ന്യൂഡല്‍ഹി | ഇറാനിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് അവിടെയുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്കായി ഇന്ത്യന്‍ എംബസി അടിയന്തര ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. അടുത്ത 48 മണിക്കൂര്‍ നേരത്തേക്ക് ഇന്ത്യക്കാര്‍ നിലവിലുള്ള സ്ഥലങ്ങളില്‍ തന്നെ തുടരണമെന്ന് നിര്‍ദ്ദേശത്തില്‍ പറയുന്നു.വീടിനുള്ളില്‍ തന്നെ തുടരുണമെന്നും അടുത്ത 48 മണിക്കൂര്‍ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. സൈനിക കേന്ദ്രങ്ങള്‍, വൈദ്യുത നിലയങ്ങള്‍ എന്നിവയുടെ പരിസരത്ത് പോകരുത്. ബഹുനില കെട്ടിടങ്ങളുടെ മുകളിലത്തെ നിലകളില്‍ താമസിക്കുന്നത് ഒഴിവാക്കണമെന്ന് നിര്‍ദ്ദേശമുണ്ട്.എംബസി ഏര്‍പ്പാടാക്കിയ ഹോട്ടലുകളില്‍ താമസിക്കുന്നവര്‍ അവിടെത്തന്നെ തുടരുകയും എംബസി ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെടുകയും വേണമെന്നും മുന്നറിയിപ്പുണ്ട്.ഇറാനെതിരെ കടുത്ത മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയിരുന്നു. ‘ഇന്നുരാത്രി ഒരു നാഗരികത തന്നെ ഇല്ലാതാകും’ എന്നാണ് ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചത്. ഒരു നാഗരികത മുഴുവന്‍ ഇന്നുരാത്രി മരിക്കും, അത് ഒരിക്കലും തിരിച്ചുവരില്ല. അങ്ങനെ സംഭവിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല, പക്ഷേ മിക്കവാറും അത് സംഭവിക്കും- ട്രംപ് കുറിച്ചു.