കല്‍പ്പറ്റ | വീട് വച്ചുതരാമെന്ന് വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ്സ് നേതൃത്വം വഞ്ചിച്ചതായി ആരോപിച്ച് പോലീസിന് ദുരന്തബാധിതന്റെ പരാതി. വയനാട് മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതനായ ജിജീഷാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫിനുമെതിരെ മേപ്പാടി പോലീസില്‍ പരാതി നല്‍കിയത്. കെ പി സി സി മുന്‍ പ്രസിഡന്റ് കെ സുധാകരന്‍, കോണ്‍ഗ്രസ്സിന് വേണ്ടി ആപ്പ് തയ്യാറാക്കിയ അസ്ഹറിനുമെതിരെയും നടപടി വേണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.വീട് വച്ച് നല്‍കുമെന്ന് കോണ്‍ഗ്രസ്സ് നേതാക്കള്‍ പല തവണ പറഞ്ഞ് വിശ്വസിപ്പിച്ചതിനാല്‍ സര്‍ക്കാരിന്റെ വീട് വേണ്ടെന്ന് അറിയിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ കോണ്‍ഗ്രസ്സ് പണപ്പിരിവ് നടത്തിയ ആപ്പ് പോലും കാണാനില്ലാത്ത് സ്ഥിതിയാണ്.കടലാസില്‍ എഴുതിയാണ് സണ്ണി ജോസഫ് പിരിച്ച കണക്ക് പ്രദര്‍ശിപ്പിച്ചത്. കൃത്യമായ രേഖകള്‍ കാണിക്കാതെയും യഥാര്‍ഥ തുക വെളിപ്പെടുത്താതെയും വയനാട് ദുരന്ത ബാധിതരെ കോണ്‍ഗ്രസ്സ് വഞ്ചിക്കുകയായിരുന്നുവെന്നും പരാതിയില്‍ ആരോപിച്ചിട്ടുണ്ട്.