നമ്മളെ ചേർത്തുപിടിക്കുന്നവരെയല്ലേ നമ്മൾ സ്നേഹിക്കേണ്ടത്? കാണണമെന്ന് തോന്നി, അങ്ങനെ പോയതാണ്… ആരും നിർബന്ധിച്ചിട്ട് പോയതല്ല… കണ്ണീരടക്കാനാവാതെ അവർ പറഞ്ഞുനിർത്തി. ചാനൽമുറിയിലെ അട്ടഹാസങ്ങൾ തകർത്തത് അവരുടെ ഹൃദയം മാത്രമായിരുന്നില്ല, മറിച്ച് വയനാട്ടിലെ ഉരുൾ പിടിച്ചുലച്ച ഒട്ടേറെ മനുഷ്യരുടേത് കൂടിയാണ്. വയനാട് ദുരന്തബാധിതരെ അപമാനിച്ച മാധ്യമ പ്രവർത്തക മാപ്പ് പറയണമെന്ന ആവശ്യം സോഷ്യൽ മീഡിയയിൽ ശക്തമാകുന്നുണ്ട്. എന്താണ് ആ മാധ്യമ പ്രവർത്തക പറഞ്ഞത്?ആർത്തിരമ്പിയെത്തിയ ഉരുളെടുത്ത മൂന്ന് കുഞ്ഞുങ്ങളുടെ അമ്മയുടെ കണ്ണീരിനെ ചാനൽച്ചർച്ചയിൽ ആവേശം മൂത്ത് നാടകം എന്ന് വിളിക്കാൻ ആ മുതിർന്ന മാധ്യമപ്രവർത്തകയ്ക്ക് ഒരു മടിയും ഉണ്ടായില്ല. രാഷ്ട്രീയാന്ധതയിൽ മാധ്യമ പ്രവർത്തകയാണെന്ന ബോധ്യത്തെ പോലും മറന്നുകൊണ്ടുള്ള ആക്രോശം. നിഷ്പക്ഷതയുടെ മുഖം മൂടിയണിഞ്ഞ മാധ്യമപ്രവർത്തകർ എന്ന് മുതലാണ് പരസ്യമായി രാഷ്ട്രീയക്കാരുടെ നാവായി മാറിത്തുടങ്ങിയത്?തെരഞ്ഞെടുപ്പ് പ്രചാരണസമയത്ത് മുഖ്യമന്ത്രി പിണറായി വിജയനെയും റെവന്യുമന്ത്രി കെ രാജനെയും കാണാൻ മുണ്ടക്കൈയിൽനിന്നും 13 അംഗ സംഘം എത്തിയിരുന്നു. തങ്ങളെ തളരാതെ താങ്ങിനിർത്തിയ സംസ്ഥാന സർക്കാരിനോടുള്ള സ്നേഹവും നന്ദിയും അറിയിക്കാനായിരുന്നു അവരെത്തിയത്. ആ മനുഷ്യരെയാണ് മാധ്യമ പ്രവർത്തക ഇങ്ങനെ അധിക്ഷേപിച്ചത്. 13 പേരെയും പ്ലാൻ ചെയ്ത് കൊണ്ടുവന്നതാണെന്നടക്കം അവർ പറഞ്ഞുകഴിഞ്ഞു. ദുരന്തബാധിതരെ അപമാനിക്കരുതെന്ന് ചർച്ചയിൽ പങ്കെടുത്ത സഹപ്രവർത്തകൻ പറഞ്ഞിട്ടും അവരത് തുടർന്നു.