പറക്കാം പറപ്പിക്കാം

Wait 5 sec.

നീലാകാശത്തിലൂടെ വെള്ളിമേഘങ്ങളെ കീറിമുറിച്ച് പോകുന്ന വിമാനം കാണുമ്പോൾ പുറത്തിറങ്ങി നോക്കാത്ത ഏത് കുട്ടിയാണുണ്ടാകുക? ബസും ലോറിയും ഓടിക്കുന്ന ജോലി കഴിഞ്ഞാൽ വിമാനം പറത്തുന്നയാളാകുക എന്നത് മിക്കവരുടെയും കുട്ടിക്കാല സ്വപ്നങ്ങളിലെ ഇഷ്ട ജോലികളിലൊന്നാണ്. ആ സ്വപ്നം എങ്ങനെ യാഥാർഥ്യമാക്കാം? ഒരു പൈലറ്റാകാനുള്ള വഴികളെന്തൊക്കെയാണ്? ഇതിന് വേണ്ടിവരുന്ന സാമ്പത്തിക ചെലവ് എത്രയാണ്? തൊഴിൽ സാധ്യത എന്തൊക്കെയാണ് എന്നതുൾപ്പടെ കാര്യങ്ങൾ ഒന്നറിഞ്ഞു വെച്ചാലോ?ആകാശത്തെ രാജാവാണ് പൈലറ്റ്വിമാനത്തിന്റെ കോക്പിറ്റിലിരുന്ന് ലോകം മുഴുവൻ ചുറ്റിക്കാണുന്ന ആ ജീവിതം ഒന്ന് സങ്കൽപ്പിച്ചു നോക്കൂ! വെറുമൊരു ജോലിയല്ല, മറിച്ച് സാഹസികതയും ഉത്തരവാദിത്വവും നിറഞ്ഞ ഒന്നാണ് പൈലറ്റ് കരിയർ.യോഗ്യത, പ്രായം, ആരോഗ്യംപ്ലസ് ടു തലത്തിൽ ഫിസിക്‌സ്, മാത്തമാറ്റിക്‌സ് വിഷയങ്ങൾ നിർബന്ധമായും പഠിച്ചിരിക്കണം (കുറഞ്ഞത് 50 ശതമാനം മാർക്ക്). പൈലറ്റ് ട്രെയിനിംഗ് തുടങ്ങാൻ കുറഞ്ഞത് 17 വയസ്സ് തികയണം. ലൈസൻസ് ലഭിക്കാൻ 18 വയസ്സ് പൂർത്തിയാകണം. നല്ല കാഴ്ചശക്തിയും ശാരീരികക്ഷമതയും ഉണ്ടായിരിക്കണം. ഇതിനായി പ്രത്യേക മെഡിക്കൽ ടെസ്റ്റുകൾ (ക്ലാസ്സ് രണ്ട് & ക്ലാസ്സ് ഒന്ന് മെഡിക്കൽ) പാസ്സാകേണ്ടതുണ്ട്.പൈലറ്റാകാൻ എത്ര കാലമെടുക്കും?പഠനവും പറക്കൽ പരിശീലനവും (Flying Hours) പൂർത്തിയാക്കി ഒരു കൊമേഴ്‌സ്യൽ പൈലറ്റ് ലൈസൻസ് (സി പി എൽ) കൈയിൽ കിട്ടാൻ സാധാരണയായി 18 മുതൽ 24 മാസം വരെ (ഒന്നര മുതൽ രണ്ട് വർഷം) സമയമെടുക്കും.ചെലവ്സത്യം പറഞ്ഞാൽ, പൈലറ്റ് പഠനം ചെലവേറിയ ഒന്നാണ്.ശരാശരി ചെലവ്: ഇന്ത്യയിലോ വിദേശത്തോ പഠിക്കാൻ ഏകദേശം 40 മുതൽ 70 ലക്ഷം രൂപ വരെ വരാം. ഇതിൽ ട്രെയിനിംഗും ലൈസൻസിംഗും ഉൾപ്പെടും.സാധാരണക്കാർക്ക് സാധിക്കുമോ? തീർച്ചയായും! ഇന്ന് ബേങ്കുകൾ പൈലറ്റ് പഠനത്തിനായി വിദ്യാഭ്യാസ ലോൺ നൽകുന്നുണ്ട്. കൂടാതെ, എയർ ഇന്ത്യ പോലുള്ള കമ്പനികൾ നടത്തുന്ന “കേഡറ്റ് പൈലറ്റ് പ്രോഗ്രാം’ വഴി പഠിച്ചാൽ ജോലി ഉറപ്പാക്കുന്നതോടൊപ്പം ലോൺ സൗകര്യങ്ങളും ലഭിക്കും. മിടുക്കരായ കുട്ടികൾക്ക് സ്‌കോളർഷിപ്പുകളും ലഭ്യമാണ്.