മനാമ: ബഹ്റൈന്‍ രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയും യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും തമ്മില്‍ ഔദ്യോഗിക ചര്‍ച്ചകള്‍ നടത്തി. ബഹ്റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയല്‍ ഹൈനസ് പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച.ചര്‍ച്ചാവേളയില്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദിനെ സ്വാഗതം ചെയ്ത ഹമദ് രാജാവ്, ബഹ്റൈനും യുഎഇയും തമ്മിലുള്ള അഗാധമായ സാഹോദര്യബന്ധത്തെ എടുത്തുപറഞ്ഞു. പതിറ്റാണ്ടുകളായുള്ള ആത്മാര്‍ത്ഥമായ സഹകരണത്തിലൂടെ കരുത്താര്‍ജ്ജിച്ച ഈ ബന്ധം അറബ് രാജ്യങ്ങള്‍ക്കിടയിലെ ഐക്യത്തിന് ഒരു മാതൃകയായി മാറിയിരിക്കുന്നു. സഖ്യകക്ഷികള്‍ക്കൊപ്പം എന്നും ഉറച്ചുനില്‍ക്കുന്ന വിശ്വസ്ത പങ്കാളിയാണ് യുഎഇ എന്ന് പ്രശംസിച്ച രാജാവ്, ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദിന്റെ സുസ്ഥിരവും വ്യക്തവുമായ നേതൃത്വത്തെയും അഭിനന്ദിച്ചു.നിലവിലെ പ്രാദേശിക വെല്ലുവിളികള്‍ക്കിടയില്‍ യുഎഇ പുലര്‍ത്തുന്ന ഉറച്ച നിലപാടുകള്‍ ഉത്തരവാദിത്തബോധത്തിന്റെ അടയാളമാണെന്ന് ഹിസ് മജസ്റ്റി ഊന്നിപ്പറഞ്ഞു. വിവിധ വെല്ലുവിളികളെ ആത്മവിശ്വാസത്തോടെയും കാര്യക്ഷമമായും നേരിടാന്‍ ബഹ്റൈനെ സഹായിക്കുന്ന യുഎഇയുടെ തുടര്‍ച്ചയായ പിന്തുണയ്ക്ക് അദ്ദേഹം നന്ദി അറിയിച്ചു.ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ചരിത്രപരമായ ബന്ധങ്ങള്‍ക്കും അപ്പുറം കൂടുതല്‍ സുസ്ഥിരമായ ഒരു പങ്കാളിത്ത കാഴ്ചപ്പാടിലേക്ക് വ്യാപിച്ചിരിക്കുകയാണെന്ന് രാജാവ് കൂട്ടിച്ചേര്‍ത്തു. സ്ഥാപക നേതാക്കള്‍ പകര്‍ന്നുനല്‍കിയ വിശ്വസ്തതയുടെയും ഐക്യദാര്‍ഢ്യത്തിന്റെയും പാത പിന്തുടര്‍ന്ന്, ഇരു ജനതകളുടെയും അഭിലാഷങ്ങള്‍ക്കനുസരിച്ച് ഈ സവിശേഷമായ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.The post ‘ഐക്യത്തിന്റെ മാതൃക’; ബഹ്റൈന് രാജാവും യുഎഇ പ്രസിഡന്റും കൂടിക്കാഴ്ച നടത്തി appeared first on Bahrain Vartha ബഹ്റൈൻ വാർത്ത.