ഞങ്ങളെക്കുറിച്ച് ഓരോ വേണ്ടാതീനങ്ങൾ ചാനലിലൂടെ പറയുന്നത് കേൾക്കുമ്പോൾ വലിയ വിഷമമുണ്ടെന്ന് ആ ദുരന്തബാധിതർ പറയുന്നത് ഇന്ന് ഓരോ മലയാളിയുടെയും നെഞ്ചുലയ്ക്കുന്നുണ്ട്. ദുരന്തത്തിൽ തന്റെ മൂന്ന് മക്കളെയും നഷ്ടപ്പെട്ട സയനയും ഭർത്താവും വിതുമ്പുന്നതും ആ മാധ്യമ പ്രവർത്തകയ്ക്ക് നാടകമായാകും തോന്നുക.ALSO READ: ബിന്ദു വിനയകുമാറിനെതിരായ ഭീഷണി; ബിജെപിയിൽ കല്ലുകടി ? ശോഭാ സുരേന്ദ്രനോട് അതൃപ്തി പ്രകടിപ്പിച്ച് പാർട്ടിവയനാട്ടിൽ സർവതും നഷ്ടപ്പെട്ട മനുഷ്യരെ പറഞ്ഞുപറ്റിച്ച, അവരുടെ പേരിൽ പണപ്പിരിവ് നടത്തി പണം സ്വന്തം കീശയിലാക്കിയ യുഡിഎഫ് ശവംതൂക്കികളെ ന്യായീകരിക്കാനായിരുന്നു ആ മാധ്യമ പ്രവർത്തകയ്ക്ക് എന്നും താത്പര്യം. നല്ലതുതന്നെ, അത് തുടർന്നോളൂ. പക്ഷേ അതിനുവേണ്ടി പാവം മനുഷ്യരെ അപമാനിക്കുന്നത് നല്ലതല്ല. സർക്കാർ ചെയ്ത സാധാരണക്കാരന്റെ ജീവിതത്തെ സ്പർശിക്കുന്ന വികസനത്തെയും ക്ഷേമപെൻഷനെയുമടക്കം ഇതേ മാധ്യമ പ്രവർത്തക പുച്ഛത്തോടെ പരാമർശിക്കുന്നത് നേരത്തെ വിവാദമായിരുന്നു. എന്നാൽ ഇപ്പോഴത്തേത് എല്ലാ സീമകളും ലംഘിച്ചുവെന്നാണ് ജനങ്ങൾ പറയുന്നത്.വയനാട് ദുരന്തത്തിൽ ബാക്കിയായവർ ഇന്നും ഉറ്റവരെയും അന്നോളം സമ്പാദിച്ചതൊക്കെയും നഷ്ടമായ വേദനയിൽ കഴിയുന്നവരാണ്. അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന സർക്കാരാണ് ഇടതുപക്ഷ സർക്കാർ. അവർക്കായുള്ള ടൗൺഷിപ്പ് വയനാടിന്റെ ഹൃദയഭാഗത്ത് ഉയരുകയാണ്. ടൗൺഷിപ്പ് ഉദ്ഘാടനത്തിൽ കണ്ണീരോടെ താക്കോൽ ഏറ്റുവാങ്ങിയവരുടെ കാഴ്ച നമുക്ക് മുന്നിലുണ്ട്. മന്ത്രി കെ രാജനെ വാരുപ്പുണരാനും കൈകൊടുക്കാനും വെമ്പിയ മനുഷ്യരുമേറെ. അതെല്ലാം നാടകമാണെന്നും പിആർ സ്റ്റണ്ടാണെന്നും പറയാൻ കഴിയുന്നത് എങ്ങനെയാണ്!തെരഞ്ഞെടുപ്പ് സമയത്ത് 13 പേരെ കൊണ്ടുവന്ന് സർക്കാർ നാടകം കളിച്ചു” എന്നും “തെരഞ്ഞെടുപ്പിൽ വയനാട് ചർച്ചയായോ എന്ന് റിസൾട്ട് വരുമ്പോൾ അറിയാമെന്നൊക്കെ മനുഷ്യത്വരഹിതമായി പറയാൻ കഴിയുന്നത് എങ്ങനെയാണ്! സാധാരണ മനുഷ്യർക്കും ആത്മാഭിമാനമുണ്ടെന്ന് അറിയാഞ്ഞിട്ടാണോ? ഏതായാലും മാധ്യമ പ്രവർത്തകയ്ക്കെതിരെ സമൂഹ മാധ്യമങ്ങളിൽ രൂക്ഷ വിമർശനമാണ് ഉയരുന്നത്.ALSO READ: ‘ഭീഷണിയുടെ സ്വരം വില പോകില്ല, വിമർശനം മാന്യമായ ഭാഷയിലാവണം’; പി.