പഠന ഘട്ടങ്ങൾസ്റ്റുഡന്റ് പൈലറ്റ് ലൈസൻസ് (എസ് പി എൽ): ആദ്യം ഒരു എൻട്രൻസ് പരീക്ഷയും ഇന്റർവ്യൂവും കഴിഞ്ഞ് ഫ്ലൈയിംഗ് ക്ലബിൽ ചേരണം.പ്രൈവറ്റ് പൈലറ്റ് ലൈസൻസ് (പി പി എൽ): വിമാനം പറത്തി നിശ്ചിത മണിക്കൂർ പൂർത്തിയാക്കുമ്പോൾ ലഭിക്കുന്നു.കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് (സി പി എൽ): ഇതിനായി 200 മണിക്കൂർ പറക്കൽ പരിചയവും ഡി ജി സി എ നടത്തുന്ന പരീക്ഷകളും വിജയിക്കണം. ഇതാണ് ജോലി ലഭിക്കാൻ വേണ്ട പ്രധാന ലൈസൻസ്.ശമ്പളവും തൊഴിൽ സാധ്യതയുംഒരു പൈലറ്റിന് ലഭിക്കുന്ന ശമ്പളം ഏതൊരാളെയും അമ്പരപ്പിക്കുന്നതാണ്. തുടക്കക്കാരനായ ഒരു ജൂനിയർ ഫസ്റ്റ് ഓഫീസർക്ക് മാസം 1.5 ലക്ഷം മുതൽ രണ്ട് ലക്ഷം രൂപ വരെ ലഭിക്കാം.സീനിയർ ക്യാപ്റ്റൻ: അനുഭവസമ്പത്ത് കൂടുന്നതിനനുസരിച്ച് മാസം അഞ്ച് മുതൽ എട്ട് ലക്ഷം രൂപ വരെ ശമ്പളം. ഇന്ത്യയിൽ ഇൻഡിഗോ, എയർ ഇന്ത്യ, സ്‌പൈസ് ജെറ്റ് തുടങ്ങിയ കമ്പനികളിലും വിദേശ എയർലൈനുകളിലും അവസരങ്ങളുണ്ട്.പൈലറ്റാകാൻ വേണ്ട യോഗ്യതകളെ മൂന്നായി തിരിക്കാം: വിദ്യാഭ്യാസം, ശാരീരികക്ഷമത, വ്യക്തിത്വ ഗുണങ്ങൾ.വിദ്യാഭ്യാസ യോഗ്യതപ്ലസ് ടു (10+2): പ്ലസ് ടു തലത്തിൽ ഫിസിക്‌സ്, മാത്തമാറ്റിക്‌സ് വിഷയങ്ങൾ പഠിച്ചിരിക്കണം. കുറഞ്ഞത് 50 ശതമാനം മാർക്ക് വേണം. പൈലറ്റാകാൻ ബിരുദം നിർബന്ധമില്ല. പ്ലസ് ടു കഴിഞ്ഞാലുടൻ പൈലറ്റ് ട്രെയിനിംഗിന് ചേരാം. എങ്കിലും ഒരു ഡിഗ്രി കൈവശമുള്ളത് ഭാവിയിൽ എയർലൈൻ ജോലികളിൽ മുൻഗണന ലഭിക്കാൻ സഹായിക്കും.ശാരീരിക യോഗ്യതപൈലറ്റ് പഠനം തുടങ്ങും മുമ്പ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി ജി സി എ) അംഗീകരിച്ച ഡോക്ടർമാരുടെ പക്കൽ നിന്ന് മെഡിക്കൽ സർട്ടിഫിക്കറ്റ് വാങ്ങണം.കാഴ്ചശക്തി: കണ്ണട വെച്ചോ അല്ലാതെയോ 6/6 കാഴ്ച ഉണ്ടായിരിക്കണം. വർണാന്ധത (Color Blindness) പാടില്ല.ക്ലാസ്സ് & ക്ലാസ്സ് മെഡിക്കൽസ്: പഠനം തുടങ്ങാൻ ക്ലാസ്സ് രണ്ട് മെഡിക്കലും, ലൈസൻസ് ലഭിക്കാൻ കൂടുതൽ കർശനമായ ക്ലാസ്സ് ഒന്ന് മെഡിക്കലും പാസ്സാകണം.