കുവൈത്തില്‍ കുടുങ്ങിയ ശ്വേതയുടെ വിസ റദ്ദാക്കല്‍ നടപടി വേഗത്തിലാക്കണം; ഇന്ത്യന്‍ അംബാസഡര്‍ക്ക് കത്തയച്ച് ജോണ്‍ ബ്രിട്ടാസ് എം പി

Wait 5 sec.

ന്യൂഡല്‍ഹി | വിവാഹം നിശ്ചയിച്ചിരിക്കേ, കുവൈത്തില്‍ കുടുങ്ങിയ മലയാളി യുവതി ശ്വേത മധുവിന്റെ വിസ റദ്ദാക്കല്‍ നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് ജോണ്‍ ബ്രിട്ടാസ് എം പി. ഈ ആവശ്യമുന്നയിച്ച് കുവൈത്തിലെ ഇന്ത്യന്‍ അംബാസഡര്‍ക്ക് അദ്ദേഹം കത്തയച്ചു. വിഷയത്തിന്റെ ഗൗരവം പരിഗണിച്ച് കുവൈത്ത് എയര്‍വേയ്സ് അധികൃതരുമായും ഇമിഗ്രേഷന്‍ വിഭാഗവുമായും അടിയന്തരമായി ബന്ധപ്പെട്ട് ക്ലിയറന്‍സ് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഇടപെടണം. ശ്വേതക്ക് നാട്ടിലെത്താന്‍ ആവശ്യമായ സഹായങ്ങള്‍ എംബസി ഉറപ്പാക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.ഈ മാസം 18നാണ്, കുവൈത്ത് എയര്‍വേയ്സില്‍ ഉദ്യോഗസ്ഥയായ ശ്വേതയുടെ വിവാഹം നിശ്ചയിച്ചിരിക്കുന്നത്. വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ 16ന് ആരംഭിക്കും.ഫെബ്രുവരിയിലാണ് ശ്വേത ജോലിയില്‍ പ്രവേശിച്ചത്. വിവാഹത്തിനായി അവധിക്ക് അപേക്ഷിച്ചിരുന്നെങ്കിലും അധികൃതര്‍ അനുവദിക്കാതെ വന്നതോടെ മാര്‍ച്ച് നാലിന് ജോലി രാജിവെച്ചു. എന്നാല്‍, കമ്പനിയിലെ ആഭ്യന്തര ക്ലിയറന്‍സ് നടപടികള്‍ വൈകുന്നതിനാല്‍ വിസ റദ്ദാക്കി നാട്ടിലേക്ക് മടങ്ങാനുള്ള എക്‌സിറ്റ് പെര്‍മിറ്റ് ശ്വേതക്ക് ലഭിച്ചിട്ടില്ല.