റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ചൊവ്വാഴ്ച വരെ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.മക്ക, റിയാദ്, അസീർ, ജിസാൻ, നജ്‌റാൻ, അൽ ബഹ, കിഴക്കൻ പ്രവിശ്യ, ഖസീം, വടക്കൻ അതിർത്തി മേഖലകൾ എന്നിവിടങ്ങളിലാണ് മഴ മുന്നറിയിപ്പുള്ളത്.മക്ക പ്രവിശ്യയിലെ തർബ, അൽ മോയ, അൽ ഖുർമ, രന്യ, ത്വായിഫ്, മെയ്‌സാൻ, അദാം, അൽ അർദിയാത്ത് എന്നിവിടങ്ങളിൽ ശക്തമായ മഴയ്ക്കും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ട്. ഇത് പലയിടങ്ങളിലും മലവെള്ളപ്പാച്ചിലിന് കാരണമായേക്കാം.ശക്തമായ കാറ്റ് മൂലം പൊടി ഉയരാനും കാഴ്ചാപരിധി കുറയാനും സാധ്യതയുണ്ട്. മക്ക നഗരം, അൽ ലൈത്ത്, അൽ ഖുൻഫുദ, അൽ ജുമും, ബഹ്‌റ, അൽ കാമിൽ എന്നിവിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ട്.തലസ്ഥാനമായ റിയാദ് ഉൾപ്പെടെയുള്ള മേഖലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. വാദി അൽ ദവാസിർ, അൽ സുലൈയിൽ, അൽ അഫ്‌ലാജ്, റിയാദ് സിറ്റി, അൽ ദിലം, അൽ മുസാഹ്‌മിയ, ദുർമ, ഖിദ്ദിയ, ദിരിയ, ഹുത ബനി തമീം, അൽ ഖർജ്, അഫീഫ് തുടങ്ങി ഒട്ടുമിക്ക ഭാഗങ്ങളിലും കാലാവസ്ഥാ വ്യതിയാനം പ്രകടമാകും. സുൽഫി, മജ്മഅ, ഷഖ്‌റ തുടങ്ങിയ സ്ഥലങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ട്.അസീർ, ജിസാൻ, നജ്‌റാൻ, അൽ ബഹ, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലും മിതമായതോ ശക്തമായതോ ആയ മഴ ലഭിക്കും. ഖസീം, വടക്കൻ അതിർത്തികൾ, മദീന എന്നിവിടങ്ങളിൽ നേരിയ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.മഴയെത്തുടർന്ന് മലവെള്ളപ്പാച്ചിലുണ്ടാകാൻ സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിൽ നിന്നും വാദികളിൽ നിന്നും ജനങ്ങൾ മാറിനിൽക്കണമെന്ന് സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് കർശന നിർദ്ദേശം നൽകി. വെള്ളക്കെട്ടുകളിൽ നീന്താൻ ശ്രമിക്കരുത്.ഔദ്യോഗിക വാർത്താ വെബ്‌സൈറ്റുകൾ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ, ‘അൻവ’ ആപ്പ് എന്നിവയിലൂടെ കാലാവസ്ഥാ വിവരങ്ങൾ കൃത്യമായി നിരീക്ഷിക്കണമെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചു. സംശയങ്ങൾക്കും അടിയന്തര സഹായങ്ങൾക്കും ഔദ്യോഗിക നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.The post സൗദിയിലെ ഈ 9 മേഖലകളിൽ ചൊവ്വാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത; റിയാദും മക്കയും ഉൾപ്പെടെയുള്ള പ്രവിശ്യകളിൽ ജാഗ്രതാ നിർദ്ദേശം appeared first on Arabian Malayali.