പൊതുവായ ആരോഗ്യം: കേൾവിശക്തി കൃത്യമായിരിക്കണം. ഹൃദയസംബന്ധമായോ ശ്വാസകോശ സംബന്ധമായോ ഉള്ള ഗുരുതര അസുഖങ്ങൾ ഉണ്ടാകാൻ പാടില്ല. പ്ലസ് ടുവിന് സയൻസ് എടുത്തു പഠിക്കുന്ന, ശാരീരികക്ഷമതയുള്ള ഏതൊരു വിദ്യാർഥിക്കും പൈലറ്റാകാൻ അപേക്ഷിക്കാം. പ്ലസ് ടുവിൽ സയൻസ് എടുക്കാത്തവർക്ക് പിന്നീട് ഈ വിഷയങ്ങളിൽ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപൺ സ്‌കൂളിംഗ് (എൻ ഐ ഒ എസ്) വഴി പരീക്ഷ എഴുതിയും ഈ യോഗ്യത നേടാവുന്നതാണ്.വ്യക്തിത്വ ഗുണങ്ങൾഏതൊരു കരിയറിനും അതിന്റേതായ ഗുണങ്ങളും വെല്ലുവിളികളും ഉണ്ട്. പൈലറ്റ് ജോലിക്കും റിസ്‌കുകളും വെല്ലുവിളികളുമുണ്ട്. പലരും വിചാരിക്കുന്നത് പോലെ വിമാനം തകർന്നുവീഴുന്നതിനേക്കാൾ ഉപരിയായി മറ്റ് ചില പ്രായോഗികമായ വെല്ലുവിളികളാണ് ഈ കരിയറിലുള്ളത്.ഉത്തരവാദിത്വം: നൂറുകണക്കിന് യാത്രക്കാരുടെ ജീവൻ നിങ്ങളുടെ കൈകളിലാണ്. കാലാവസ്ഥ മാറുമ്പോഴോ യന്ത്രത്തകരാറുകൾ ഉണ്ടാകുമ്പോഴോ പതറാതെ പ്രവർത്തിക്കാൻ വലിയ മാനസികക്കരുത്ത് വേണം.ആരോഗ്യ പരിപാലനം: പൈലറ്റായ ശേഷം എല്ലാ വർഷവും മെഡിക്കൽ പരിശോധനകൾ ഉണ്ടാകും. അതിൽ പരാജയപ്പെട്ടാൽ ലൈസൻസ് നഷ്ടപ്പെടാൻ സാധ്യതയുണ്ട്.പൈലറ്റ് ആകുന്നതിന്റെ മെച്ചങ്ങൾഈ ജോലിയുടെ ഏറ്റവും വലിയ ആകർഷണം അത് നൽകുന്ന ജീവിതനിലവാരമാണ്. ലോകം ചുറ്റാം, ഉയർന്ന ശമ്പളം, ഓരോ ആറ് മാസം കൂടുമ്പോഴും പുതിയ കാര്യങ്ങൾ പഠിക്കാം, ഫ്രീ പാസ്സുകൾ എന്നിവയാണ് പൈലറ്റ് ആകുന്നതിലൂടെ ലഭിക്കുന്ന മെച്ചങ്ങൾ.പണം മുടക്കാനും കഠിനാധ്വാനം ചെയ്യാനും തയ്യാറാണെങ്കിൽ, ലോകം കാണാനും ആകാശത്ത് പറക്കാനും ആഗ്രഹിക്കുന്ന ഒരാൾക്ക് ഇതിലും മികച്ചൊരു കരിയർ വേറെയില്ല. റിസ്‌കുകളേക്കാൾ കൂടുതൽ ഈ ജോലി നൽകുന്ന നേട്ടങ്ങൾ തന്നെയാണ്. അത്യാധുനിക വിമാനങ്ങൾ കൈകാര്യം ചെയ്യുന്നതിലൂടെ ലഭിക്കുന്ന ആത്മവിശ്വാസവും സാങ്കേതിക വിജ്ഞാനവും വളരെ വലുതാണ്.അറിയേണ്ട കടുത്ത യാഥാർഥ്യങ്ങൾതിളങ്ങുന്ന ഈ കരിയറിന് പിന്നിൽ ചില വെല്ലുവിളികളുമുണ്ട്.പഠനച്ചെലവ്: ഒരു സാധാരണക്കാരനെ സംബന്ധിച്ച് പൈലറ്റ് പഠനത്തിനുള്ള 40 – 70 ലക്ഷം രൂപ കണ്ടെത്തുക എന്നത് വലിയൊരു കടമ്പയാണ്. ലോണുകളെ ആശ്രയിക്കേണ്ടി വരുന്നത് വലിയ ബാധ്യതയായേക്കാം.