകുകയും ചെയ്തതിന് എന്ത് ന്യായീകരണമാണ് തിര. കമ്മീഷന് പറയാനുള്ളത്? ഭരണഘടനാപരമായ തുല്യതയുടെ നഗ്‌ന ലംഘനമാണിത്. പൗരത്വ രേഖകളുമായി ബന്ധപ്പെട്ട് ആശങ്കകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വോട്ടര്‍പ്പട്ടികയില്‍ നിന്നുള്ള ഈ വെട്ടിമാറ്റല്‍ മുസ്ലിം സമൂഹത്തില്‍ വലിയ തോതിലുള്ള അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നുണ്ട്.എസ് ഐ ആര്‍ വോട്ടര്‍പ്പട്ടികയില്‍ സ്ഥലം പിടിക്കാതെ വരുന്നതിന്റെ പ്രത്യാഘാതങ്ങള്‍ ഗുരുതരമാണ്. വോട്ട് ചെയ്യാനോ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനോ സാധ്യമാകില്ലെന്നു മാത്രമല്ല, അന്യദേശക്കാരനായി മുദ്രകുത്തപ്പെടുകയും പൗരത്വം തെളിയിക്കാന്‍ ട്രൈബ്യൂണലുകളിലും കോടതികളിലും നിയമപോരാട്ടം നടത്തേണ്ടി വരികയും ചെയ്യും. വോട്ടര്‍പ്പട്ടികയിലെ പേരിന്റെ അടിസ്ഥാനത്തില്‍ ലഭിക്കുന്ന പല ആനുകൂല്യങ്ങളും നഷ്ടമാകും. റേഷന്‍കാര്‍ഡ്, വിവിധ ക്ഷേമപെന്‍ഷനുകള്‍, സബ്സിഡികള്‍ എന്നിവക്ക് തിരിച്ചറിയല്‍ രേഖയായി വോട്ടര്‍ ഐ ഡി പരിഗണിക്കുന്ന സ്ഥലങ്ങളില്‍ വിശേഷിച്ചും.അര്‍ഹതയില്ലാത്തവര്‍ വോട്ടര്‍പ്പട്ടികയില്‍ സ്ഥലം പിടിച്ചിട്ടില്ലെന്ന് ഉറപ്പാക്കേണ്ടത് തിര. കമ്മീഷന്റെ ബാധ്യതയാണെങ്കിലും ഇക്കാര്യത്തില്‍ കമ്മീഷന്‍ സ്വീകരിക്കുന്ന നടപടികള്‍ സുതാര്യവും വിശ്വസനീയവുമായിരിക്കണം. ബംഗാളില്‍ കൂട്ടത്തോടെ ഒഴിവാക്കപ്പെട്ട സംഭവങ്ങളില്‍ അതിന്റെ ശരിയായ കാരണം വ്യക്തമാക്കാന്‍ കമ്മീഷന് സാധിച്ചിട്ടില്ല. ഒഴിവാക്കപ്പെട്ടവര്‍ക്ക് അപ്പീല്‍ നല്‍കാന്‍ ട്രൈബ്യൂണലുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവയുടെ പ്രവര്‍ത്തനം സുതാര്യമല്ലെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്.പശ്ചിമബംഗാളില്‍ എസ് ഐ ആര്‍ നടപടിക്രമങ്ങളില്‍ നേരത്തേ തന്നെ വ്യാപകമായ പരാതികളുണ്ട്. മാല്‍ഡ ജില്ലയില്‍ നിരവധി പേരെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് കടുത്ത പ്രതിഷേധത്തിനിടയാക്കുകയും വോട്ടര്‍മാര്‍ ഏഴ് ജുഡീഷ്യല്‍ ഉദ്യോഗസ്ഥരെ ഒമ്പത് മണിക്കൂറോളം ബന്ധികളാക്കുകയും ചെയ്തിരുന്നു. ബംഗാളില്‍ എസ് ഐ ആറുമായി ബന്ധപ്പെട്ട് ഉയരുന്നത് കേവല രാഷ്ട്രീയപ്രേരിതമായ പ്രതിഷേധമല്ല, അതൊരു ജനരോഷമായി പരിണമിച്ചിരിക്കുന്നുവെന്നാണ് മാല്‍ഡ സംഭവം വ്യക്തമാക്കുന്നത്. വോട്ടര്‍മാരെ കൂട്ടത്തോടെ വെട്ടിമാറ്റിയതിന്, ജുഡീഷ്യല്‍ ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായ കാരണം ബോധിപ്പിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് ജനങ്ങള്‍ രോഷാകുലരായതും ഉദ്യോഗസ്ഥരെ ബന്ധികളാക്കിയതും.91 ലക്ഷം വോട്ടര്‍മാരുടെ അസാന്നിധ്യം പശ്ചിമബംഗാള്‍ തിരഞ്ഞെടുപ്പില്‍ കരിനിഴലായി അവശേഷിക്കും. ജനാധിപത്യത്തിന്റെ കാവലാളാകേണ്ട സ്ഥാപനങ്ങള്‍ വോട്ടര്‍പ്പട്ടിക പരിഷ്‌കരണത്തിന്റെ പേരില്‍ വോട്ടര്‍മാരുടെ എണ്ണം വന്‍തോതില്‍ വെട്ടിക്കുറയ്ക്കാന്‍ അതീവ താത്പര്യം കാണിക്കുന്നുവെന്ന ധാരണ സൃഷ്ടിക്കാന്‍ ഇടയാക്കുന്നത് അപകടകരമായ പ്രവണതയാണ്. അര്‍ഹതപ്പെട്ടവരുടെ വോട്ടവകാശം ഉറപ്പ് വരുത്താനായിരിക്കണം വോട്ടര്‍പ്പട്ടിക പരിഷ്‌കരണം. പൗരന്റെ ഭരണഘടനാപരമായ അവകാശത്തെ ഇല്ലാതാക്കാനുള്ള ആയുധമായി അത് മാറരുത്.