സി ജോർജിന് എതിരെ രൂക്ഷ വിമർശനവുമായി പാലാ ബിഷപ്പ്മരിച്ചുവീണവരുടെ ആത്മാവിനെയെങ്കിലും അപമാനിക്കാതിരിക്കുക. ഇനിയെങ്കിലും മനുഷ്യത്വം എന്ന വാക്കിന്റെ അർത്ഥം ഒന്ന് പഠിക്കാൻ ശ്രമിക്കണം. മാധ്യമപ്രവർത്തകർക്ക് മാത്രമല്ല ഏതൊരാൾക്കും ആ മാധ്യമപ്രവർത്തകയിൽ നിന്നും ഒരുപാട് പഠിക്കാൻ ഉണ്ട്, ഒരു മനുഷ്യൻ എങ്ങനെ ആവാൻ പാടില്ല എന്ന പാഠം, ദുരന്തബാധിതരെ അപമാനിച്ച മാധ്യമ പ്രവർത്തക മാപ്പ് പറയണം.. നിങ്ങൾക് എങ്ങനെ സാധിക്കുന്നു ഇങ്ങനെ കണ്ണിൽ ചോരയില്ലാതെ സംസാരിക്കാൻ, ദുരന്ത ബാധിതരാണ്…എല്ലാം നഷ്ടപ്പെട്ടുപോയവരാണ്… വല്ലാത്ത വേദന അനുഭവിക്കുന്നവരാണ്… അവർക്കെതിരായി പറയാൻ, ആക്ഷേപിക്കാൻ മനുഷ്യപ്പറ്റില്ലാത്തവർക്കെ സാധിക്കുകയുള്ളു.. എന്നിങ്ങനെ പോകുന്നു കമന്റുകൾ.ദുരന്തബാധിതർക്കെതിരായ അധിക്ഷേപത്തിൽ മാധ്യമപ്രവർത്തകയോ ചാനലോ ഇതുവരെ പ്രതികരിച്ചിട്ടില്ല. വയനാട്ടിലെ മനുഷ്യരെ അധിക്ഷേപിച്ച അവർ മാപ്പ് പറയണമെന്ന ആവശ്യം ശക്തമാണ്. മാപ്പ് പറയുന്നതും പറയാത്തതും അവരുടെ മനസിന്റെയും മനുഷ്യത്വത്തിന്റെയും വലുപ്പമനുസരിച്ചിരിക്കും. എന്നിരുന്നാലും ഇത്തരം ആക്രോശങ്ങളെ, അജണ്ടകളെ കേരളം വെച്ചുപൊറുപ്പിക്കില്ലെന്ന് മാത്രം പറഞ്ഞുവയ്ക്കുകയാണ്. കോൺഗ്രസിനെ വെള്ളപൂശാൻ, അവരുടെ കൊള്ളയെ മറച്ചുപിടിക്കാൻ സർക്കാരിനെ ആക്രമിക്കുകയാണ് ലക്ഷ്യമെങ്കിൽ അതിന് ദുരന്തബാധിതരെ കരുവാക്കാൻ ശ്രമിക്കേണ്ട. എല്ലാം നഷ്ടപ്പെട്ട മനുഷ്യരെ ഇനിയും അധിക്ഷേപിക്കാൻ കേരളം അനുവദിക്കില്ല.The post ഈ അധിക്ഷേപം കേരളം അംഗീകരിക്കില്ല, ആ കണ്ണീര് കേരളം മറക്കില്ല; വയനാട് ദുരന്തബാധിതരെ അപമാനിച്ച മാധ്യമപ്രവർത്തക മാപ്പ് പറയണമെന്ന ആവശ്യം ശക്തം appeared first on Kairali News | Kairali News Live.