പശ്ചിമേഷ്യൻ സംഘർഷത്തിന് അറുതി വരുത്താൻ പാകിസ്ഥാന്റെ മധ്യസ്ഥതയിൽ നടന്ന അമേരിക്ക-ഇറാൻ ചർച്ചകൾക്കൊടുവിൽ അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ഇസ്‌ലാമാബാദിൽ നിന്ന് മടങ്ങിയതോടെ മേഖലയിലെ സമാധാന പ്രതീക്ഷകൾക്ക് വീണ്ടും മങ്ങലേറ്റു. സുപ്രധാന വിഷയങ്ങളിൽ ഇരുരാജ്യങ്ങളും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതെ 21 മണിക്കൂർ നീണ്ട മാരത്തോൺ ചർച്ച പരാജയപ്പെടാൻ പ്രധാനമായി പറയപ്പെടുന്ന കാരണങ്ങൾ ഇവയാണ്1. ആണവപദ്ധതിയിലെ കടുത്ത നിബന്ധനകൾഇറാൻ ആണവായുധങ്ങൾ നിർമ്മിക്കില്ലെന്ന ഉറപ്പും അതിന് സഹായിക്കുന്ന സാങ്കേതിക വിദ്യകൾ ഉപേക്ഷിക്കണമെന്ന അമേരിക്കയുടെ കർശന നിബന്ധനയുമാണ് ചർച്ച തകരാൻ പ്രധാന കാരണമായതെന്ന് ജെ.ഡി. വാൻസ് വ്യക്തമാക്കി. എന്നാൽ, സമാധാനപരമായ ആവശ്യങ്ങൾക്കുള്ള ആണവോർജ്ജം തങ്ങളുടെ അവകാശമാണെന്നും അമേരിക്കയുടെ ആവശ്യങ്ങൾ അമിതമാണെന്നുമാണ് ഇറാന്റെ നിലപാട്.2. ഹോർമുസ് കടലിടുക്കും അന്താരാഷ്ട്ര വ്യാപാരവുംലോകത്തെ ഊർജ്ജ വിതരണത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിലെ നിയന്ത്രണം സംബന്ധിച്ച തർക്കം പരിഹരിക്കാനായില്ല. കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം സ്വതന്ത്രമാക്കണമെന്ന് ട്രംപ് ഭരണകൂടം ആവശ്യപ്പെടുമ്പോൾ, കടലിടുക്കിന്റെ നിയന്ത്രണവും അവിടെ നിന്നുള്ള ട്രാൻസിറ്റ് ഫീസും വേണമെന്ന നിലപാടിൽ ഇറാൻ ഉറച്ചുനിന്നു. 3. മരവിപ്പിച്ച ആസ്തികളും യുദ്ധനഷ്ടപരിഹാരവുംഖത്തറിലും മറ്റ് വിദേശ ബാങ്കുകളിലുമുള്ള ഇറാന്റെ മരവിപ്പിച്ച ആസ്തികൾ വിട്ടുനൽകാൻ അമേരിക്ക സമ്മതിച്ചതായി ഇറാൻ വൃത്തങ്ങൾ അവകാശപ്പെട്ടെങ്കിലും വാഷിംഗ്ടൺ ഇത് നിഷേധിച്ചു. ഇതിനുപുറമെ, യുദ്ധം വരുത്തിവെച്ച നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം വേണമെന്ന ഇറാന്റെ ആവശ്യവും അമേരിക്ക അംഗീകരിച്ചില്ല.4. ഇസ്രായേലിന്റെ ഇടപെടലും ലെബനൻ വിഷയവുംഇറാനുമായുള്ള വെടിനിർത്തൽ ചർച്ചകളുടെ ഭാഗമല്ല ലെബനനിലെ സൈനിക നടപടികളെന്ന ഇസ്രായേലിന്റെ നിലപാട് ചർച്ചകളെ സങ്കീർണ്ണമാക്കി. മേഖലയിലാകെ (ലെബനൻ ഉൾപ്പെടെ) വെടിനിർത്തൽ വേണമെന്ന് ഇറാൻ ആവശ്യപ്പെട്ടപ്പോൾ, ഇസ്രായേലിന്റെ ആക്രമണങ്ങളെ ഇതിൽ ഉൾപ്പെടുത്താൻ അമേരിക്ക തയ്യാറായില്ല.യുദ്ധത്തിൽ കൊല്ലപ്പെട്ട മുൻ പരമോന്നത നേതാവ് അലി ഖൊമേനിയോടുള്ള ആദരസൂചകമായി കറുത്ത വസ്ത്രം ധരിച്ചാണ് ഇറാൻ പ്രതിനിധികൾ ചർച്ചയ്ക്കെത്തിയത്. ഫെബ്രുവരി 28-ന് അമേരിക്കൻ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട സ്കൂൾ കുട്ടികളുടെ ബാഗുകളും ഷൂസുകളും അവർ ചർച്ചാ വേദിയിലെത്തിച്ചത് അന്തരീക്ഷം കൂടുതൽ വൈകാരികമാക്കി.The post ഇറാൻ-അമേരിക്ക ചർച്ച പരാജയപ്പെടാൻ കാരണമെന്ത്? appeared first on Arabian Malayali.