സ്ഥിരതയില്ലാത്ത സമയം: രാവിലെ മൂന്നിന് എഴുന്നേറ്റ് വിമാനം പറത്തേണ്ടി വരാം, അല്ലെങ്കിൽ രാത്രി മുഴുവൻ ഉറക്കമിളക്കേണ്ടി വരാം. ഇത് ശരീരത്തിന്റെ “ബയോളജിക്കൽ ക്ലോക്കിനെ’ ബാധിക്കുകയും ക്ഷീണം ഉണ്ടാക്കുകയും ചെയ്യും.ആരോഗ്യ പരിശോധനകൾ: കരിയറിൽ ഉടനീളം മെഡിക്കൽ ഫിറ്റ്‌നസ് നിലനിർത്തണം. ചെറിയൊരു കാഴ്ചക്കുറവോ കേൾവിക്കുറവോ വന്നാൽ പോലും ലൈസൻസ് റദ്ദാക്കപ്പെട്ടേക്കാം.കുടുംബത്തിൽ നിന്നുള്ള അകലം: വിശേഷ ദിവസങ്ങളിലും ഉത്സവങ്ങൾക്കും പലപ്പോഴും ജോലിയുടെ ഭാഗമായി വിദേശത്തോ മറ്റോ ആയിരിക്കും. കുടുംബത്തോടൊപ്പം ചെലവഴിക്കാൻ കിട്ടുന്ന സമയം കുറവായിരിക്കും.കഠിനാധ്വാനം ചെയ്യാനുള്ള മനസ്സും വെല്ലുവിളികളെ നേരിടാനുള്ള ധൈര്യവും ഉണ്ടെങ്കിൽ പൈലറ്റ് കരിയർ നിങ്ങൾക്ക് നൽകുന്നത് രാജകീയ ജീവിതമാണ്. പണച്ചെലവും സമയക്രമവും ഒരു വെല്ലുവിളിയാണെങ്കിലും, ആകാശത്ത് പറക്കുമ്പോൾ കിട്ടുന്ന സന്തോഷം അതിനെയെല്ലാം മറികടക്കാൻ സഹായിക്കും.പരിശീലന കേന്ദ്രങ്ങൾഇന്ത്യയിലെ ഏറ്റവും പ്രശസ്ത പൈലറ്റ് പരിശീലന കേന്ദ്രം കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് കീഴിലുള്ള ഇന്ദിരാഗാന്ധി രാഷ്ട്രീയ ഉറാൻ അക്കാദമി (ഐ ജി ആർ യു എ) ആണ്. ഉത്തർപ്രദേശിലെ അമേഠിയിലാണ് സ്ഥാപനം സ്ഥിതി ചെയ്യുന്നത്. പ്രവേശന പരീക്ഷയിലൂടെയാണ് സെലക്‌ഷൻ. വിവരങ്ങൾക്ക് സന്ദർശിക്കൂ.കേരളത്തിൽ തിരുവനന്തപുരത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം (ചാക്ക) സംസ്ഥാന സർക്കാറിന് കീഴിൽ പ്രവർത്തിക്കുന്ന ഏവിയേഷൻ അക്കാദമി യാണ് രാജീവ് ഗാന്ധി അക്കാദമി ഫോർ ഏവിയേഷൻടെക്‌നോളജികൊമേഴ്‌സ്യൽ പൈലറ്റ് ലൈസൻസ് (സി പി എൽ), പ്രൈവറ്റ് പൈലറ്റ് ലൈസൻസ് (പി പി എൽ) എന്നിവക്ക് ഇവിടെ പരിശീലനം നൽകുന്നു. വെബ്‌സൈറ്റ്: rajivgandhiacademyforaviationtechnology.kerala.gov.inഇവ കൂടാതെയും നിരവധി സ്ഥാപനങ്ങൾ രാജ്യമെമ്പാടും പ്രവർത്തിച്ചു വരുന്നു. നിലവിൽ ഇന്ത്യയിൽ ഡി ജി സി എ (Directorate General of Civil Aviation) അംഗീകരിച്ച മുപ്പതിലധികം ഫ്ലൈയിംഗ് സ്‌കൂളുകളുണ്ട്. ഇതിൽ ഭൂരിഭാഗവും സ്വകാര്യ മേഖലയിലാണ്. ഇവയുടെ അംഗീകാരവും പ്ലേസ്‌മെന്റ് റെക്കോഡും സമയാസമയങ്ങളിൽ പഠനത്തിന് ചേരുന്നവർ തന്നെ ഉറപ്പ് വരുത്തുക.