കണ്ണൂര്‍ | അഞ്ചരക്കണ്ടി ദന്തല്‍ കോളജില്‍ മരണപ്പെട്ട ഒന്നാം വര്‍ഷ വിദ്യാര്‍ഥി നിതിന്‍ രാജിന്റെ ശബ്ദ സന്ദേശം പുറത്ത്. അധ്യാപകര്‍ അധിക്ഷേപിച്ചതിനെ കുറിച്ച് നിതിന്‍ രാജ് സഹപാഠികളോട് വെളിപ്പെടുത്തുന്ന ഓഡിയോ സന്ദേശമാണ് പുറത്തായത്. കൈയും കാലും വെട്ടുമെന്ന് അധ്യാപകന്‍ ഭീഷണിപ്പെടുത്തിയെന്ന് സന്ദേശത്തില്‍ പറയുന്നു. സ്റ്റാഫ് റൂം കൂട്ടമായി ആക്രമിക്കുന്ന സ്ഥലമാണ്. മാതാവിന്റെ സര്‍ജറിയുമായി ബന്ധപ്പെട്ട് കളിയാക്കി സംസാരിച്ചെന്നും സന്ദേശത്തിലുണ്ട്.നിതിന്റെ മരണത്തില്‍ സംശയമുണ്ടെന്ന് സഹോദരി പറഞ്ഞു. അധ്യാപകന്‍ റാമിനെതിരെ അവര്‍ ഗുരുതര ആരോപണം ഉന്നയിച്ചു. റാം നിതിനെ നിരന്തരം അധിക്ഷേപിക്കാറുണ്ടായിരുന്നു. മോശം വാക്കുകള്‍ വിളിച്ചിരുന്നു. ജാതിയുടെയും നിറത്തിന്റെയും പേരില്‍ അധിക്ഷേപിക്കുമായിരുന്നു. നിതിനെ കിളിയാക്കുന്നത് കേട്ട് കുട്ടികള്‍ ചിരിച്ചില്ലെങ്കില്‍ അവരെയും അധ്യാപകന്‍ അടിച്ചിരുന്നുവെന്നും സഹോദരി പറഞ്ഞു.വിദ്യാര്‍ഥിക്കെതിരായ ജാത്യാധിക്ഷേപത്തില്‍ സമഗ്രാന്വേഷണമാണ് കുടുംബം ആവശ്യപ്പെടുന്നത്.